go

‘കൂടും കുടുക്കയും’ പൊളിഞ്ഞ് കൂടുമത്സ്യ കർഷകർ

ernakulam news
പുത്തൻവേലിക്കര കോഴിത്തുരുത്തിൽ 10 കൂടുകളിൽ നടത്തിയ മത്സ്യകൃഷിയിൽ വെള്ളപ്പൊക്കത്തിനുശേഷം തിരിച്ചുകിട്ടിയ 2 കൂടുകൾ സുരക്ഷിതമാക്കുന്ന യുവാക്കൾ.
SHARE

പറവൂർ ∙ വെള്ളപ്പൊക്കം ഇക്കുറിയും കൂടുമത്സ്യ കർഷകരുടെ കണ്ണീർ വീഴ്ത്തി. വെള്ളപ്പൊക്കത്തിൽ മേഖലയിലെ കൂടുമത്സ്യ കൃഷിക്കു വ്യാപക നാശം. എത്രപേരുടെ കൃഷി വെള്ളത്തിലായെന്നു തിട്ടപ്പെടുത്താനായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കർഷകനുമുണ്ടായത്. സാധാരണക്കാരായ ഇവരിൽ പലരും കടക്കെണിയിലാണ്. പുത്തൻവേലിക്കരയിലെ കോഴിത്തുരുത്തിൽ 5 യുവാക്കൾ ചേർന്നു ചെയ്ത കൃഷി ഭൂരിഭാഗവും നശിച്ചു. ‘കോഴിത്തുരുത്ത് ഫിഷ് ഫാം’ എന്ന പേരിൽ ചാലക്കുടിയാറിലായിരുന്നു കൃഷി.

10 കൂടുകളിൽ കൃഷി ചെയ്ത ഇവർക്കു തിരിച്ചുകിട്ടിയതു രണ്ടെണ്ണം മാത്രം. 2000 മത്സ്യക്കുഞ്ഞുങ്ങളെ നഷ്ടമായി. 750 വലിയ മത്സ്യങ്ങളിൽ പകുതിയിലേറെ നഷ്ടപ്പെട്ടു. 3 ലക്ഷം രൂപ മുടക്കി 6 മാസം മുൻപു തുടങ്ങിയ കൃഷിയാണു നശിച്ചത്. ഒരുതവണ പോലും വിളവെടുപ്പു നടത്താ‍ൻ കഴിഞ്ഞില്ലെന്നു കർഷകരിലൊരാളായ  എം.യു. ഷൈബി പറഞ്ഞു. പെരിയാറിൽ ഗോതുരുത്ത് കാക്കക്കടവിൽ കൃഷി ചെയ്ത വക്കോ മനക്കിൽ ആണു വലിയ നഷ്ടമുണ്ടായ മറ്റൊരാൾ.

വക്കോയുടെ കൃഷി പൂർണമായി നശിച്ചു. 3000 മത്സ്യങ്ങളും കൂടും നഷ്ടപ്പെട്ടു. കൂടിന്റെ സമീപത്തേക്കു നടന്നുപോകാൻ നിർമിച്ച റാംപ് തകർന്നു. പുഴയിൽ വെള്ളമുയർന്നു ശക്തമായ കുത്തൊഴുക്കുണ്ടായതോടെ കൂടുകൾ മുങ്ങിയും മറിഞ്ഞുമാണു നാശനഷ്ടം സംഭവിച്ചത്. പുഴയിലൂടെ ഒഴുകിവന്ന കമ്പും മരക്കഷണങ്ങളും കൊണ്ടു വലകൾ കീറിപ്പോയി. ചിലരുടെ മീനുകൾ ചത്തുപൊങ്ങി. ഈരനുള്ളിൽ ബിന്ദു ലെഗി, ജോർജ് പനയ്ക്കൽ, ആന്റണി കളത്തിൽ, ജെഫിൻ പുല്ലയിൽ,

ജോസഫ് കോണത്ത് തുടങ്ങി ഒട്ടേറെപ്പേരുടെ കൂടുമത്സ്യകൃഷിയിൽ നഷ്ടമുണ്ടായി. പാലാതുരുത്തിൽ ചില ഗ്രൂപ്പുകൾ നടത്തിയ കൃഷിയും നശിച്ചു. കാളാഞ്ചി, ചെമ്പല്ലി, കരിമീൻ തുടങ്ങിയ മത്സ്യങ്ങളെയാണു കൂട്ടിൽ കൂടുതലായി വളർത്തിയിരുന്നത്. ചേന്ദമംഗലം, ഗോതുരുത്ത്, പുത്തൻവേലിക്കര, ചാത്തേടം തുരുത്തിപ്പുറം, ചിറ്റാറ്റുകര, ഏഴിക്കര,

കോട്ടയിൽകോവിലകം, മൂത്തകുന്നം, കൊട്ടുവള്ളിക്കാട്, പാലാതുരുത്ത് മേഖലകളിലാണു കൂടുമത്സ്യകൃഷി വ്യാപകമായുള്ളത്. ചിലരുടെ ചീനവലകൾ ഒടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും കൂടുമത്സ്യകൃഷിയിൽ വ്യാപക നാശം സംഭവിച്ചിരുന്നു. സിഎംഎഫ്ആർഐ, ഫിഷറിസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ചിലരുടെ കൃഷി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama