go

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ആര്? ഉമ്മൻ ചാണ്ടിയെന്നും രാഹുലെന്നും ഉത്തരം

Ernakulam News
ഇതാണ് ശരിക്കുള്ള ഞാൻ: യൂത്ത് കോൺഗ്രസിനെ നയിക്കാനുള്ള പ്രതിഭകളെ തിരഞ്ഞെടുക്കാൻ കൊച്ചി ഡിസിസിയിൽ നടത്തിയ അഭിമുഖത്തിനെത്തിയ പ്രവർത്തകന്റെ ബയോഡേറ്റയിൽ നിന്നു സമരങ്ങളിൽ പങ്കെടുത്തിട്ടുള്ള പത്രവാർത്തകളും ചിത്രങ്ങളും പരിശോധിക്കുന്ന നേതാവ്. ചിത്രം: മനോരമ
SHARE

കൊച്ചി ∙ നെടുനീളൻ എഴുത്തു പരീക്ഷ ഉണ്ടായിരുന്നില്ല. അഭിമുഖം മാത്രം. അതു പക്ഷേ, ചിലർക്കെങ്കിലും ഇത്തിരി കടുപ്പമായിരുന്നു. ജില്ലാ പ്രസിഡന്റുമാർ മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള ഭാരവാഹികളെ കണ്ടെത്താൻ നടത്തിയ യൂത്ത് കോൺഗ്രസ് ടാലന്റ് ഹണ്ടിൽ ആദ്യദിനം പങ്കെടുത്തത് 140ലേറെ യുവതുർക്കികൾ. രാവിലെ 11ന് ആരംഭിച്ച അഭിമുഖപരമ്പര 4ന് അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 5.30 വരെ നീണ്ടു. ഹണ്ട് ഇന്നു സമാപിക്കും. ‌ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹി രവീന്ദ്രദാസിന്റെ നേതൃത്വത്തിലായിരുന്നു ടാലന്റ് ഹണ്ട്. 

ഞെട്ടിച്ച ചോദ്യങ്ങൾ 

പലരോടും ചോദിച്ചതു പല ചോദ്യങ്ങൾ. യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ആര് എന്ന ചോദ്യം പലരോടും ചോദിച്ചു. ചിലരെങ്കിലും അവിടെ സുല്ലിട്ടു; അറിയില്ല! ‘ആരാണു നിങ്ങളുടെ നേതാവ് ?’ എന്ന ചോദ്യം ഏറെക്കുറെ എല്ലാവരോടും ചോദിച്ചു.  ഗ്രൂപ്പ് ആഭിമുഖ്യമനുസരിച്ചു തരാതരം പോലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നൊക്കെ ഉത്തരം നൽകിയപ്പോൾ ചിലരുടെ ഉത്തരം രാഹുൽ ഗാന്ധി എന്നായിരുന്നു. ഗ്രൂപ്പുകളെ അതിജീവിക്കുന്ന ആ ഉത്തരത്തിനു കൂടുതൽ മാർക്കു കിട്ടിയോ എന്നറിയില്ല.  താങ്കളെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കിയാൽ എന്തു ചെയ്യുമെന്ന ചോദ്യവും ചിലർക്കു നേരെ വന്നു.  യുവനേതാക്കളിൽ ആരോടാണു പ്രിയം, എന്തുകൊണ്ടാണു പൊതുപ്രവർത്തനത്തിനു കോൺഗ്രസ് തിരഞ്ഞെടുത്തത് തുടങ്ങിയ ചോദ്യങ്ങളും ചിലർ നേരിട്ടു. 

എത്ര കേസിൽ പ്രതി? 

ദീർഘമായ ബയോഡേറ്റയുമായി എത്തിയ ഒരുപാടു പേരുണ്ടായിരുന്നു. എന്നാൽ, ലഘുജീവചരിത്രം രേഖപ്പെടുത്താൻ പ്രത്യേകം ഫോം ഉണ്ടായിരുന്നു. പേരും വിലാസവും ചരിത്രവുമെല്ലാം ചോദിച്ച ഫോമിലെ ഒരു ചോദ്യം എത്ര കേസുകളിൽ പ്രതിയായിട്ടുണ്ട് എന്നായിരുന്നു! സംഘടനയ്ക്കു വേണ്ടിയുള്ള സമരങ്ങളും പൊലീസ് കേസുകളും പുതുമയല്ലാത്തതിനാൽ ആ ചോദ്യം ആർക്കും വെല്ലുവിളിയായില്ല. ടാലന്റ് ഹണ്ടിലെ വിജയികളിൽ നിന്നാകും ഭാരവാഹിപ്പട്ടിക തയാറാക്കുക. അതുപക്ഷേ, സംസ്ഥാനത്തെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ വീതം വയ്പാകുമെന്ന ആശങ്ക യുവഭാരവാഹിത്വ മോഹികൾ ഗ്രൂപ്പ് ഭേദമില്ലാതെ പങ്കുവയ്ക്കുന്നു. 

ഫയലും പേപ്പറും കൈകളിലേന്തി 

സംഘടനാ തിരഞ്ഞെടുപ്പു കാത്തിരുന്ന യുവകോൺഗ്രസുകാരെ ഞെട്ടിച്ച് ഓർക്കാപ്പുറത്താണു ടാലന്റ് ഹണ്ട് എത്തിയത്. അംഗത്വവിതരണം ഉൾപ്പെടെ പൂർത്തിയാക്കി സംഘടനാ തിരഞ്ഞെടുപ്പുചൂടിലേക്കു കടന്നപ്പോഴാണു ലോക്സഭാ തിരഞ്ഞെടുപ്പിനു കാഹളം മുഴങ്ങിയത്. അതോടെ, സംഘടനാ തിരഞ്ഞെടുപ്പു നീട്ടിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാകട്ടെ, സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കു യുവാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പു വേണ്ടെന്നായി. അങ്ങനെയാണു സാധ്യതാ ഭാരവാഹികളെ കണ്ടെത്താൻ പെട്ടെന്നൊരു ടാലന്റ് ഹണ്ട് അവതരിച്ചത്. 3 ദിനം മുൻപു യൂത്ത് കോൺഗ്രസ് വെബ്സൈറ്റിലൂടെയായിരുന്നു ടാലന്റ് ഹണ്ട് അറിയിപ്പ്. ഇന്നലെ വരെ കോൺഗ്രസിനായും യൂത്ത് കോൺഗ്രസിനായും കെഎസ്‌യുവിനായും ചെയ്ത സേവനങ്ങളെക്കുറിച്ചുള്ള രേഖകളും ഫോട്ടോകളും ഉൾപ്പെട്ട ഫയലും കയ്യിലൊതുക്കിയാണ് എല്ലാവരും അഭിമുഖത്തിന് എത്തിയത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama