go

ഇലക്ട്രിക് സ്കൂട്ടറും ലാപ്ടോപും വേണ്ട; 4 വർഷത്തെ പെരുന്നാൾ സമ്മാനം നൽകി സിമിയും സഫയും

ernakulam news
സിമി ഫാത്തിമയും സഫ ഫാത്തിമയും ആലുവയിലെത്തിയ കലക്ടർ എസ്. സുഹാസിനു വസ്ത്രങ്ങൾ കൈമാറുന്നു.
SHARE

ആലുവ∙ ഒന്നുകിൽ ഇലക്ട്രിക് സ്കൂട്ടർ, അല്ലെങ്കിൽ ലാപ്ടോപ്. കഴിഞ്ഞ 4 വർഷം ബന്ധുക്കൾ പെരുന്നാൾ സമ്മാനമായി നൽകിയ 24,800 രൂപ സ്കൂൾ വിദ്യാർഥികളായ സിമിയും സഫയും ഭദ്രമായി സൂക്ഷിച്ചത് അതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ദിവസം ‘വാപ്പി’യുടെ കൂടെ പ്രളയ ദുരിതാശ്വാസ ക്യാംപുകളിൽ ചെന്നപ്പോൾ പക്ഷേ, അവരുടെ മനസ്സു മാറി. 

സ്വന്തം ആവശ്യത്തിനു മാറ്റിവച്ച തുക വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്നവർക്കു കൊടുക്കാൻ ആഗ്രഹം. കലക്ടർ എസ്. സുഹാസിനെ ബന്ധപ്പെട്ടപ്പോൾ പണമായി വാങ്ങാൻ ബുദ്ധിമുട്ടുണ്ടെന്നും സാധനങ്ങളായി തന്നാൽ സ്വീകരിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് ഉമ്മ സബീനയ്ക്കൊപ്പം പോയി വസ്ത്രങ്ങൾ വാങ്ങി.

കുട്ടികളുടെ ത്യാഗ സന്നദ്ധത മനസ്സിലാക്കിയ കടയുടമ 37,000 രൂപയുടെ വസ്ത്രങ്ങൾ നൽകി. ബാക്കി ഡിസ്കൗണ്ട്. രണ്ടുപേർക്കും ഓരോ വർണക്കുടയും അദ്ദേഹം സമ്മാനിച്ചു. വസ്ത്രങ്ങൾക്കൊപ്പം ആ കുടകളും കുട്ടികൾ കലക്ടറെ ഏൽപിച്ചു. അൻവർ സാദത്ത് എംഎൽഎയുടെ മക്കളാണ് കടുങ്ങല്ലൂർ രാജശ്രീ സ്കൂൾ 10, 5 ക്ലാസുകളിൽ പഠിക്കുന്ന സിമി ഫാത്തിമയും സഫ ഫാത്തിമയും.

ഇഷ എസ്. നിയതി, നതന്യ പി. സാബു, പി. നേഹ ബാബു എന്നിവർ

കുട്ടിക്കൂട്ടത്തിന്റെ കരുതൽ

കൊച്ചി ∙ സ്വരുക്കൂട്ടി വച്ച പോക്കറ്റ് മണി അവർ പുറത്തെടുത്തു. വെള്ളവും, ബിസ്കറ്റും, റസ്കും വാങ്ങി ‘അൻപോടു കൊച്ചി’യുടെ കലക്‌ഷൻ സെന്ററിലെത്തി കൈമാറിയിട്ടു പറഞ്ഞു– ‘ഇതെല്ലാം വയനാട്ടിലെയും മലപ്പുറത്തെയും ഞങ്ങളുടെ കൂട്ടുകാർക്കു കൊടുക്കണം’. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ഇഷയുടെയും, നതന്യയുടെയും, നേഹയുടെയും കളമശേരിയിലെ വീടുകളിലും വെള്ളം കയറിയിരുന്നു. അന്നു തങ്ങളെ ചേർത്തു പിടിച്ചവരെ ആ കുഞ്ഞു കൈകൾ കൊണ്ട് അവരും ചേർത്തു പിടിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിനായി ചെറു പതാകകൾ നിർമിച്ചു വിറ്റ് അവർ കുറച്ചു പണം സമ്പാദിച്ചിരുന്നു.

അതെല്ലാമെടുത്തു. ബാക്കിയുള്ളതു ചേച്ചിമാരോടും, ചേട്ടൻമാരോടും വാങ്ങി. അങ്ങനെ സമാഹരിച്ച 15,000 രൂപ കൊണ്ടാണ് അവർ സാധനങ്ങൾ വാങ്ങിയത്. ഇനിയും സാധനങ്ങൾ കൊണ്ടുവന്നു കൊടുക്കാനാണ് ഈ മൂവർ സംഘത്തിന്റെ പരിപാടി. രാജഗിരി സ്കൂളിലെ വിദ്യാർഥികളാണ് ഇവർ– ഇഷ എസ്. നിയതി (ആറാം ക്ലാസ്), നതന്യ പി. സാബു (മൂന്നാം ക്ലാസ്), പി. നേഹ ബാബു (എട്ടാം ക്ലാസ്). ഒരു ചെറിയ സംഘടനയും മൂന്നു പേർക്കുമായുണ്ട്– ബീസ് (ബേബീസ് വിത്ത് ഇന്തൂസിയാസം, എനർജി ആൻഡ് സ്മൈൽ). ഇതു തന്നെയല്ലേ യഥാർഥ പുഞ്ചിരി!

കളിക്കൂട്ടുകാരായ ആറു കുട്ടികൾ ചേർന്നു വാങ്ങിയ ദുരിതാശ്വാസ സാധനങ്ങൾ കലക്ടറേറ്റിലെ സംഭരണ കേന്ദ്രത്തിലെത്തിച്ചപ്പോൾ.

കളിക്കൂട്ടുകാരുടെ ഒരു കൈ സഹായം

കാക്കനാട്∙ കുഞ്ഞുടുപ്പുകളും ബിസ്ക്കറ്റും ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി കലക്ടറേറ്റിലെ സംഭരണ കേന്ദ്രത്തിലെത്തിയ കുട്ടിക്കൂട്ടം  ശ്രദ്ധേയരായി. കളിക്കൂട്ടുകാരായ 6 വിദ്യാർഥികളാണു തങ്ങളുടെ പോക്കറ്റ് മണി ഉപയോഗിച്ചു വാങ്ങിയ ദുരിതാശ്വാസ സാധനങ്ങളുമായി എത്തിയത്. രക്ഷിതാക്കളും അയൽക്കാരും ഇവരെ സഹായിച്ചു.

തൃക്കാക്കര മേരിമാത പബ്ലിക് സ്കൂളിലെ അഭിനവ് രതീഷ്, ഭവൻസ് ആദർശ വിദ്യാലയത്തിലെ അഭിനവ് മഹേശ്വർ, മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇ.ഡി.അഖിൽ, ഇ.ഡി.അമൽ, തുതിയൂർ സെന്റ് ചാൾസ് കോൺവന്റ് സ്കൂളിലെ അർജുൻ റെജി, തൃക്കാക്കര സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ കിരൺ കെ.ഗിരി എന്നിവരാണ് ദുരിത ബാധിതർക്കുള്ള സാധനങ്ങളുമായെത്തിയത്.

കൊളംബിയൻ സ്വദേശി മാനുവൽ അരംഗലും കുടുംബവും ‘അൻപോടു കൊച്ചി’ ഓഫിസിലെത്തിയപ്പോൾ.

കൊളംബിയയിൽ നിന്ന് സ്നേഹപൂർവം

കൊച്ചി ∙ ദുബായിൽ ജോലി ചെയ്യുന്ന കൊളംബിയക്കാരൻ മാനുവൽ അരംഗലും കുടുംബവും കൊച്ചി സന്ദർശനത്തിനു വരുമ്പോൾ കൂടെ കൊണ്ടു വന്നത് ഒരു പെട്ടി നിറയെ സാധനങ്ങളാണ്; ദുരിതബാധിതർക്കു കൊടുക്കാൻ. ദുബായിൽ വച്ചേ അവർ അറിഞ്ഞിരുന്നു, കേരളത്തിന്റെ ദുരിതം. നെടുമ്പാശേരിയിൽ വിമാനമിറങ്ങി ടാക്സിയിൽ കയറിയപ്പോൾ ആദ്യം അന്വേഷിച്ചതും ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നായിരുന്നു.

പ്രളയബാധിതർക്കു സഹായമെത്തിക്കാനായി പ്രവർത്തിക്കുന്ന ‘അൻപോടു കൊച്ചി’യുടെ ഓഫിസിലെത്തി അതു കൈമാറിയ ശേഷമാണു മാനുവലും കുടുംബവും സന്ദർശനം തുടങ്ങിയതു തന്നെ. ഇങ്ങനെ ചെറുതും വലുതുമായി ഒട്ടേറെ സഹായങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ‘അൻപോടു കൊച്ചി’ വഴി ദുരിതബാധിതരിലേക്ക് എത്തുന്നു.

പിറന്നാളും പെരുന്നാളും വേണ്ടെന്നു വച്ച് ആ പണം കൊണ്ടു സാധനങ്ങൾ വാങ്ങി കൈമാറിയ കൊച്ചു കുട്ടികൾ വരെ. 15 ട്രക്കുകളിലായി 60 ടണ്ണിലേറെ സാധനങ്ങൾ ഇതിനകം ദുരിതബാധിത മേഖലകളായ നിലമ്പൂർ, വയനാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളിൽ എത്തിച്ചുവെന്ന് ‘അൻപോടു കൊച്ചി’ പ്രവർത്തകർ പറഞ്ഞു. ലുലുമാൾ, സെന്റർ മാൾ, ബിസ്മി എന്നിവിടങ്ങളിലും കലക്‌ഷൻ പോയിന്റുകൾ തുറന്നിട്ടുണ്ട്.

ദുരിതബാധിത മേഖലകളിൽ കൂടുതൽ സാധനങ്ങൾ ആവശ്യമായതിനാൽ കലക്‌ഷൻ സെന്ററുകളുടെ പ്രവർത്തനം നാളെ വരെ നീട്ടുകയും ചെയ്തു. കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ പ്രവർത്തിക്കുന്ന ‘അൻപോടു കൊച്ചി’ കലക്‌ഷൻ സെന്ററിൽ നൂറോളം വൊളന്റിയർമാരാണു  സേവന രംഗത്തുള്ളത്. ഓരോ ജില്ലയിൽ നിന്നുള്ള ആവശ്യങ്ങൾക്ക് അനുസരിച്ചു സാധനങ്ങൾ തരംതിരിച്ചു ട്രക്കുകളിൽ അയയ്ക്കുകയാണു ചെയ്യുന്നത്.

ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, സരയൂ തുടങ്ങിയ ചലച്ചിത്രതാരങ്ങളും അൻപോടു കൊച്ചിയുടെ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.ഗ്ലാസ്, ചൂൽ, ഫിനോയിൽ, ബ്ലീച്ചിങ് പൗഡർ, ഗംബൂട്ട്, മാസ്ക്, ക്ലീനിങ് വൈപ്പർ, അണുനാശിനി, ബെഡ് ഷീറ്റ്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, ടവൽ, പായ, കുപ്പിവെള്ളം തുടങ്ങിയവയാണു ദുരിതബാധിത മേഖലകളിൽ ആവശ്യമുള്ളത്. അൻപോടു കൊച്ചി–  9567 222222,  9567 333333,  9567 666666.

പവർബാങ്ക് നിർമിക്കുന്ന വിദ്യാർഥികളുടെയും ടെക്കികളുടെയും കൂട്ടായ്മ.

പവർബാങ്കുകളുമായി കൂട്ടായ്മ

കൊച്ചി ∙ ഇരുന്ന ഇരുപ്പിൽ ഒരു സംഘം എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ചു കൂട്ടിയതു 300 പവർ ബാങ്കുകൾ. മഴക്കെടുതികളിൽ വൈദ്യുതി നിലച്ചു മൊബൈൽ ഫോൺ പോലും പ്രവർത്തിപ്പിക്കാനാകാതെ, പുറം ലോകത്തേക്ക് ഒരു വിവരവും അറിയിക്കാൻ പറ്റാത്തവിധം ഒറ്റപ്പെട്ടു പോയ മേഖലകളിലെ താമസക്കാർക്കും രക്ഷാപ്രവർത്തകർക്കുമായി പവർ ബാങ്കുകൾ നിർമിച്ചത് ഒരു സംഘം ഐടി പ്രഫഷനലുകളും എൻജിനീയറിങ് വിദ്യാർഥികളും ഉൾപ്പെട്ട കൂട്ടായ്മയാണ്.

നിലച്ചുപോയ ഫോണുകൾക്ക് അൽപനേരത്തേക്കെങ്കിലും ജീവൻ പകരാനുള്ള വിലപ്പെട്ട സഹായം. ഐടി പ്രഫഷനലുകളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസും കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണു പുതുമയുള്ള സേവന വഴി കണ്ടെത്തിയത്. കോളജിലെ അസി. പ്രഫസർ നിതീഷ് കുര്യന്റെ നേതൃത്വത്തിലാണു വിദ്യാർഥികൾ പവർ ബാങ്കുകൾ നിർമിച്ചത്. ‘ഫുളി ചാർജ്ഡ്’ പവർ ബാങ്കുകൾ മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയ ബാധിത മേഖലകളിൽ എത്തിച്ചു.

‘ ഞങ്ങളുടെ മേൽനോട്ടത്തിൽ രാജഗിരിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണു പവർ ബാങ്കുകൾ നിർമിച്ചത്. അതിനുള്ള ഘടകങ്ങളെല്ലാം ഞങ്ങൾ ലഭ്യമാക്കി, അവർ നിർമിച്ചു. ബാറ്ററിയും യുഎസ്ബി കേബിളും റഗുലേറ്ററും ഉൾപ്പെടെ ഒരു യൂണിറ്റിന് 50 രൂപയോളം ചെലവു വന്നു. എൽഇഡി ലൈറ്റ് കൂടി ഘടിപ്പിച്ചാൽ 60 രൂപയാകും. പവർ ബാങ്കുകൾ അയച്ചു കഴിഞ്ഞു.

ആവശ്യമായി വന്നാൽ കൂടുതൽ പവർ ബാങ്കുകൾ നിർമിക്കും’  – പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനിയും കൊച്ചി യൂണിറ്റ് സെക്രട്ടറി അഭിഷേക് ജേക്കബും പറയുന്നു. പവർ ബാങ്ക് നിർമാണം തൽക്കാലം നിർത്തിവച്ചു ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു ദുരിത ബാധിത മേഖലകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണു ടെക്കി സംഘം. അതിനായി ഇൻഫോപാർക്കിലും മറ്റും കലക്‌ഷൻ സെന്ററുകളും തുറന്നുകഴിഞ്ഞു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama