go

ശബരി റെയിൽ പദ്ധതി: ബജറ്റ് അവഗണന സംസ്ഥാനത്തിന്റെ വിരുദ്ധ നിലപാടു മൂലം

Ernakulam News
SHARE

കൊച്ചി∙ അങ്കമാലി– എരുമേലി ശബരി പദ്ധതിക്കു ബജറ്റിൽ പരിഗണന ലഭിക്കാത്തതിനു കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടിലെ വൈരുധ്യങ്ങൾ. പദ്ധതിച്ചെലവിന്റെ പകുതി തുക പങ്കിടാൻ സംസ്ഥാനം തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച കൃത്യമായ നിലപാട് സംസ്ഥാനം അറിയിക്കാത്തതാണു തിരിച്ചടിയായത്. മന്ത്രിസഭ അംഗീകാരം നൽകി തീരുമാനം റെയിൽവേയെ അറിയിക്കുന്നതിനു പകരം, പദ്ധതിയിലെ നഷ്ടം റെയിൽവേ വഹിക്കണമെന്നും ലാഭം സംസ്ഥാനവുമായി പങ്കിടണമെന്നും കാണിച്ചാണു സർക്കാർ കത്തയച്ചത്. ശബരി പാതയിലെ സ്റ്റേഷനുകൾ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുകയും വരുമാനം സംസ്ഥാനവും റെയിൽവേയും പങ്കിടുകയും ചെയ്താൽ മാത്രമേ പദ്ധതിയുടെ പകുതി ചെലവു സംസ്ഥാനം വഹിക്കൂ എന്നാണ് കത്തിൽ പറയുന്നത്.

അതിനു റെയിൽവേ മറുപടി നൽകിയിട്ടില്ല.സ്റ്റേഷൻ വികസനത്തിനു റെയിൽവേ പുതിയ കോർപറേഷൻ രൂപീകരിച്ചതിനാൽ എൻജിനീയറിങ് വിഭാഗത്തിന് ഇക്കാര്യത്തിൽ മറുപടി നൽകാൻ കഴിയില്ല. ശബരി പാതയിൽ സ്റ്റേഷനുകൾ മിക്കതും പ്രധാന ടൗണിൽ നിന്ന് ഏറെ മാറി ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്. ആ സ്റ്റേഷനുകൾ വികസിപ്പിക്കാൻ സ്വകാര്യ കമ്പനികൾ വരില്ല. അലൈൻമെന്റ് തർക്കം ഇല്ലാത്ത അങ്കമാലി മുതൽ തൊടുപുഴ വരെ പാത നിർമിക്കണമെന്ന ആവശ്യം ശക്തമാണെന്നിരിക്കെ കാര്യങ്ങൾ സങ്കീർണമാക്കുകയാണു ചില ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞാണോ സർക്കാർ നിലപാടിൽനിന്നു വ്യത്യസ്ത നിലപാടുകൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നു വ്യക്തമല്ല.

പദ്ധതി മനപ്പൂർവം വൈകിപ്പിക്കാൻ ലക്ഷ്യമിട്ടുളളതാണ് ഈ നീക്കങ്ങളെന്നാണ് ആക്ഷേപം. തൊടുപുഴ വരെയുളള ഭാഗത്തെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്നു കേരള െറയിൽ ഡവലപ്മെന്റ് കോർപറേഷൻ റെയിൽവേയെ അറിയിച്ചിട്ടുണ്ട്. 2,815 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിക്ക് ഇത്തവണത്തെ ബജറ്റിൽ ഒന്നര കോടി രൂപയേ ഉള്ളൂ. പകുതി ചെലവു വഹിക്കുകയാണെങ്കിൽ 1407.5 കോടി രൂപയാണു സംസ്ഥാനം കിഫ്ബി വഴി കണ്ടെത്തേണ്ടത്. 6 കൊല്ലംകൊണ്ടു നൽകുകയാണെങ്കിൽ പ്രതിവർഷം 234 കോടി രൂപ മതിയാകും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama