go

ദേവെഗൗഡയും ‘സുല്ലിട്ടു’; ജനതാദൾ (എസ്)ന് ഭാരവാഹികളായില്ല

Ernakulam News
ജനതാദൾ (സെക്കുലർ) ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ആലുവ പാലസിൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി മടങ്ങുന്നു. ജോസ് തെറ്റയിൽ, മാത്യു ടി. തോമസ് എംഎൽഎ, മന്ത്രി കെ. കൃഷ്ണൻകുട്ടി, എ. നീലലോഹതദാസൻ നാടാർ തുടങ്ങിയവർ സമീപം.
SHARE

കൊച്ചി ∙ സെക്രട്ടറി ജനറൽ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ജനതാദൾ (എസ്) സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കാനായില്ല. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം തീർത്തു ഭാരവാഹികളെ പ്രഖ്യാപിക്കാൻ ദേശീയ പ്രസിഡന്റ് ദേവെഗൗഡ ആലുവയിൽ എത്തിയിരുന്നു. ഐക്യമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ നേരിട്ടു സെക്രട്ടറി ജനറലിനെ പ്രഖ്യാപിക്കുമെന്നു ദേവെഗൗഡ പറഞ്ഞു. കെ. കൃഷ്ണൻകുട്ടി മന്ത്രിയായതിനെത്തുടർന്നു പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ സി. കെ. നാണു എംഎൽഎയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. അതിനൊപ്പം സംസ്ഥാന ഭാരവാഹികളെയും നിയമിക്കാൻ തീരുമാനിച്ചെങ്കിലും അഭിപ്രായ ഐക്യത്തിലെത്താൻ കഴിയാഞ്ഞതിനാൽ 3 മാസമായി പാർട്ടിക്കു സംസ്ഥാന ഭാരവാഹികളില്ല. ഭാരവാഹികളെ നിശ്ചയിക്കാൻ മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു, നീലലോഹിത ദാസൻ എന്നിവരടങ്ങിയ സമിതിയെ ചുമതലയേൽപിച്ചു.

ഇവർ പലവട്ടം ചർച്ച നടത്തിയിട്ടും അഭിപ്രായ ഐക്യമായില്ല. പലരും ദേശീയ പ്രസിഡന്റ് ദേവെഗൗഡയെ നേരിൽ കാര്യങ്ങൾ ധരിപ്പിച്ചു. ആരും വരേണ്ട, കേരളത്തിലെത്തി താൻ കാര്യങ്ങൾ ചർച്ചചെയ്യാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ദേവെഗൗഡ ഇന്നലെയെത്തിയത്.ചർച്ചയിൽ സെക്രട്ടറി ജനറൽ ഒഴികെയുള്ള ഭാരവാഹികളുടെ കാര്യത്തിൽ ധാരണയായി. പ്രസിഡന്റ് കഴിഞ്ഞാൽ ഏറ്റവും പ്രധാനസ്ഥാനമാണു സെക്രട്ടറി ജനറലിന്റേത്.നിലവിലുള്ള സെക്രട്ടറി ജനറൽ ജോർജ് തോമസ് തുടരണമെന്ന നിലപാടാണു മാത്യു ടി. തോമസിന്. കെ. കൃഷ്ണൻകുട്ടിയും സി.കെ. നാണുവും എറണാകുളം ജില്ലാ പ്രസിഡന്റ് സാബു ജോർജിന്റെ പേരു നിർദേശിച്ചു. നീലലോഹിത ദാസൻ പി.പി. ദിവാകരന്റെ പേരു നിർദേശിച്ചു. മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും സ്വന്തം നോമിനികളുടെ കാര്യത്തിൽ ഉറച്ചു നിന്നതോടെയാണു സെക്രട്ടറി ജനറലിനെ പ്രഖ്യാപിക്കാനാകാതെ ചർച്ച അവസാനിപ്പിക്കേണ്ടി വന്നത്. ൈവകിട്ടു ദേവെഗൗഡ ബെംഗളൂരുവിലേക്കു മടങ്ങി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama