go

തെറ്റു ചെയ്യാത്ത തങ്ങളെ എന്തിന് ദ്രോഹിക്കുന്നുവെന്ന് താമസക്കാർ

Ernakulam News
നെട്ടൂർ ആൽഫാ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനു മുന്നിൽ ആവലാതി ബോധിപ്പിക്കുന്ന താമസക്കാരൻ ചെന്നൈ ഐഐടിയിലെ റിട്ട. പ്രഫ. എം.ജെ. മാത്യു. നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ, കലക്ടർ എസ്. സുഹാസ് തുടങ്ങിയവർ സമീപം.
SHARE

മരട്∙ ‘‘തീരദേശ നിയമം ലംഘിച്ചാണ് ഈ അപ്പാർട്മെന്റുകൾ നിർമിച്ചതെങ്കിൽ ആ തെറ്റ് ചെയ്തവരെയല്ലേ ശിക്ഷിക്കേണ്ടത്. ഇതു നിർമിച്ച ബിൽഡർമാർക്കെതിരെയോ അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പഞ്ചായത്ത് അധികാരികൾക്കെതിരെയോ ഒരു നടപടിയുമില്ല, ഉത്തരവുമില്ല. ഇപ്പോൾ കോടതി ഉത്തരവിലൂടെ വഴിയാധാരമാകുന്നത് ഞങ്ങൾ നിരപരാധികളായ താമസക്കാർ മാത്രമാണ്. എല്ലാ അനുമതികളോടെയും നിർമിച്ചതെന്നു രേഖകളുള്ള ഫ്ലാറ്റുകൾ സമ്പാദ്യമെല്ലാം മുടക്കി വാങ്ങി താമസിക്കുന്ന ‍ഞങ്ങളെങ്ങനെ തെറ്റുകാരാവും. ഇതെന്തു നീതിയാണ്’’– സുപ്രീം കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളുടെ ഉടമകൾ ചോദിക്കുന്നു.

ചീഫ് സെക്രട്ടറി ടോം ജോസ് ഫ്ലാറ്റുകൾ സന്ദർശിക്കാൻ എത്തിയപ്പോഴും നിസ്സഹായരായ ഫ്ലാറ്റ് ഉടമകളുടെ സങ്കടവും ദയനീയതയും അണപൊട്ടി.‘‘താമസക്കാരായ ഞങ്ങൾക്ക് ഇതുവരെ ഒരു നോട്ടിസ് പോലും ലഭിച്ചിട്ടില്ല. ഞങ്ങളെ മനുഷ്യ ജീവികളായിക്കൂടി പരിഗണിക്കാത്ത വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങളെ കേൾക്കണമെന്നായിരുന്നു ആവശ്യം. നിയമം അനുശാസിക്കുന്ന ഏതു രേഖയും നൽകാൻ തയാറായിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ ഏതു വാതിലിൽ മുട്ടാനും ആരുടെ കാലിൽ വീഴാനും തയാറാണ്. ഫ്ലാറ്റിന്റെ ഉടമസ്ഥത പോലും ഞങ്ങൾക്ക് തരേണ്ട.വെളളവും വൈദ്യുതിയും തന്ന് ഞങ്ങളെ ഇവിടെ ജീവിക്കാൻ അനുവദിച്ചാൽ മതി’’- തൊഴുകൈകളോടെ ചീഫ് സെക്രട്ടറി ടോം ജോസിനു മുന്നിൽ സങ്കടം പങ്കുവയ്ക്കുമ്പോൾ ചെന്നൈ ഐഐടിയിലെ മുൻ അധ്യാപകനും നെട്ടൂർ ആൽഫാ വെഞ്ചേഴ്സിലെ താമസക്കാരനുമായ പ്രഫ. എം.ജെ. മാത്യുവിനു വാക്കുകൾ ഇടറി.

‘‘ഈ കിടപ്പാടം പോയാൽ തെരുവിൽ ഉറങ്ങേണ്ടിവരും. മറ്റൊരിടത്തേക്കും പോകാനില്ല. പലരും ഫ്ലാറ്റ് വാങ്ങിയതിന്റെ വായ്പപോലും അടച്ചു കഴിഞ്ഞിട്ടില്ല. പൊളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ജെസിബി വന്ന് ഞങ്ങളുടെ മുകളിലൂടെ കയറിയിറങ്ങിക്കോട്ടെ. അല്ലെങ്കിൽ പൊലീസ് വെടിവച്ചു കൊന്നോട്ടെ. എന്നാലും പിന്നോട്ടില്ല–’’ ചീഫ് സെക്രട്ടറിയുടെ സന്ദർശനത്തിനു പിന്നാലെ ഹോളി ഫെയ്ത് എച്ച്ടുഒ അപ്പാർട്മെന്റിലെ താമസക്കാരുടെ രോഷം അണപൊട്ടി. സന്തോഷം നിറയേണ്ട ഓണക്കാലത്ത് ആശങ്കയുടെ മുൾമുനയിലാണ് ഇവിടത്തെ നൂറുകണക്കിനു താമസക്കാർ. കോടതി ഉത്തരവിലൂടെ, നഷ്ടപരിഹാരം പോലും ഇല്ലാതെ കുടിയിറക്കപ്പെടുന്ന അവസ്ഥ വരുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണിവർ. 20നു മുൻപു ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനം കൂടി വന്നതോടെ ഇവർക്ക് ഓണം സങ്കട നടുവിലാണ്.

നഗരസഭാ സമുച്ചയം പോലും ചട്ടം ലംഘിച്ചു നിർമിച്ചതെന്ന്

മരട്∙ തീരദേശ പരിപാലന നിയമം ലംഘിച്ചതിനാൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകൾക്കു നിർമാണ അനുമതി നൽകിയ കാലയളവിൽ കായലിൽംനിന്ന് 200 മീറ്റർ അകലെയുള്ള നിർമാണം മാത്രമേ നിയമം അനുവദിച്ചിരുന്നുള്ളൂ.  എന്നാൽ, ഇതേ കാലയളിൽ 200 മീറ്റർ തീരപരിധിക്കുള്ളിൽ ആയിരത്തിലധികം കെട്ടിടങ്ങൾക്കു നഗരസഭ നിർമാണ അനുമതി നൽകിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഈ കാലയളവിൽ നിർമിച്ച മരട് നഗരസഭാ ഓഫിസ് കെട്ടിടവും ഈ പരിധിക്കുള്ളിലാണ്. കായലിൽ നിന്ന് 100 മീറ്റർ മാറിയാണ് നഗരസഭാ സമുച്ചയം. സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം മറ്റു കെട്ടിടങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. തീര ദേശ നിയമപ്രകാരം കായലോരത്തെ മരട് നഗരസഭാ പ്രദേശം ഏത് മേഖലയിലാണ് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.  മരട് പഞ്ചായത്ത് ആയിരുന്ന സമയത്താണ് വിവാദമായ ഈ ഫ്ലാറ്റുകൾ ഉൾപ്പെടെ നിർമിക്കാൻ അനുമതി നൽകിയത്. നിർമാണ അനുമതി നൽകിയ അന്നത്തെ മരട് പഞ്ചായത്ത് സെക്രട്ടറി പിന്നീടു കൈക്കൂലിക്കേസിൽ ജയിലിലായിട്ടുണ്ട്.  അദ്ദേഹം സർവീസിൽ നിന്നു വിരമിക്കുകയും ചെയ്തു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റാണ് ഇപ്പോൾ മരട് നഗരസഭാ പ്രതിപക്ഷ നേതാവ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama