go

ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം; വൻ അപകട സാധ്യത ഒഴിവാക്കി

  ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിലെ തീപിടിത്തത്തെത്തുടര്‍ന്ന് വീടിനു പുറത്തേക്ക് വലിച്ചിട്ട വസ്തുക്കള്‍.
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിലെ തീപിടിത്തത്തെത്തുടര്‍ന്ന് വീടിനു പുറത്തേക്ക് വലിച്ചിട്ട വസ്തുക്കള്‍.
SHARE

കൊച്ചി∙ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ഇടപ്പള്ളി അഞ്ചുമന മദർ തെരേസ റോഡിലെ വീട്ടിൽ തീപിടിത്തം. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി, മക്കൾ, വീട്ടു ജോലിക്കാർ എന്നിവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശ്രീശാന്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. താഴത്തെ നിലയിലെ കിടപ്പു മുറിയിലെ കിടക്കയും ഫർണിച്ചറും എസി അടക്കം ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. മറ്റു മുറികളിലേക്കു തീ പടരാതിരുന്നതു വൻ അപകട സാധ്യത ഒഴിവാക്കി. വൈദ്യുതി ഷോർട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു അഗ്നിരക്ഷാസേന വ്യക്തമാക്കി.

ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു 3 നില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ തീ പിടിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ശ്രീശാന്ത് വെള്ളിയാഴ്ച ഉച്ചയോടെ വാരാണസിയിലേക്കു പോയിരുന്നു. ഭാര്യയും മക്കളായ ശ്രീസാൻവിക (4), സൂര്യശ്രീ (2) എന്നിവരും 3 ജോലിക്കാരുമാണു വീട്ടിലുണ്ടായിരുന്നത്. ഭുവനേശ്വരിയും മക്കളും 2 വനിതാ ജോലിക്കാരും മുകളിലത്തെ നിലയിലായിരുന്നു. ഒരു ജോലിക്കാരൻ താഴത്തെ നിലയിലായിരുന്നു. തൊട്ടടുത്ത മുറിയിലെ തീപിടിത്തം പക്ഷേ, ഇയാൾ അറിഞ്ഞിരുന്നില്ല.

വൈദ്യുതി ബന്ധം നിലയ്ക്കുകയും പുകമണം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് ഭുവനേശ്വരി ഒന്നാം നിലയിലെ ബാൽക്കണിയിൽ ഇറങ്ങി നോക്കിയപ്പോഴാണു പുക പടരുന്നത് കണ്ടത്. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന ശ്രീശാന്തിന്റെ സഹോദരി ദിവ്യ മധുബാലകൃഷ്ണനെ വിവരം അറിയിച്ച ശേഷം ഭുവനേശ്വരി സ്വയം രക്ഷാപ്രവർത്തന ശ്രമങ്ങൾ ആരംഭിച്ചു. ഒന്നാം നിലയിലെ ഗ്രിൽ ഇല്ലാത്ത ഗ്ലാസ് ജനാല തുറന്ന് ബെഡ്ഷീറ്റുകൾ കോർത്ത് കെട്ടി അതിലൂടെ ഒരു ജോലിക്കാരിയെ താഴേക്ക് ഇറക്കി.

പിന്നാലെ മുറിയിലെ മെത്തകൾ താഴേക്കിട്ട് കുഞ്ഞുങ്ങളെ രക്ഷിക്കാൻ വഴിയൊരുക്കി. അപ്പോഴേക്കും ദിവ്യ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര അഗ്നിരക്ഷാസേന എത്തി. ഇവർ ഏണി ഉപയോഗിച്ച് ഭുവനേശ്വരിയെയും കുഞ്ഞുങ്ങളെയും മറ്റൊരു ജോലിക്കാരിയെയും താഴെയിറക്കി. പിന്നാലെ വീടിന്റെ അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കടന്നു താഴത്തെ നിലയിലുണ്ടായിരുന്ന ജോലിക്കാരനെയും പുറത്തെത്തിച്ചു.

ഗാന്ധി നഗർ അഗ്നിരക്ഷാസേനയും എത്തി അര മണിക്കൂറിനുള്ളിൽ തീയണച്ചു. ശ്രീശാന്തിന്റെ അച്ഛൻ ശാന്തകുമാരൻ നായരും ദിവ്യയും ഇതിനകം സ്ഥലത്തെത്തി ഭുവനേശ്വരിയെയും കുട്ടികളെയും ജീവനക്കാരെയും കൂട്ടിക്കൊണ്ടുപോയി.തിപിടിച്ച മുറിയിൽ മാത്രം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ നശിച്ചിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനമെന്നു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ തൃക്കാക്കര ഫയർ ഓഫിസർ വി.എസ്.രഞ്ജിത്ത് കുമാർ അറിയിച്ചു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama