go

കൈക്കൂലി: പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് 4 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Ernakulam News
SHARE

മൂവാറ്റുപുഴ∙ കൈക്കൂലി കേസിൽ ഒക്കൽ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി 4 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. പ്ലാസ്റ്റിക് കമ്പനിക്ക് ലൈസൻസ് പുതുക്കാൻ 50000രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലൻപാറ വറുവിലാൽ വീട്ടിൽ ഷറഫുദ്ദീനെയാണ് ശിക്ഷിച്ചത്. 2010 ഏപ്രിൽ 19ന് ആണ് ഷറഫുദ്ദീനെ കൈക്കൂലി കേസിൽ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ചേലാമറ്റം ചിറപ്പുള്ളിൽ സുധീറിന്റെ ഉടമസ്ഥതയിലുളള ക്രിയേറ്റീവ് പ്ലാസ്റ്റിക് കമ്പനിയുടെ ലൈസൻസ് പുതുക്കുന്നതിനാണ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഷറഫുദ്ദീൻ കൈക്കൂലി ആവശ്യപ്പെട്ടത്.

പുതിയ കമ്പനി തുടങ്ങുന്നതിനാവശ്യമായ ചെലവിന്റെ പകുതി തുകയായ 50000 രൂപ നൽകിയാലേ ലൈസൻസ് പുതുക്കി നൽകു എന്ന് ഷറഫുദ്ദീൻ വ്യക്തമാക്കി. സെക്രട്ടറിയുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ കമ്പനി ഉടമ പരാതി നൽകി. തുടർന്ന് വിജിലൻസ് സംഘം നൽകിയ 50000രൂപയുടെ നോട്ടുകൾ പഞ്ചായത്ത് സെക്രട്ടറി വാടകയ്ക്ക് താമസിക്കുന്ന ഒക്കൽ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള വീട്ടിലെത്തി കമ്പനി ഉടമ കൈമാറുകയായിരുന്നു. 

വിജിലൻസ് സംഘം ഇയാളെ പിടികൂടാൻ ശ്രമിച്ചതോടെ പണം വലിച്ചെറിഞ്ഞ ശേഷം ഷറഫുദ്ദീൻ ഇറങ്ങി ഓടിയെങ്കിലും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം ആണ് ശിക്ഷ വിധിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടതിന് ഒരു വർഷം തടവും പതിനായിരം രൂപ പിഴയും, ഒൗദ്യോഗിക പദവി ദുർവിനിയോഗം ചെയ്തതിന് മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഷറഫുദ്ദീൻ മറ്റ് രണ്ട് കൈക്കൂലി കേസുകളിലും പ്രതിയാണ്. ഇതിലൊന്ന് മൂവാറ്റുപുഴ കോടതി തന്നെയാണ് പരിഗണിക്കുന്നത്. മറ്റൊരു കേസ് കോട്ടയം കോടതിയിലുമുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama