go

യൂത്ത് നേതാക്കൾക്കായി ഹണ്ടോടു ഹണ്ട്; വനിതകൾ വെറും 8!

Ernakulam News
യൂത്ത് കോൺഗ്രസിനെ നയിക്കാനുള്ള പ്രതിഭകളെ തിരഞ്ഞെടുക്കാൻ കൊച്ചി ഡിസിസിയിൽ നടത്തിയ അഭിമുഖത്തിനെത്തിയവരുടെ പേരുകൾ റജിസ്റ്റർ ചെയ്യാനുള്ള നിര. ചിത്രം: മനോരമ
SHARE

കൊച്ചി ∙ ജില്ലാ കോൺഗ്രസ് ആസ്ഥാനം ഇന്നലെയും അഭിമുഖപ്പുരയായിരുന്നു. യൂത്ത് കോൺഗ്രസിനെ നയിക്കാനുള്ള ഭാവി ഭാരവാഹികളെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ടിന്റെ സമാപന ദിനം അവസരം തേടുന്നവരുടെ ബാഹുല്യത്താൽ സമ്പന്നമായി. 492 പേരാണ് ഇന്നലെ മാത്രം അഭിമുഖത്തിന് എത്തിയത്! ആദ്യ ദിനത്തിൽ വന്നവർ ഉൾപ്പെടെ ആകെ 635 പേർ. ഇവരിൽ നിന്നു ചുരുക്കപ്പട്ടികയിൽ കടന്നു കൂടുന്നവർക്കാകും ഭാരവാഹിത്വം ലഭിക്കുക.

വനിതകൾ വെറും 8!

വനിതകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭ്യമാക്കണമെന്ന ആവശ്യം സമസ്ത മേഖലകളിൽ നിന്നും ഉയരുമ്പോൾ യുവ കോൺഗ്രസിന്റെ പ്രതിഭകളെ കണ്ടെത്തൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതു വെറും 8 വനിതകൾക്ക്. ആദ്യ ദിവസം 3 പേരും ഇന്നലെ  5 പേരുമെത്തി. ആദ്യ ദിനത്തിൽ നിന്നു വ്യത്യസ്തമായി അഭിമുഖങ്ങൾ  ഹ്രസ്വമായിരുന്നു. എന്നിട്ടും അഭിമുഖ പരിപാടി അവസാനിച്ചപ്പോഴേക്കും രാത്രിയായി. 

സജീവമായിട്ടും കാര്യമില്ല

സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 6,36,544 സജീവ അംഗങ്ങളാണു റജിസ്റ്റർ ചെയ്തത്. 4 പ്രാഥമിക അംഗങ്ങളെ ചേർക്കുന്നവർക്കാണു സജീവ അംഗത്വം. വിവിധ കമ്മിറ്റികളിലേക്കു വോട്ടവകാശവും മത്സര അവകാശവും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സജീവ അംഗങ്ങൾ. പക്ഷേ, അപ്രതീക്ഷിതമായി ടാലന്റ് ഹണ്ട് വന്നതോടെ അവരും കളത്തിനു പുറത്തായ മട്ടാണ്. 

കിട്ടിയതു കോടികൾ 

അംഗത്വ വിതരണ ക്യാംപെയ്നിലൂടെ സമാഹരിച്ചതു ചില്ലറക്കാശൊന്നുമല്ല. ചുരുങ്ങിയത് 4.7 കോടി രൂപയെങ്കിലും ലഭിച്ചു. സജീവ അംഗത്വത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ തുക 75 രൂപയായിരുന്നു. ഓഫ്‌ലൈനായി അംഗത്വമെടുത്തവർക്കു 125 രൂപയും. 18 – 35 പ്രായപരിധിയിലുള്ളവരാണ് അംഗത്വമെടുത്തത്. എറണാകുളം ജില്ലയിൽ നിന്നാണു കൂടുതൽ അംഗങ്ങൾ; 98,910. ഇവിടെ  ജില്ലാ പ്രസിഡന്റ് സ്ഥാനം പട്ടിക വിഭാഗ സംവരണമാണ്. 

നയിക്കാൻ എംഎൽഎമാർ

ടാലന്റ് ഹണ്ടിന്റെ ഫലം എന്തായാലും സംസ്ഥാന അധ്യക്ഷ സ്ഥാനം എംഎൽഎമാരിലൂടെ പിടിച്ചെടുക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. ഷാഫി പറമ്പിൽ എംഎൽഎയാണ് ‘എ’ ക്യാംപിന്റെ ആലോചനകളിൽ. കെ.എസ്.ശബരീനാഥൻ എംഎൽഎ ‘ഐ’ ഗ്രൂപ്പിന്റെ പദ്ധതികളിലും മുന്നിൽ. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama