go

കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനം: പരാതികളേറെയും എസ്എഫ്െഎക്കെതിരെ

Ernakulam News
SHARE

കൊച്ചി∙ കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ കമ്മിഷന്റെ മധ്യ മേഖലാ സിറ്റിങ്ങിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും പ്രതിക്കൂട്ടിൽ നിർത്തിയത് എസ്എഫ്ഐയെ. കോളജുകളിൽ ഇടതുപക്ഷ അധ്യാപക സംഘടനാ പ്രതിനിധികളായ ഒരുകൂട്ടം അധ്യാപകർ എസ്എഫ്ഐയുടെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നും പരാതിപ്പെട്ടാലും നടപടിയുണ്ടാവില്ലെന്നും സിറ്റിങ്ങിൽ പങ്കെടുത്ത വിദ്യാർഥി പ്രതിനിധികൾ പരാതിപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്നാണു ഹൈക്കോടതി മുൻ ന്യായാധിപൻ അധ്യക്ഷനായ സ്വതന്ത്ര കമ്മിഷൻ അന്വേഷണം ആരംഭിച്ചത്.

കമ്മിഷന്റെ രണ്ടാമത്തെ സിറ്റിങ്ങായിരുന്നു ഇന്നലെ കൊച്ചിയിൽ. കെഎസ്‌യു, എബിവിപി, ഫ്രറ്റേണിറ്റി, എഐഡിഎസ്ഒ, പിഎസ്‌യു എന്നീ വിദ്യാർഥി സംഘടനാ പ്രതിനിധികൾ സിറ്റിങ്ങിനെത്തിയെങ്കിലും എസ്എഫ്ഐ പ്രതിനിധികളാരും പങ്കെടുത്തില്ല. തിരുവനന്തപുരത്തു നടന്ന ആദ്യ സിറ്റിങ്ങിലും എസ്എഫ്ഐ പങ്കെടുത്തില്ല. എസ്എഫ്ഐക്കു മേധാവിത്തമുളള ക്യാംപസുകളിൽ മറ്റു സംഘടനകൾക്കു പ്രവർത്തന സ്വാതന്ത്യം പോലും അനുവദിക്കുന്നില്ല എന്നായിരുന്നു വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ പരാതി. എറണാകുളം മഹാരാജാസ് കോളജ്, ഗവ.ലോ കോളജ്, കുസാറ്റ്, എംജി യൂണിവേഴ്സിറ്റി ക്യാംപസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പരാതിയുമായി എത്തി. ഹോസ്റ്റലുകളിൽ പുറത്തു നിന്നുള്ള ക്രിമിനൽ കേസ് പ്രതികൾ വരെ താമസമാക്കിയിട്ടും നടപടിയില്ലെന്നും കോളജ് അധികൃതരോടും പൊലീസിനോടും പരാതിപ്പെട്ടാലും നടപടി ഉണ്ടാവുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

കുസാറ്റിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകൾ, ഓൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി, ഡമോക്രാറ്റിക് ലോയേഴ്സ് ഫോറം തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.ക്യാംപസ് രാഷ്ട്രീയം നിരോധിക്കുകയല്ല, ജനാധിപത്യപരമായ രാഷ്ട്രീയത്തിനു ക്യാംപസിൽ അവസരമൊരുക്കുകയാണു വേണ്ടതെന്ന് പി.ടി. തോമസ് എംഎൽഎ വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയത്തിന് അധ്യാപകർ ഒത്താശ ചെയ്യുന്നതു തെറ്റായ പ്രവണതയാണെന്ന് മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.കെ. അരവിന്ദാക്ഷൻ ചൂണ്ടിക്കാട്ടി. കമ്മിഷൻ അംഗം പ്രഫ.എസ്. വർഗീസ്, മെംബർ സെക്രട്ടറി പ്രഫ.എ.ജി. ജോർജ് എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു. കോഴിക്കോട്ടെ ഉത്തര മേഖലാ സിറ്റിങ് കൂടി പൂർത്തിയായശേഷം ഈ മാസം അവസാനത്തോടെ റിപ്പോർട്ട് തയാറാക്കി ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർക്കു സമർപ്പിക്കുമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദീൻ പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama