go

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കണക്കാക്കുന്ന ചെലവ് 30 കോടി രൂപ

Ernakulam News
കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതിയുടെ അന്ത.ശാസനത്തെത്തുടർന്ന് അവിടം സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനും ഉദ്യോഗസ്ഥ സംഘത്തിനുമെതിരെ പ്രതിഷേധവുമായി നിരന്ന ഫ്ലാറ്റ് നിവാസികൾ. ഫ്ലാറ്റിലെ താമസക്കാരനായ നടൻ സൗബിൻ ഷാഹിറിനെയും കാണാം. ചിത്രം: മനോരമ
SHARE

മരട് (കൊച്ചി)∙ സുപ്രീം കോടതി ഉത്തരവനുസരിച്ച് 5 ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ നഗരസഭ കണക്കാക്കുന്ന ചെലവ് 30 കോടി രൂപ. ടെൻഡർ വിളിച്ചാണു കരാർ നൽകേണ്ടത്. ഉത്തരവ് 20 മുൻപു നടപ്പാക്കണമെന്നാണു സുപ്രീം കോടതി അന്ത്യശാസനമെങ്കിലും ടെൻഡർ നടപടി ആരംഭിച്ചിട്ടില്ല. ഫ്ലാറ്റുകൾ ഒറ്റയ്ക്കു പൊളിച്ചുമാറ്റാൻ സാമ്പത്തികശേഷിയില്ലെന്നാണു നഗരസഭയുടെ നിലപാട്. ഇതു നഗരസഭയുടെ ബാധ്യതയാണെന്നാണു സർക്കാർ വാദം.

Ernakulam News
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതിയുടെ അന്ത്യശാസനത്തെത്തുടർന്ന് അവിടെ സന്ദർശിച്ച ചീഫ് സെക്രട്ടറി ടോം ജോസ് കായലോരത്തോടു ചേർന്നുള്ള ഭാഗം കാണുന്നു. കലക്ടർ എസ്. സുഹാസ് സമീപം. ചിത്രം: മനോരമ

ഇത്രയും വലിയ കോൺക്രീറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ വൻ സാങ്കേതിക സംവിധാനം വേണ്ടി വരും. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രശ്നവുമുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വിഷയമാണ്. ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിസ്ഥിതി ആഘാത പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല. വിധി നടപ്പാക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി 11 ദിവസത്തിനുള്ളിൽ അവസാനിക്കും. 5 അപ്പാർട്മെന്റ് സമുച്ചയത്തിലെ 350 ഫ്ലാറ്റിൽ 1200 പേർ താമസിക്കുന്നുണ്ടെന്നാണു നഗരസഭയുടെ കണക്ക്.

പരിഹാരം കാണണമെന്ന് കെ.വി.തോമസ്

കൊച്ചി ∙ മരട് ഫ്ലാറ്റ് പ്രശ്നത്തിൽ മാനുഷിക പരിഗണനയോടെയുള്ള ഇടപെടൽ വേണമെന്നു കോൺഗ്രസ് നേതാവ് കെ.വി. തോമസ്. കെട്ടിടം പണിയുന്ന കാലത്തുള്ള നിയമമല്ല ഇപ്പോൾ. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരം ഉണ്ടാക്കണം. എല്ലാ വശങ്ങളും പഠിച്ചു സർക്കാർ പരിഹാരം കാണണമെന്നു കെ.വി. തോമസ് ആവശ്യപ്പെട്ടു.

ഒഴിഞ്ഞു പോകാൻ താമസക്കാർക്ക് നോട്ടിസ് നൽകും

മരട്∙ പൊളിച്ചു മാറ്റേണ്ട ഫ്ലാറ്റുകളിലെ താമസക്കാർക്ക് ഒഴിഞ്ഞു പോകാനുളള നോട്ടിസ് കൊടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കലക്ടർ, സിറ്റി പൊലീസ് കമ്മ‌ിഷണർ, മരട് നഗരസഭ ഭരണാധികാരികൾ എന്നിവർ പങ്കെടുത്തു. ഇന്നു രാവിലെ 10.30നു നഗരസഭ അടിയന്തര കൗൺസിൽ ചേരും. കൗൺസിൽ അംഗീകാരത്തോടെയാകും നോട്ടിസ് നൽകുക. 20നു മുൻപ് 5 ഫ്ലാറ്റും പൊളിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടു മരട് നഗരസഭയ്ക്കു സർക്കാർ നോട്ടിസ് നൽകിയിരുന്നു. ചീഫ് സെക്രട്ടറി ഇന്നലെ ഫ്ലാറ്റുകൾ സന്ദർശിച്ചപ്പോൾ കലക്ടർ എസ്.സുഹാസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കണ്ണാടിക്കാട് ഗോൾഡൺ കായലോരം അപ്പാർട്മെന്റിലാണു സംഘം ആദ്യമെത്തിയത്. തുടർന്നു കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂർ ആൽഫാ വെഞ്ചേഴ്സിന്റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ് എന്നിവിടങ്ങളും സന്ദർശിച്ചു.

'നിയമം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവു നടപ്പാക്കും. അതു സർക്കാരിന്റെ ബാധ്യതയാണ്. ഒഴിഞ്ഞു പോകാൻ താമസക്കാർക്കു നോട്ടിസ് നൽകും. പൊളിക്കും മുൻപു താമസക്കാരുടെ പുനരധിവാസം ഉറപ്പു വരുത്തും.'

- ടോം ജോസ്, ചീഫ് സെക്രട്ടറി

'ഫ്ലാറ്റുകൾ പൊളിക്കേണ്ടതു മരട് നഗരസഭയാണ്. ടെൻഡർ വിളിച്ച് അവരതു ചെയ്യണം. താമസക്കാരുടെ താൽക്കാലിക പുനരധിവാസം മാത്രമാണു ജില്ലാ ഭരണകൂടത്തിന്റെ ചുമതല. ഇത് എവിടെ, എങ്ങനെ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. താമസ സൗകര്യം ആവശ്യമായവരുടെ കണക്കെടുക്കും.'

- എസ്.സുഹാസ്, കലക്ടർ

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama