go

സ്വകാര്യ ബസിൽ ക്രൂരത വീണ്ടും: വിദ്യാർഥിയെ ചവിട്ടി വീഴ്ത്തി

kochi-suresh
ബസിൽ നിന്ന് തെറിച്ചു വീണു പരുക്കേറ്റ വിദ്യാർഥി അഞ്ചൽ സുരേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
SHARE

മൂവാറ്റുപുഴ∙ സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥിയെ ചവിട്ടി വീഴ്ത്തിയെന്നു പരാതി. ബസിൽ നിന്ന് റോഡിലേക്കു വീണ പ്ലസ് വൺ വിദ്യാർഥിയെ പരുക്കുകളോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടൂർ എബനേസർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മങ്കലത്ത് നട പഴമ്പിള്ളിക്കുടി സുരേഷിന്റെ മകൻ അഞ്ചൽ(17) ആണ് ചികിത്സയിൽ കഴിയുന്നത്. അഞ്ചലിന് നെഞ്ചിൽ നീർക്കെട്ടുണ്ട്. അസ്ഥികളിൽ പൊട്ടലുണ്ടെന്ന സംശയത്തെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദേശം നൽകി. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് വീട്ടൂർ എബനേസർ സ്കൂളിനു സമീപമാണ് സംഭവം.

ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകാനായി മറ്റു വിദ്യാർഥികൾക്കൊപ്പം സ്വകാര്യ ബസിൽ കയറുന്നതിനിടെ ബസിലെ കണ്ടക്ടർ വിദ്യാർഥിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തുകയായിരുന്നു. നാട്ടുകാരും സഹപാഠികളും ചേർന്ന് അഞ്ചലിനെ ആശുപത്രിയിൽ എത്തിച്ചു. മൂവാറ്റുപുഴ– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ ബിനോയ് ആണ് വിദ്യാർഥിയെ ചവിട്ടി വീഴ്ത്തിയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബസിൽ വിദ്യാർഥികൾ കയറാതിരിക്കാൻ വേണ്ടി സ്വകാര്യ ബസ് ജീവനക്കാർ ബസ് സ്റ്റോപ്പിൽ നിന്ന് നീക്കി നിർത്തുന്നതും വിദ്യാർഥികൾ കയറുന്നതിനു മുൻപേ ബസ് മുന്നോട്ടെടുക്കുന്നതും മൂലം വിദ്യാർഥികൾ അപകടത്തിൽപെടുന്നതു പതിവാണ്. കഴിഞ്ഞ മാസം ഇതേ റൂട്ടിൽ വിദ്യാർഥി ബസിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു.

മ‍ൂവാറ്റ‍ുപ‍ുഴ–കാക്കനാട് റ‍ൂട്ടിൽ ബസ‍ുകള‍ുടെ അമിത വേഗവ‍ും ജീവനക്കാര‍ുടെ മോശം പെരു‍മാറ്റവ‍ും യാത്രക്കാർക്ക‍ു ഭീഷണിയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. . സംഭവത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. കുറ്റക്കാരനായ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്കു വിധേയരാക്കണമെന്ന് കെഎസ്‌യു മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama