go

ഈദുൽ അസ്ഹ: ആഘോഷം ലളിതമാക്കി ദുരിത ബാധിതരെ സഹായിച്ചു വിശ്വാസികൾ

ernakulam news
അക്ഷയജ്യോതിസ്സിൽ മനം നിറ​ഞ്ഞ്: എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ഈദുൽ അസ്ഹ (ബലി പെരുന്നാൾ) നമസ്കാരത്തിൽനിന്ന്. ചിത്രം: മനോരമ
SHARE

കാക്കനാട് ∙ വെള്ളപ്പൊക്ക ദുരിതം മുൻനിർത്തി ഈദുൽ അസ്ഹ (ബലി പെരുന്നാൾ) ആഘോഷം ലളിതമാക്കിയ വിശ്വാസികൾ ഒട്ടേറെ പ്രദേശങ്ങളിൽ ദുരിത ബാധിതർക്കു സഹായമെത്തിച്ചു. മഹല്ല് കമ്മിറ്റികളും മുസ്‍ലിം സംഘടനകളും മുൻകയ്യെടുത്തു ഈദ് ദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്കു പണം ശേഖരിച്ചു. നാട് ദുരന്തം നേരിടുമ്പോൾ ഐക്യവും പരസ്പര സ്നേഹവും പുലർത്തേണ്ടതു വിശ്വാസികളുടെ കടമയാണെന്നു ഇമാമുമാർ ഈദ് നമസ്ക്കാരാനന്തരം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം പ്രളയ മേഖലകളിൽ ജാതിയും മതവും ഭാഷയും പണവും നോക്കാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചതു ലോകത്തിനു മാതൃകയായി. ഈ കൂട്ടായ്മ നാട്ടിൽ എന്നും നിലനിൽക്കാൻ പ്രയത്നിക്കണമെന്നും ഇമാമുമാർ പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും ഈദ് നമസ്കാരത്തിനു വൻ തിരക്കായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം കൊച്ചിയിലും പരിസരത്തും ഈദ് ഗാഹുകൾ കുറവായിരുന്നു. ഭൂരിഭാഗം ഇടങ്ങളിലും മസ്ജിദുകൾ കേന്ദ്രീകരിച്ചായിരുന്നു ബലി പെരുന്നാൾ നമസ്കാരം.

ലക്ഷക്കണക്കിനു ഹജ് തീർഥാടകർ അറഫയിൽ സംഗമിച്ചതിനു പിന്നാലെയെത്തിയ ഈദുൽ അസ്ഹയെ വരവേൽക്കാൻ ഞായറാഴ്ച വൈകിട്ട് മുതൽ മസ്ജിദുകളും ഭവനങ്ങളും തഖ്ബീർ ധ്വനികളാൽ മുഖരിതമായി. ഇന്നലെ പ്രാർഥനകളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ ഈദ് നമസ്കരിച്ചു ഖുത്തുബ ശ്രവിച്ചു ദുആ നടത്തിയാണ് പിരിഞ്ഞത്.

വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തു പെരുന്നാൾ ആശംസകൾ കൈമാറി. ദൈവകൽപന പ്രകാരം ഏക മകൻ ഇസ്മായിലിനെ ബലി കൊടുക്കാൻ തയാറായ പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗം സ്മരിച്ചാണ് ഈദുൽ അസ്ഹ ആഘോഷിച്ചത്. ഇബ്രാഹിം നബിയുടെ അർപ്പണ മനോഭാവവും വിശ്വാസ തീവ്രതയും ഉൾക്കൊണ്ട വിശ്വാസികൾ ഈദ് നമസ്കാരാനന്തരം മൃഗബലി നടത്തി. 

ഇനി നാലാം പെരുന്നാൾ വരെ തഖ്ബീർ നാദം ഉയർന്നു കേൾക്കും.

കൊച്ചി∙ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മസ്ജിദുകളിൽ ബലിപെരുന്നാൾ നമസ്‌കാരം നടത്തി. എറണാകുളം മിഷനറി മൗലവി സുൽത്താൻ നസീർ നേതൃത്വം നൽകി. പ്രളയബാധിതരെ സഹായിക്കുന്നതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വാഴക്കാല, പള്ളുരുത്തി, ഫോർട്ടുകൊച്ചി മുവാറ്റുപുഴ, ഐരാപുരം എന്നിവിടങ്ങളിലെ അഹ്മദിയ്യ മസ്ജിദുകളിലും നമസ്‌കാരം നടന്നു. പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിനായി അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ജീവകാരുണ്യ സംഘടന വിഭവശേഖരണം നടത്തി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama