go

കണ്ണീരായി കൃഷി; കപ്പ, വാഴ, പച്ചക്കറി വിളകൾക്കാണു കൂടുതൽ നാശം

ernakulam news
മൂവാറ്റുപുഴയിൽ കൃഷിയിടത്ത് വെളളം കയറിയതിനെത്തുടർന്ന് പറിച്ചുമാറ്റിയ കപ്പ കർഷകർ കിട്ടുന്ന വിലയ്ക്ക് വിൽക്കുന്നതിനായി ഓട്ടോയിൽ കയറ്റുന്നു.
SHARE

കൊച്ചി ∙ തോരാമഴയിലും പ്രളയ ജലത്തിലും മുങ്ങിയ ജില്ലയിലെ കാർഷിക മേഖലയിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. ഓണത്തിനു വിളവെടുക്കാൻ പാകത്തിൽ കൃഷിയിറക്കിയ നൂറുകണക്കിനു ഹെക്ടർ കൃഷിഭൂമി ദിവസങ്ങളായി മുങ്ങിക്കിടക്കുകയാണ്. പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും മഴപ്പെയ്ത്തുവെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. കപ്പ, വാഴ, പച്ചക്കറി വിളകൾക്കാണു കൂടുതൽ നാശം. ജാതിമരത്തോട്ടങ്ങളിലും വൻ നാശമുണ്ട്.

ഹെക്ടർ കണക്കിനു നെൽകൃഷിയും വെള്ളത്തിലായി. വെള്ളം കെട്ടിക്കിടക്കുമ്പോൾ ഏറ്റവും ആദ്യം നശിക്കുന്ന മരച്ചീനി , പാകമാകും മുൻപേ കർഷകർ കിട്ടിയ വിലയ്ക്കു പറിച്ചു വിറ്റു തുടങ്ങി. വാഴക്കൃഷിയെയും ജാതിയെയും മഴവെള്ളം എങ്ങനെ ബാധിച്ചുവെന്നതിന്റെ യഥാർഥ ചിത്രം അറിയാൻ ഒരാഴ്ചകൂടി കഴിയണം. ഓണം വിപണി ലക്ഷ്യമാക്കി പതിനായിരക്കണക്കിനു വാഴകളാണു നട്ടത്.

പലതും കുലവെട്ടാൻ ഒരു മാസം ബാക്കിയുള്ള പരുവമായി. മഴയ്ക്കൊപ്പം വന്ന ചുഴലിക്കാറ്റിൽ പെരുമ്പാവൂർ മേഖലയിൽ ആയിരക്കണക്കിനു കുലവാഴകൾ ഒടിഞ്ഞുവീണു. ഹൃസ്വകാല വിളയായ പച്ചക്കറി കൃഷിയിലും വൻ നഷ്ടമുണ്ടായി. ചില നെൽപ്പാടങ്ങൾ ഒന്നാകെ വെള്ളത്തിലായിട്ടു ഒരാഴ്ചയിലേറെയായി. ഇതും ആശങ്ക ജനിപ്പിക്കുന്നു. നേന്ത്രക്കായയ്ക്കു കിലോ ഗ്രാമിനു ഇപ്പോൾ 30–35 രൂപയാണു കർഷകനു ലഭിക്കുന്നത്.

ഓണത്തോടടുക്കുമ്പോൾ 40 രൂപയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. പാട്ടഭൂമിയിൽ ഒരു വാഴ കൃഷിചെയ്തു കുലവെട്ടുമ്പോഴേക്കും 150 രൂപ ചെലവു വരും. കൃഷിനാശമുണ്ടായില്ലെങ്കിൽ 350– 400 രൂപ ഒരു വാഴയിൽ നിന്നു ലഭിക്കും. ഓഗസ്റ്റ് മുതൽ ജനുവരി വരെയാണു പച്ചക്കറി കൃഷി. പച്ചക്കറി ചെടികൾ പൂവിടുന്ന സമയമാണിത്. വെള്ളക്കെട്ടിലായതോടെ ആ പ്രതീക്ഷയും പോയി.

പിറവം

പിറവത്ത് പെരുമഴയിലും കാറ്റിലും നശിച്ച വാഴത്തോട്ടം.

ജില്ലയിലെ പച്ചക്കറി കൃഷി മേഖലയായ പിറവം മേഖലയിൽ വാഴക്കൃഷിക്കു വ്യാപക നാശമുണ്ട്. രാമമംഗലത്തു കുലച്ച 3000 വാഴകൾ വെളളത്തിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പാവൽ കൃഷിയുള്ള ഓണക്കൂർ മേഖലയിൽ 200 ഏക്കർ പച്ചക്കറി കൃഷി വെള്ളത്തിലായി.

കൂത്താട്ടുകുളം

കാക്കൂർ സഹകരണ ബാങ്ക് വാളിയപ്പാടത്തും കൂത്താട്ടുകുളം പാടശേഖരത്തിൽ ഫാർമേഴ്സ് സഹകരണ ബാങ്കും ആരംഭിച്ച ഏക്കർ കണക്കിനു നെൽക്കൃഷി ഒരാഴ്ചയായി വെളളത്തിലാണ്. കാക്കൂർ വെള്ളേലി ഭാഗത്തു ഏക്കർ കണക്കിനു വാഴയും കപ്പയും വെള്ളത്തിൽ മുങ്ങി. തിരുമാറാടി , കാക്കൂർ പെരിങ്ങാട്ട് പാടശേഖരങ്ങളും വെള്ളത്തിലായി.

മൂവാറ്റുപുഴ

പാടശേഖരങ്ങളിൾ ആരംഭിച്ച കപ്പ, വാഴകൃഷിക്കു വ്യാപക നാശം നേരിട്ടു. മാറാടി, ആരക്കുഴ, പെരുവംമൂഴി, ആയവന, വാളകം പ്രദേശങ്ങളിൽ ഹെക്ടർ കണക്കിനു കപ്പ കൃഷി ചീഞ്ഞുതുടങ്ങി. ഏക്കർ കണക്കിനു പൈനാപ്പിൾ തോട്ടങ്ങളും ഇവിടെ മഴവെള്ളത്തിലകപ്പെട്ടു. ആഴ്ചകൾ കഴിഞ്ഞാലേ ഇവയ്ക്കുണ്ടായ നഷ്ടം എത്രയെന്നു തിട്ടപ്പെടുത്താനാവൂ. കാവക്കാട് മേഖലയിൽ വാഴത്തോട്ടങ്ങളിൽ വെള്ളക്കെട്ടുണ്ട്. വാളകം മേഖലയിലെ ജാതിത്തോട്ടങ്ങളെയും വെള്ളക്കെട്ടു ബാധിച്ചു.

കോതമംഗലം

പിണ്ടിമന, കോട്ടപ്പടി, കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷി പൂർണമായും നാശത്തിന്റെ വക്കിലാണ്. വാഴ, ചേന, കപ്പ എന്നിവയാണു ഇൗ പ്രദേശങ്ങളിൽ വയലുകളിലെ പ്രധാന കൃഷി.

കാലടി

കഴിഞ്ഞ പ്രളയകാലത്തിന്റെ ഓർമയിൽ കാലടി, മലയാറ്റൂർ മേഖലയിൽ ഇക്കുറി കുറച്ചുസ്ഥലത്തേ കൃഷിയിറക്കിയുള്ളു. പുഴയോരത്തെ ഏക്കർ കണക്കിനു ഭൂമിയിലെ പച്ചക്കറി കൃഷി ഇൗ വർഷം ഇല്ല. കപ്പ, വാഴക്കൃഷിയാണു പ്രധാനമായും വെള്ളത്തിലായത്. കഴിഞ്ഞവർഷം പ്രളയത്തെ അതിജീവിച്ച പ്രദേശങ്ങളിൽ കപ്പയ്ക്കു കിലോഗ്രാമിനു 16 രൂപ വീതം ലഭിച്ചതാണ്. ചേനയ്ക്ക് കിലോഗ്രാമിന് 25 രൂപ കഴിഞ്ഞവർഷം ലഭിച്ചതിനാൽ ഇക്കുറി വ്യാപകമായി ചേനക്കൃഷി നടത്തിയിരുന്നു. അതും മഴവെള്ളത്തിൽ നശിച്ചു. മലയാറ്റൂർ, പുതിയക്കര, കാഞ്ഞൂർ മേഖലകളിലെ നെൽവയലുകൾ വെള്ളത്തിലാണ്.

പെരുമ്പാവൂർ

മഴവെള്ളത്തിനു മുൻപുതന്നെ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാഷമുണ്ടായ പ്രദേശമാണു പെരുമ്പാവൂർ. 4.35 കോടി രൂപയുടെ കൃഷിനാശമാണ് ഇൗ മേഖലയിലുണ്ടായത്. 800 ഹെക്ടറിൽ 1200 കർഷകരുടെ കൃഷി നശിച്ചു. 79,000 വാഴയും 7200 റബറും കാറ്റിൽ നശിച്ചു. രായമംഗലം, കൂവപ്പടി, ചേലാമറ്റം, വേങ്ങൂർ, വേങ്ങൂർ വെസ്റ്റ്, അശമന്നൂർ, പെരുമ്പാവൂർ മേഖലകളിലെ മിക്കവാറും കൃഷിഭൂമികളിൽനിന്നു വെള്ളം ഇറങ്ങിയിട്ടില്ല.

നെടുമ്പാശേരി

പാറക്കടവ്, കുന്നുകര പഞ്ചായത്തുകളിലാണു കൃഷിനാശം . ഇൗ പ്രദേശങ്ങളിലെ വയലുകളിൽ കൃഷിചെയ്ത വാഴ, കപ്പ, പച്ചക്കറി എന്നിവ െവള്ളത്തിൽ മുങ്ങിപ്പോയി.

അങ്കമാലി

മൂക്കന്നൂർ, മഞ്ഞപ്ര പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശമുണ്ട്. മൂക്കന്നൂരിൽ മാത്രം 60 ഏക്കർ കൃഷി നശിച്ചു. പാവൽ, പടവലം, പീച്ചിൽ, കുമ്പളം, മത്തൻ, വെണ്ട, ചുരയ്ക്ക, കോവൽ എന്നിവ മേഖലയിൽ വ്യാപകമായി കൃഷിചെയ്തതാണ്. കരിമ്പിലിക്കാട്, അയ്യുണ്ണിപ്പാടം, കിഴക്കേപ്പാടം, ചുണങ്ങാംകുന്ന്, ആക്കുന്ന്, പല്ലിക്കുന്ന്, മുളരിപ്പാടം, ചവിരിക്കുന്ന് ഭാഗത്തെ കൃഷിയിടങ്ങൾ 2 ദിവസത്തിലേറെയായി വെള്ളത്തിലാണ്. മൂക്കന്നൂർ, പൂതംകുറ്റി, കുട്ടാടംപാടം, ഭാഗങ്ങളിലായി 25000 വാഴകൾ വെള്ളത്തിൽ മുങ്ങി. എടലക്കാട്, അട്ടാറ, എപ്പളി ഭാഗങ്ങളിലും കൃഷി നാശമുണ്ട്. കിടങ്ങൂരിൽ പച്ചക്കറി കൃഷി വെള്ളത്തിനടിയിലായി.

ആലങ്ങാട്

വെളിയത്തുനാട്, കരുമാലൂർ ഇൗസ്റ്റ്, വെസ്റ്റ് പഞ്ചായത്തുകളിലായി 110 ഹെക്ടർ നെൽ കൃഷി ഒരാഴ്ചയിലേറെയായി വെള്ളത്തിലാണ്. കരുമാലൂരിൽ മാത്രം 5 ഹെക്ടറിൽ പച്ചക്കറി കൃഷി നശിച്ചു. കുലച്ച 50000 വാഴകൾ, ജാതി, കപ്പ, ചേന എന്നിവ നശിച്ചു. 30 ജാതി മരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീണു.

പറവൂർ

വടക്കേക്കര, ഏഴിക്കര, േചന്ദമംഗലം, ചിറ്റാറ്റുകര മേഖലകളിൽ വ്യാപകമായി പച്ചക്കറി കൃഷി ഇറക്കിയിരുന്നെങ്കിലും പ്രളയജലവും മഴവെള്ളവും ഒന്നിച്ചുവന്നതോടെ അതെല്ലാം നശിച്ചു. പുത്തൻവേലിക്കരയിലും വ്യാപക കൃഷി നാശമുണ്ടായി. മൽസ്യ കൃഷിയിലും ലക്ഷക്കണക്കിനു രൂപയുടെ നാശമുണ്ട്.

വരാപ്പുഴ

കടമക്കുടി, വരാപ്പുഴ, കോട്ടുവള്ളി ഭാഗത്ത് 180 ഏക്കർ പൊക്കാളിക്കൃഷി ദിവസങ്ങളായി വെള്ളത്തിലാണ്. മഴവെള്ളത്തെ ആഴ്ചകളോളം പ്രതിരോധിക്കാൻ പൊക്കാളി നെല്ലിനു കഴിവുണ്ടെങ്കിലും വെള്ളം ഇനിയും വാർന്നുപോയില്ലെങ്കിൽ കൃഷിയുടെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട്.

ലക്ഷങ്ങളുടെ കൃഷി നാശം

കരുമാലൂർ പാടശേഖരത്തു നടുന്നതിനായി വെള്ളപ്പൊക്കത്തിനു മുൻപു കെട്ടിവച്ചിരുന്ന ഞാറ് നശിച്ചു കിടക്കുന്നു.

കരുമാലൂർ ∙ വെള്ളപ്പൊക്കത്തെത്തുടർന്നു കാർഷിക ഗ്രാമമായ കരുമാലൂർ– ആലങ്ങാട് മേഖലയിൽ ലക്ഷങ്ങളുടെ കൃഷി നാശം. പ്രാഥമിക കണക്കെടുപ്പിൽ നൂറോളം കർഷകരെ പ്രളയം ബാധിച്ചു. ഇരു പ്രദേശങ്ങളിലും  ഓണത്തിനു മുന്നോടിയായി കൃഷി ചെയ്‌ത ഏകദേശം 50000 വാഴ വെള്ളക്കെട്ടിൽ മുങ്ങി നാശത്തിന്റെ വക്കിലാണ്. കരുമാലൂർ കൃഷിഭവന്റെ പരിധിയിൽ മാത്രം 110 ഹെക്ടർ നെൽകൃഷി, 5 ഹെക്ടർ പച്ചക്കറി കൃഷി എന്നിവ ഒരാഴ്ചയോളം വെള്ളം കെട്ടിനിന്നതിനെത്തുടർന്നു നശിച്ച അവസ്ഥയിലാണ്.

കരുമാലൂർ, വെളിയത്തുനാട് മേഖലകളിലെ ഈസ്റ്റ്– വെസ്റ്റ് പാടശേഖരങ്ങളില മുണ്ടകൻ കൃഷിയാണു വെള്ളക്കെട്ടിൽ നശിച്ചത്. മാട്ടുപുറം, മാഞ്ഞാലി, വെളിയത്തുനാട്, മുറിയാക്കൽ, അടുവാത്തുരുത്തു മേഖലകളിലാണു വാഴകൃഷിക്കു നാശം സംഭവിച്ചത്. 12000 കുലയ്ക്കാത്ത വാഴയും 10000 കുലച്ച വാഴയും വെള്ളക്കെട്ടിലാണ്. ഇതിൽ ഭൂരിഭാഗം വാഴയുടെയും ഇലകൾ പഴുത്തു തുടങ്ങുകയും മഞ്ഞളിപ്പു ബാധിക്കുകയും ചെയ്തിട്ടുണ്ട്. കുറേയേറെ വാഴ കാറ്റിൽ ഒടിഞ്ഞു വീണു. 

ആലങ്ങാട് മേഖലയിൽ കൊടുവഴങ്ങ, പാനായിക്കുളം, മേത്താനം, ചിറയം പ്രദേശങ്ങളിലെ 15 ഹെക്ടർ വാഴകൃഷിക്കാണു നാശം സംഭവിച്ചത്. കൂടാതെ ഇരു പഞ്ചായത്തുകളിലുമായി 30 ജാതി മരം കാറ്റിൽ ഒടിഞ്ഞു വീണിട്ടുണ്ട്.  കുറെയേറെ ഇപ്പോഴും വെള്ളക്കെട്ടിലാണ്. പരുവക്കാട് മേഖലയിൽ കപ്പകൃഷിക്കു വൻതോതിൽ നാശം സംഭവിച്ചു. വെള്ളക്കെട്ടു പൂർണമായി മാറാത്തതിനാൽ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

വരും ദിവസങ്ങളിൽ നാശനഷ്ടക്കണക്കുകൾ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ജില്ലാ കൃഷി ഓഫിസർക്കു സമർപ്പിക്കുമെന്നു കൃഷി ഓഫിസർ അറിയിച്ചു. നിലവിൽ, കർഷകരിൽ നിന്നു നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ കൃഷിഭവനുകൾ വഴി സ്വീകരിക്കുന്നുണ്ട്. ഓണത്തിനു വിളവെടുക്കാൻ പാകത്തിൽ ഒട്ടേറെ കർഷകരാണു കരുമാലൂർ– ആലങ്ങാട് മേഖലയിൽ കൃഷി ചെയ്തത്. പലരും പാട്ടത്തിനെടുത്ത സ്ഥലത്തു കടമെടുത്താണു കൃഷിയിറക്കിയത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama