go

ജീവിച്ചിരിക്കില്ലെന്ന് അദ്ദേഹത്തോടു കരഞ്ഞു പറഞ്ഞു; നടപടിയെടുത്തില്ലെന്നു മക്കൾ

   എഎസ്ഐ പി.സി. ബാബുവിന്റെ ആലുവ കുട്ടമശേരിയിലെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മക്കളെ ആശ്വസിപ്പിക്കുന്നു.
എഎസ്ഐ പി.സി. ബാബുവിന്റെ ആലുവ കുട്ടമശേരിയിലെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മക്കളെ ആശ്വസിപ്പിക്കുന്നു.
SHARE

ആലുവ∙ ‘‘അച്ഛൻ ഞങ്ങളെയും കൂട്ടി സിഐയെ കണ്ടിരുന്നു. എസ്ഐയുടെ ഉപദ്രവം തുടർന്നാൽ ജീവിച്ചിരിക്കില്ലെന്ന് അദ്ദേഹത്തോടു കരഞ്ഞു പറഞ്ഞു. എന്നിട്ടും നടപടി ഉണ്ടായില്ല’’. മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്നു ജീവനൊടുക്കിയ തടിയിട്ടപറമ്പ് എഎസ്ഐ പി.സി. ബാബുവിന്റെ മക്കളായ കാർത്തികയും ഹിരണും ഇതു പറയുമ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവരെ ചേർത്തുപിടിച്ചു. ‘4 മാസം കഴിഞ്ഞാൽ അച്ഛനു പ്രമോഷൻ കിട്ടുമായിരുന്നു. എസ്ഐ അതു തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായി അച്ഛൻ ഭയപ്പെട്ടിരുന്നു’വെന്നും കുട്ടികൾ വെളിപ്പെടുത്തി. 

‘‘ഈ മക്കൾക്കു വേണ്ടി ആവുന്നതു ചെയ്യണ’’മെന്നു മുതിർന്ന കുടുംബാംഗങ്ങൾ അഭ്യർഥിച്ചപ്പോൾ മുഖ്യമന്ത്രിയെ കണ്ടു സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ബാബുവിന്റെ കുടുംബത്തിനു നീതി കിട്ടാനുള്ള പോരാട്ടത്തിൽ രാഷ്ട്രീയത്തിനതീതമായി നാട്ടുകാർ ഒന്നിച്ചു നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. 

ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്ഐയെ സസ്പെൻഡ് ചെയ്ത് ആത്മഹത്യാ പ്രേരണയ്ക്കു കേസ് എടുക്കണമെന്ന് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടു. ‘‘അതീവ ഗുരുതരമായ സംഭവമാണിത്. കർശനവും ശക്തവുമായ നടപടി വേണമെന്നു ഡിജിപിയോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടട്ടെ എന്നാണു പറഞ്ഞത്. സഹപ്രവർത്തകരെ പീഡിപ്പിക്കുന്നവർ സർവീസിൽ തുടരാൻ യോഗ്യര‌ല്ല. ജോലിയുമായി ബന്ധപ്പെട്ട സമ്മർദങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടി വരുന്നു. കഴിവുറ്റ കേരള പൊലീസിന് ഇതു കളങ്കമാണ്.

സേനയിൽ അച്ചടക്കം വേണം. എന്നാൽ, അടിമത്തമാകരുത്. അട്ടപ്പാടിയിൽ അപമാനിക്കപ്പെട്ട ആദിവാസി പൊലീസുകാരൻ ആത്മഹത്യ ചെയ്തതും കണ്ണൂരിൽ മറ്റൊരു ആദിവാസി പൊലീസുകാരൻ അതേ കാരണത്താൽ രാജിക്കു മുതിർന്നതും നിസ്സാരമായി തള്ളരുത്. പൊലീസുകാർക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ ഓർക്കണം’’– പ്രതിപക്ഷ നേതാവ് പറഞ്ഞു.അൻവർ സാദത്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama