go

ദിവസവും ചികിത്സ തേടി 1,000 പനിബാധിതർ

ernakulam news
SHARE

കൊച്ചി∙ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലയിൽ പനി ഭീഷണിയും. ദിവസവും ആയിരത്തോളം പേരാണ് പനി ബാധിച്ചു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ഇന്നലെ മാത്രം 1,244 പേർ പനി ബാധിച്ചു ചികിത്സ തേടി. ഈ മാസത്തിൽ ഇന്നലെ വരെ 11,122 പേരാണ് പനി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. 21 പേർക്കു ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 65 പേർ ഡെങ്കിപ്പനിയും ആറു പേർ എലിപ്പനിയും സംശയിച്ചു ചികിത്സയിലാണ്.

എളങ്കുന്നപ്പുഴ, നെടുമ്പാശേരി, ചേന്ദമംഗലം, പാലക്കുഴ, കലൂർ, കുന്നുകര, മഞ്ഞപ്ര, പൊന്നുരുന്നി, അങ്കമാലി, പാമ്പാക്കുട തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ആലുവ ഭാഗത്തു നിന്നുൾപ്പെടെ എലിപ്പനിയും റിപ്പോർട്ട് ചെയ്തു. മഴയും വെള്ളക്കെട്ടും മൂലം പനി ബാധിതരുടെ എണ്ണത്തിൽ പ്രത്യേകിച്ചു വർധന ഉണ്ടായിട്ടില്ലെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ. അനിത പറഞ്ഞു.

അതേ സമയം, പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതു തടയാനായി ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. പ്രളയ ബാധിത മേഖലകളിലെല്ലാം ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. കാലവർഷത്തിന്റെ ശക്തി കുറയുകയും പ്രളയജലം പിൻവാങ്ങുകയും ചെയ്തെങ്കിലും കുടിവെള്ള സ്രോതസ്സുകൾ വലിയ തോതിൽ മലിനമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നേരിടേണ്ടി വരുന്ന പ്രധാന ഭീഷണി പകർച്ച വ്യാധികളാണ്. 

എലിപ്പനി: ജാഗ്രത വേണം

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലി, അണ്ണാൻ, മരപ്പട്ടി, പൂച്ച, പട്ടി എന്നിവയിൽ ഈ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ മണ്ണോ മറ്റു വസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിലൂടെ രോഗം പകരാം. 20– 40 പ്രായ വിഭാഗത്തിലുള്ള പുരുഷൻമാരിലാണു രോഗം കൂടുതലായി കാണുന്നത്. ലക്ഷണങ്ങൾ: പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, പേശിവേദന, സന്ധിവേദന, മൂത്രത്തിനു കടുത്ത മഞ്ഞനിറം,

ഓക്കാനം, ഛർദി, വയറിളക്കം, കണ്ണിൽ ചുവപ്പു നിറം. എന്തു ചെയ്യണം: നിലവിലുള്ള സാഹചര്യത്തിൽ പനി ബാധിച്ചാൽ ഉടനെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുക. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഈ ഗുളിക സൗജന്യമായി കിട്ടും. കാലുകളിലോ കൈകളിലോ മുറിവുകളുളളവർ വെള്ളത്തിലിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama