go

പുഴ നിറഞ്ഞു മാലിന്യം: നഗരം കുളമായി

ernakulam news
അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുറങ്ങര തോട് വൃത്തിയാക്കുന്നു.
SHARE

അങ്കമാലി ∙ അങ്കമാലിയിലെ വെള്ളപ്പൊക്കത്തിന് കാരണം നഗരത്തെ ചുറ്റിയുള്ള തോട്ടിലെ മാലിന്യം. നീരൊഴുക്കില്ലാത്ത തോട്ടിലെ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കു കയറുകയാണ്. തോട് യഥാസമയം വൃത്തിയാക്കാത്തതാണു നഗരസഭാ പ്രദേശത്തെ വീടുകളിൽ വെള്ളം കയറാനുള്ള പ്രധാന കാരണമെന്നു നാട്ടുകാർ ആരോപിച്ചു. അങ്കമാലിയെ ചുറ്റി ഒഴുകുന്ന തോട്ടിലെ നീരൊഴുക്ക് സുഗമമാകാത്തതാണ് ചെത്തിക്കോട്, നായത്തോട്, വേങ്ങൂർ, വളവഴി, മുല്ലശേരി, കല്ലുപാലം, കോതകുളങ്ങര, പീച്ചാനിക്കാട്, ചമ്പന്നൂർ, എടത്തോട് പാടം,

ചാക്കോള കോളനി,കയറ്റംകുഴി തുടങ്ങിയ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിനു കാരണമാകുന്നത്. റെയിൽവേ മേൽപാലം മുതൽ നായത്തോട് തുറവാൾ വരെ പതിനഞ്ച് പാലങ്ങളാണ് ഉള്ളത്. അതിൽ രണ്ട് പാലങ്ങളിലൂടെയുള്ള നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ടു കിടക്കുകയാണ്. ഖര മാലിന്യം, ലേബർ ക്യാംപുകളിലെ ശുചിമുറി മാലിന്യം, ഇറച്ചി മാലിന്യം തുടങ്ങിയവ തള്ളുന്നത് ഈ തോട്ടിലേക്കാണ്. തോട്ടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീരൊഴുക്കിനു തടസ്സം സൃഷ്ടിച്ചതിനാൽ ഇരുകരകളിലേക്കും താഴ്ന്ന പ്രദേശത്തേക്കും വെള്ളം കയറുകയാണ്.

ചെങ്ങൽതോട് അടഞ്ഞുപോയതിനെ തുടർന്നാണ് നഗരസഭയിലെ പത്തോളം വാർഡുകളിലെ വെള്ളക്കെട്ട് ഉണ്ടാകുന്നത്. \ചെങ്ങൽ തോടിനെ മാഞ്ഞാലി തോടുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്നും നാട്ടുകാർ പറയുന്നു. മറ്റൂർ-കരിയാട് റോഡ് വീതി കൂട്ടിയപ്പോൾ നിലവിലുണ്ടായിരുന്ന തോട് അടഞ്ഞതും റോഡ് പുതുക്കി നിർമിച്ചപ്പോൾ ഒരടിയോളം ഉയര വ്യത്യാസം വന്നതും നായത്തോട് അങ്കണവാടി പരിസരത്തെ വെള്ളക്കെട്ടിലാക്കി.ഈ പ്രദേശത്തെ പതിനഞ്ചോളം വീട്ടുകാർ ദുരിതത്തിലാണ്.

വീടിനകത്തേക്കു കാര്യമായി വെള്ളം കയറിയിട്ടില്ലെങ്കിലും പ്രദേശമാകെ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. പല വീട്ടുകാരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. അങ്കണവാടി തുറക്കാൻ ഏറെനാൾ കഴിയും. നായത്തോട് മേഖലയിലെ 5 വാർഡുകളിലെയും പെയ്ത്തുവെള്ളം ഒഴുകിയെത്തുന്നത് എയർപോർട്ട് വാർഡിലേക്കാണ്. നഗരസഭ തോടുകളും കാനകളും സമയബന്ധിതമായി വൃത്തിയാക്കിയതാണ്. കഴിഞ്ഞ ദിവസം മഴക്കെടുതി ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർ ടി.വൈ. ഏലിയാസ് ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽ പെടുത്തി.

കഴിഞ്ഞ പ്രളയത്തെ തുടർന്നു പൊതുമരാമത്ത് അധികൃതർക്ക് ഇതുസംബന്ധിച്ചു നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം ഒഴിവാക്കാൻ നഗരസഭ ഊർജിതമായി രംഗത്തുണ്ട്. തുറങ്ങര തോടിലെ പായലും പുല്ലും ചെളിയും നീക്കിത്തുടങ്ങി. തോട്ടിൽ പായലും കുളവാഴയും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടിയതിനെ തുടർന്ന് വെള്ളം കെട്ടി കിടന്ന തോടിന്റെ ഇരുകരകളിലുള്ളവരും വെള്ളക്കെട്ടിന്റെ ഭീഷണിയിലായിരുന്നു.നഗരസഭ അധ്യക്ഷ എം.എ.ഗ്രേസി, വൈസ് ചെയർമാൻ എം.എസ്.ഗിരീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വിനീത ദിലീപ്, കെ.കെ.സലി, കൗൺസിലർമാരായ ടി.വൈ.ഏലിയാസ്, രേഖ ശ്രീജേഷ്, മുൻ കൗൺസിലർ ടി.ജി.ബേബി എന്നിവർ പ്രസംഗിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama