go

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐ സാബുവിന് ജാമ്യം

ernakulam news
SHARE

കൊച്ചി∙ നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതിയായ മുൻ എസ്ഐ കെ.എ. സാബുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിന്റെ ഭൂരിഭാഗവും പൂർത്തിയായി; പ്രധാന സാക്ഷികളുടെ മൊഴിയും എടുത്തു. ഈ സാഹചര്യത്തിൽ ജൂലൈ 3 മുതൽ കസ്റ്റഡിയിലുള്ള പ്രതിയെ ഇനിയും തടവിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നു ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വ്യക്തമാക്കി. മരിച്ച കുമാർ (രാജ്കുമാർ) തന്റെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയായിട്ടില്ലെന്നും മെഡിക്കൽ േരഖകളും മറ്റു സാഹചര്യങ്ങളും പൊലീസ് പീഡനമെന്ന പ്രോസിക്യൂഷൻ കേസിനെ തുണയ്ക്കുന്നില്ലെന്നും ഹർജിഭാഗം വാദിച്ചു.

എന്നാൽ രണ്ടാം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ തെളിവുകളുണ്ടെന്ന് അഡീ. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (എഡിജിപി) ബോധിപ്പിച്ചു. അന്വേഷണം പൂർത്തിയാകാത്ത നിലയ്ക്ക് അഭിപ്രായം പറയുന്നില്ലെന്നു കോടതി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെയും ജയിലിലെയും സിസിടിവി ദൃശ്യങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ, അവ നോക്കിയിട്ടില്ലെന്നും സിസ്റ്റം അപ്പാടെ ലാബ് പരിശോധനയ്ക്കു വിട്ടിരിക്കുകയാണെന്നുമാണ് എഡിജിപി അറിയിച്ചത്.

കസ്റ്റഡി മർദനം ഉണ്ടായോ എന്നറിയാൻ, പരിശോധനയ്ക്കു വിടും മുൻപ് ദൃശ്യങ്ങൾ പരിശോധിക്കാമായിരുന്നു എന്നു കോടതി പറ‍ഞ്ഞു. മജിസ്ട്രേട്ടിന്റെ റിപ്പോർട്ട് കോടതി പരിശോധിച്ചു. തന്റെ മുന്നിൽ ഹാജരാക്കിയപ്പോൾ പൊലീസ് ഉപദ്രവിച്ചതായി രാജ്കുമാർ പറഞ്ഞിട്ടില്ലെന്നും പൊലീസിനെ കണ്ട് ഓടിയപ്പോൾ വീണ് ഇടതു കാലിനു പരുക്കേറ്റെന്നാണു പറ‍ഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്. ജൂൺ 16നാണു സബ്ജയിലിൽ എത്തിച്ചത്. ജൂൺ 18ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പൊലീസ് ഉപദ്രവിച്ചതിനെക്കുറിച്ച് ആദ്യമായി പരാതി പറഞ്ഞത്.

18 വരെ സഹതടവുകാരോടു പോലും ഇക്കാര്യം പറ‍ഞ്ഞതായി രേഖകളിലില്ലെന്ന ഹർജിഭാഗം വാദം കോടതി പരിഗണിച്ചു. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ലെന്നു കോടതി വിലയിരുത്തി. എന്നാൽ, സാക്ഷികളുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് പീഡനത്തിനു തെളിവായി മൊഴികളുണ്ടെന്നും എഡിജിപി പറ‍ഞ്ഞു.

പുറത്തിറങ്ങാൻ പ്രതി 40,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണം. എല്ലാ തിങ്കളാഴ്ചയും കോട്ടയം ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിൽ ഹാജരാകണം, തൊടുപുഴ സെഷൻസ് ഡിവിഷന്റെ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. പരാമർശങ്ങൾ ജാമ്യഹർജിയുടെ തീർപ്പിനു വേണ്ടി മാത്രമാണെന്നു കോടതി വ്യക്തമാക്കി. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama