go

ദുരിതബാധിതർക്കു മുന്നിൽ ശുചീകരണം എന്ന കഠിനദൗത്യം

ernakulam news
പെരിയാറിലെ ജലനിരപ്പ് സാധാരണ നിലയിലായപ്പോൾ പുഴയ്ക്കു നടുവിലെ പുൽത്തുരുത്തുകളും പുൽക്കാടുകളും തെളിഞ്ഞു. കാലടിപ്പാലത്തിൽ നിന്നുള്ള കാഴ്ച.
SHARE

അങ്കമാലി ∙ ചുവപ്പൻ മുന്നറിയിപ്പിന്റെ ഭീതിക്കിടയിലും വെള്ളപ്പൊക്ക ബാധിതർ ക്യാംപ് വിട്ടു. വീടുകളിലെ ശുചീകരണം പൂര്‍ത്തിയായിട്ടില്ല. കിണറുകളും ശുചിമുറികളും വൃത്തിയാക്കുകയെന്ന ശ്രമകരമായ ജോലിയാണു ബാക്കിയുള്ളത്. അങ്കമാലിയിലെ മൂന്നു ദുരിതാശ്വാസ ക്യാംപുകളും പ്രവർത്തനം നിർത്തി. ഇനി വീടുകളിൽ അന്തിയുറങ്ങാം. എന്നാൽ താമസത്തിനു പൂർണസജ്ജമല്ല. ചമ്പന്നൂർ സെന്റ് ആന്റണീസ് എൽപി സ്കൂൾ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ, സെന്റ് മേരീസ് കത്തീഡ്രൽ ഹാൾ എന്നിവിടങ്ങളിലായിരുന്നു ക്യാംപുകൾ. മൂന്നു ക്യാംപുകളിലും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സപ്ലൈകോ വഴിയാണു ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കിയത്. വീടു വൃത്തിയാക്കുന്നതിനുള്ള ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെ നൽകിയാണ് ക്യാംപിലുള്ളവരെ വിട്ടത്.

പാടത്തും പറമ്പിലും റോഡിലും വെള്ളം

കളകളും പായലും കെട്ടിനിൽക്കുന്നതിനാൽ വെള്ളം ഇറങ്ങാതെ ഗതാഗതം തടസ്സപ്പെട്ട ചമ്പന്നൂർ സെന്റ് ആന്റണീസ് സ്കൂൾ റോഡ്.

ചമ്പന്നൂർ, എടത്തോട് പാടം, ചാക്കോള കോളനി, കയറ്റംകുഴി, കല്ലുപാലം നഗർ എന്നിവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും പാടശേഖരങ്ങളിലും പറമ്പുകളിലും റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വീടുകളിൽ നിന്നു  വെള്ളം ഇറങ്ങിയെങ്കിലും താമസയോഗ്യമാകണമെങ്കിൽ ഇനിയും ദിവസങ്ങൾ പിടിക്കും. കിണറുകളും ശുചിമുറികളും വൃത്തിയാക്കേണ്ടതുണ്ട്. ക്ലോറിനേഷൻ നടത്തുകയും വേണം. വീടുകളിലും പറമ്പുകളിലും ഇഴജന്തുക്കളുടെ ശല്യമുണ്ട്. എടത്തോട്പാടം കോളനിയിലെ വീടുകളിലും മറ്റും മാഞ്ഞാലിത്തോട്ടിൽ നിന്നുള്ള മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. 

ശുചീകരണം; വീടും കിണറും പ്രധാനം

വെള്ളം കയറിയ ഭാഗങ്ങളിലെ റോഡുകളിൽ പലതും സഞ്ചാരയോഗ്യമല്ല. പായലും ചെളിയും കളകളും അടിഞ്ഞുകൂടിയതിനാൽ ചമ്പന്നൂർ പാറപ്പുറത്തു നിന്നു സെന്റ് ആന്റണീസ് സ്കൂളിലേക്കുള്ള കുട്ടാടൻകുഴി, മണൽ‌ക്ക, തുരുത്ത് എന്നീ റോഡുകളിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. മുണ്ടൻകുഴി, വെട്ടിയാട് പാടശേഖരം,പാറപ്പുറം–ഐക്യാട്ടുകടവ് റോഡുകൾ വൃത്തിയാക്കേണ്ടതുണ്ട്. കൃഷി ചെയ്യാത്ത സ്ഥലങ്ങളിൽ പായൽ അടിഞ്ഞു വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഗതാഗതയോഗ്യമല്ല. ചമ്പന്നൂരിൽ വീടുകൾ വൃത്തിയാക്കൽ പൂർത്തീകരിച്ചിട്ടില്ല.

ചമ്പന്നൂരിലെ 45 കുടുംബങ്ങളാണു ക്യാംപിലുണ്ടായിരുന്നത്. അൻപതോളം കിണറുകളാണു വൃത്തിയാക്കാനുള്ളത്. എടത്തോട് പാടം കോളനിയിലെ പത്തോളം വീടുകളിലാണു കിണറുകളുള്ളത്. ഇവ വൃത്തിയാക്കേണ്ടതുണ്ട്. ബാക്കിയുള്ള വീട്ടുകാർ പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. എടത്തോടു പാടത്തെ വീടുകളിലെ ശുചിമുറികളും വൃത്തിയാക്കണം. എടത്തോടിലെ 56 വീടുകളിലാണു വെള്ളം കയറിയത്. ഇവർ സെന്റ് മേരീസ് കത്തീഡ്രലിന്റെ ഹാളിലാണ് അഭയം തേടിയത്.

ചാക്കോള കോളനിയിലെ വെള്ളം കയറിയ വീടുകൾ പൂർണമായി താമസയോഗ്യമാക്കണമെങ്കിൽ ദിവസങ്ങൾ പിടിക്കും. കിണറുകളും ശുചിമുറികളും വൃത്തിയാക്കേണ്ടതുണ്ട്. വെള്ളം കെട്ടിക്കിടന്നതിനാൽ ശുചിമുറികൾ ഉപയോഗിക്കാനാവില്ല. സാനിറ്റേഷൻ ഫണ്ട് ഉപയോഗിച്ച് വെള്ളപ്പൊക്കം ബാധിച്ച വീടുകൾക്ക് അടിയന്തരമായി ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നു കൗൺസിലർമാർ ആവശ്യപ്പെട്ടു. വേങ്ങൂരിൽ മൊത്തം 12 വീടുകളിൽ വെള്ളം കയറി. ഈ ഭാഗത്തെ രണ്ടു വീടുകൾ കൂടി വൃത്തിയാക്കാനുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama