go

വഴിയടച്ച് കെഎംആർഎൽ; തുറപ്പിച്ച് ജനരോഷം

Ernakulam News
കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് മേഖലയിൽ കെഎംആർഎല്ലിനു കൈമാറിയ സ്ഥലത്തെ വഴികൾ അടച്ചു കെട്ടുന്നതിനു സംരക്ഷണം നൽകാനെത്തിയ പൊലീസിനോടു പിൻമാറാൻ ആവശ്യപ്പെട്ട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സീന റഹ്മാന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.
SHARE

കാക്കനാട്∙ മെട്രോ സിറ്റിക്കായി എൻജിഒ ക്വാർട്ടേഴ്സ് മേഖലയിൽ കെഎംആർഎല്ലിനു കൈമാറിയ 17 ഏക്കറിലെ പൊതുവഴികൾ അടച്ചു കെട്ടാനുള്ള നീക്കം ജനം തടഞ്ഞു. 4 മണിക്കൂർ നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ കമ്പിവേലി അഴിച്ചുമാറ്റിയാണു പ്രശ്നം പരിഹരിച്ചത്. ഇന്നലെ രാവിലെ സിവിൽ ലൈൻ റോഡിലെ കുന്നുംപുറത്തെ വഴിയാണ് ആദ്യം കമ്പിവേലി കെട്ടി അടച്ചത്. പ്രതിഷേധമുയർന്നെങ്കിലും പൊലീസ് സംരക്ഷണയോടെ വഴിയടയ്ക്കൽ പൂർത്തിയാക്കി. എൻജിഒ ക്വാർട്ടേഴ്സ് ജംക‍്ഷന്റെ പിൻഭാഗത്തെ ഇടറോഡ് അടയ്ക്കാനായി കോൺക്രീറ്റ് തൂണു നാട്ടി കമ്പിവേലി കെട്ടിത്തുടങ്ങിയതോടെ കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി. 6 പതിറ്റാണ്ടായി ഉപയോഗിക്കുന്ന ടാർ റോഡ് അടച്ചു കെട്ടാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.

ഏതാനും തൂണുകൾ നാട്ടിക്കഴിഞ്ഞതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നിർമാണം തടഞ്ഞു.കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനാൽ നിർമാണം തുടരാനായില്ല. നാട്ടിയ തൂണുകളും കമ്പിവേലിയും അഴിച്ചു മാറ്റാൻ ഇതിനിടെ നാട്ടുകാർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. റവന്യു ഉദ്യോഗസ്ഥരും കെഎംആർഎൽ അധികൃതരും നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും റോഡ് അടയ്ക്കാൻ സമ്മതിക്കില്ലെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. പി.ടി. തോമസ് എംഎൽഎ കലക്ടർ എസ്. സുഹാസുമായി സംസാരിച്ചതിനെ തുടർന്നു കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദിന്റെ നേതൃത്വത്തിൽ കൂടുതൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നിർമാണം തൽകാലം നിർത്താമെന്നു തഹസിൽദാർ പറഞ്ഞെങ്കിലും റോഡിനു കുറുകേ സ്ഥാപിച്ച തൂണുകളും കമ്പിവേലിയും അഴിച്ചു മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവ അഴിച്ചു മാറ്റിയ ശേഷമാണു ജനം പിരിഞ്ഞു പോയത്. തുടർ നടപടി കലക്ടറുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നു തഹസിൽദാർ പറഞ്ഞു.വാഴക്കാല വില്ലേജ് ഓഫിസർ സുദർശനാ ഭായ്, സ്പെഷൽ വില്ലേജ് ഓഫിസർ സി.കെ. സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അനുനയ ചർച്ച. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സീന റഹ്മാൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.ആർ.ജയചന്ദ്രൻ, ഡിസിസി സെക്രട്ടറി പി.കെ.അബ്ദുൽ റഹ്മാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വാഴക്കാല, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.   

കളി സ്ഥലം ഒഴിവാക്കണം

കാക്കനാട്∙ വികസനത്തിനെതിരല്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനോടാണു പ്രതിഷേധമെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ ഉപയോഗത്തിലിരിക്കുന്ന റോഡുകൾ അതേപടി നിലനിർത്തണം. ഇതോടു ചേർന്നുള്ള പാലച്ചുവട് ഗ്രൗണ്ടും നിലനിർത്തണം. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തു വേറെ കളിസ്ഥലമില്ല. മെട്രോ സിറ്റിക്കായി ഏറ്റെടുത്ത പ്രദേശത്തിന്റെ ഒരറ്റത്താണു കളി സ്ഥലമെന്നതിനാൽ ഒഴിവാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകില്ലെന്നും നാട്ടുകാർ പറഞ്ഞു. പദ്ധതി പ്രദേശത്ത് അടച്ചിട്ടിരിക്കുന്ന എൻജിഒ ക്വാർട്ടേഴ്സുകൾ ക്രിമിനലുകൾ കയ്യടക്കിയിരിക്കുകയാണ്. പകൽ ശൂന്യമായ ക്വാർട്ടേഴ്സുകളാണു രാത്രി ക്രിമിനൽ താവളമാകുന്നത്. പകൽ ആളനക്കം കാണാത്ത ക്വാർട്ടേഴ്സുകൾ രാത്രികാലത്തു സജീവമാണെന്നാണു നാട്ടുകാരുടെ പരാതി. നേരത്തെ ക്വാർട്ടേഴ്സുകൾ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. ഏറ്റെടുത്ത പ്രദേശത്തിന്റെ ഭൂരിഭാഗവും കാടു കയറിക്കിടക്കുന്നു.

മെട്രോ സിറ്റി; നടപടി വേഗത്തിലാക്കി കെഎംആർഎൽ

കാക്കനാട്∙ എൻജിഒ ക്വാർട്ടേഴ്സ് മേഖലയിലെ നിർദിഷ്ട മെട്രോ സിറ്റി പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെഎംആർഎൽ അധികൃതർ പറഞ്ഞു. കൊച്ചി മെട്രോ റയിൽ കമ്പനിക്കു സ്ഥിര വരുമാനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ആദ്യം മെട്രോ ബിസിനസ് ഡിസ്ട്രിക്റ്റ് എന്ന പേരിലും പിന്നീട് മെട്രോ സിറ്റി എന്ന പേരിലും പദ്ധതി ആവിഷ്ക്കരിച്ചത്. ഭാവിയിൽ കെഎംആർഎൽ ആസ്ഥാനം ഇവിടേക്കു മാറ്റാനും ആലോചനയുണ്ട്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ വിശാല കൊച്ചിയിലെ ഏറ്റവും വലിയ ഷോപ്പിങ്, വിനോദ കേന്ദ്രമായി ഈ മേഖല മാറും. സ്മാർട്സിറ്റി, ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല എന്നിവയുമായി ബന്ധപ്പെട്ടു വിദേശികളടക്കം ഒട്ടേറെ പേർ കാക്കനാട്ട് സ്ഥിര താമസമാക്കുമെന്ന പ്രതീക്ഷയും പദ്ധതിക്കു പിന്നിലുണ്ട്. ഷോപ്പിങ് മാളുകളും തിയറ്റർ കോംപ്ലക്സും ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടുന്ന പദ്ധതിയിൽ നിന്നു വൻ ലാഭം ഉണ്ടാക്കാനാകുമെന്നാണ് കെഎംആർഎല്ലിന്റെ വിലയിരുത്തൽ.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama