go

എം.പി. മന്മഥൻ വിട ചൊല്ലിയിട്ട് നാളെ 25 വർഷം

ernakulam news
എം.പി. മന്മഥൻ
SHARE

കൊച്ചി ∙ മദ്യവർജന പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന പ്രഫ. എം.പി. മന്മഥന്റെ വേർപാടിന് നാളെ കാൽനൂറ്റാണ്ട് പൂർത്തിയാകുന്നു. പ്രഗല്ഭ അധ്യാപകൻ, ഉജ്വല വാഗ്മി, നിസ്വാർഥ ജനസേവകൻ, നടൻ, കാഥികൻ, പത്രാധിപർ, എഴുത്തുകാരൻ, സംഘർഷ മേഖലകളിലെ സമാധാന ദൂതൻ എന്നീ നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആലപ്പുഴ കല്ലേലിൽ നാരായണപിള്ളയുടെയും മംഗലത്ത് ശാരദാമ്മയുടെയും മകനായി 1914 മേയ് ഒന്നിന് കൊട്ടാരക്കരയിലാണ് ജനനം.

പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ സ്ഥലംമാറ്റത്തിന് അനുസരിച്ച് പലയിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. 1930കളിൽ ഹരിജൻ ഫണ്ടിലേക്ക് പണം പിരിക്കുന്നതിനായി ഭാരതപര്യടനം നടത്തിയ മഹാത്മാഗാന്ധിക്ക് ആലുവയിൽ സ്വീകരണം നൽകിയത് അന്നു യുസി കോളജ് വിദ്യാർഥിയും കോളജ് യൂണിയൻ സെക്രട്ടറിയുമായിരുന്ന എം.പി. മന്മഥന്റെ നേതൃത്വത്തിലായിരുന്നു. മന്നത്തു പത്മനാഭന്റെ സഹായത്തോടെ മൂവാറ്റുപുഴ കോർമലക്കുന്നിൽ ആരംഭിച്ച മലയാളം ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി ജോലി ആരംഭിച്ചു.

സ്കൂളിന് അടിസ്ഥാന സൗകര്യമൊരുക്കാൻ ടിക്കറ്റ് വച്ചു കഥാപ്രസംഗം നടത്തി ധനസമാഹരണം നടത്തിയ മന്മഥൻ പിന്നീട് കേരളത്തിനകത്തും പുറത്തും പേരെടുത്ത കാഥികനായി. പിന്നീട് മന്നത്തിന്റെ ക്ഷണപ്രകാരം ചങ്ങനാശേരിയിൽ എൻഎസ്എസ് ആസ്ഥാനത്ത് ഓഫിസ് മാനേജരായി നിയമിതനായി. എൻഎസ്എസ് ജനറൽ സെക്രട്ടറി പദത്തിൽ വരെയെത്തിയ അദ്ദേഹം പിന്നീട് സ്ഥാനം വിട്ടൊഴിഞ്ഞു.

തുടർന്ന് പന്തളം എൻഎസ്എസ് കോളജിൽ മലയാളം അധ്യാപകനായി ചേർന്ന മന്മഥൻ പെരുന്ന എൻഎസ്എസ് കോളജ്, തിരുവനന്തപുരം എംജി കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ പദവിയും വഹിച്ചു. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സ്ഥാനം എംജി കോളജിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. എന്നാൽ രാഷ്ട്രീയ അതിപ്രസരം കാരണം ക്ലാസിൽ കയറാത്ത കുട്ടികൾക്ക് നിയമങ്ങൾ അവഗണിച്ച് പരീക്ഷ എഴുതാൻ അനുവാദം നൽകിയ സർവകലാശാലയുടെ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം പ്രിൻസിപ്പൽ പദവി രാജിവച്ചു.

വി.ഗംഗാധരൻ നായരോടൊപ്പം ഗ്രാമസ്വരാജ് എന്ന ആനുകാലികം പ്രസിദ്ധീകരിച്ചു. കെ.കേളപ്പന്റെ ജീവചരിത്രം എഴുതി. സ്മൃതിദർപണം എന്ന ആത്മകഥയും ശ്രദ്ധേയമായി. 4 നാടകങ്ങളിലും ‘യാചകൻ’ എന്ന സിനിമയിലും അഭിനയിച്ചു. അടിയന്തരാവസ്ഥയ്ക്ക് എതിരെ പ്രക്ഷോഭം നയിച്ച അദ്ദേഹം 2 തവണ ജയിൽവാസവും അനുഭവിച്ചു. 1980 മുതൽ 1994 ഓഗസ്റ്റ് 15 വരെ നീണ്ട മദ്യവിരുദ്ധ പോരാട്ടമാണ് എം.പി. മന്മഥനെ കേരള സമൂഹത്തിൽ വേറിട്ട സാന്നിധ്യമാക്കിയത്.

1982 സെപ്റ്റംബർ 2ന് വൈപ്പിനിൽ ഉണ്ടായ മദ്യദുരന്തത്തെ തുടർന്ന് കേരളത്തിൽ സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ട് 1984 ഒക്ടോബർ 2ന് മട്ടാഞ്ചേരി കൂവപ്പാടത്തെ ചാരായഷാപ്പിനു മുന്നിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹം ചരിത്രസംഭവമായി. സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 155 ദിവസം നീണ്ട സത്യഗ്രഹം അവസാനിപ്പിച്ചത്. 1994 ഓഗസ്റ്റ് 15ന് അദ്ദേഹം അന്തരിച്ചു. ഈ വർഷത്തെ പ്രഫ. എം.പി. മന്മഥൻ ചരമ ദിനാചരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും കേരളം നേരിടുന്ന പ്രളയത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി എം.പി. മന്മഥൻ സ്മാരക ട്രസ്റ്റ് അധിക‍ൃതർ അറിയിച്ചു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama