go

മണിക്കൂറിൽ ശരാശരി 8000 യാത്രക്കാർ; ഓണം ബംപർ അടിച്ചത് മെട്രോയ്ക്ക്

Ernakulam News
SHARE

കൊച്ചി ∙ റോഡിലെ ഓണത്തിരക്ക് ഒഴിവാക്കി യാത്രക്കാർ മെട്രോയാത്ര തിരഞ്ഞെടുത്തതോടെ മെട്രോ ട്രെയിനുകൾ നിറഞ്ഞു കവിഞ്ഞു. വിശേഷദിവസങ്ങളുടെ തലേന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ അനുഭവപ്പെട്ടിരുന്ന ആൾക്കൂട്ടമാണ് ഓരോ മെട്രോ സ്റ്റേഷനിലും ഇന്നലെ കണ്ടത്.ഇന്നലെ വൈകിട്ട് 6നു മെട്രോ യാത്രക്കാരുടെ എണ്ണം 64,704 ആയി. 7 മണിക്കിത് 72,554 എത്തി.

ഓരോ മണിക്കൂറിലും ശരാശരി 8000 പേർ മെട്രോയിൽ യാത്രചെയ്യുന്നു. ആലുവ ഭാഗത്തേക്കും തൈക്കൂടം ഭാഗത്തേക്കും ഒരേപോലെ തിരക്കുണ്ട്. തൈക്കൂടത്തേക്കു പുതിയ ലൈനിൽ 14 മിനിറ്റ് ഇടവിട്ടാണു ട്രെയിനെങ്കിലും ആലുവ റൂട്ടിൽ ഇത് 7 മിനിറ്റ് ഇടവേളയിലാണ്. എന്നിട്ടും തിരക്കിനു കുറവില്ല. മെട്രോ തൈക്കൂടം ലൈൻ ഉദ്ഘാടനം ചെയ്ത 3 ന് ആകെ യാത്രക്കാർ 39,936 മാത്രമായിരുന്നു. തൈക്കൂടത്തേക്കു സർവീസ് തുടങ്ങിയ ദിവസം 65,285 ആയി. 7ന് എല്ലാ പ്രതീക്ഷകളും തെറ്റിച്ചു 95,285 പേർ മെട്രോ യാത്രക്കെത്തി.

കൊച്ചിയിൽ മെട്രോ സർവീസ് ആരംഭിച്ചതിന്റെ ഒന്നാം വാർഷികത്തിന് എല്ലാവർക്കും സൗജന്യ യാത്ര നൽകിയ 2018 ജൂൺ 20നാണ് ഏറ്റവും കൂടുതൽ ആളുകൾ മെട്രോയിൽ കയറിയത് – 1,31,392 പേർ. ടിക്കറ്റെടുത്ത് ഏറ്റവും അധികം ആളുകയറിയതു മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ഞായറാഴ്ച – 98,713 പേർ. തിരുവോണത്തിനു മുൻപ് ആ റെക്കോർഡ് മറികടക്കുമെന്ന പ്രതീക്ഷയിലാണു കെഎംആർഎൽ.

മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഓട്ടോറിക്ഷാ സർവീസ് കൂടി ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1 ലക്ഷം കവിയുമെന്നാണു കരുതുന്നത്. കൊച്ചി വൺ കാർഡിനും കൂടുതൽ ആവശ്യക്കാരെത്തുന്നുണ്ട്. ഇൗ മാസം 18 വരെയാണു കെഎംആർഎൽ ടിക്കറ്റ് നിരക്കിൽ പകുതി ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്. 25 വരെ പാർക്കിങ് സൗജന്യമാണ്. ഇളവുകൾ അവസാനിച്ചാലും സുഗമമായ യാത്ര ഉറപ്പുനൽകുന്ന മെട്രോയെ യാത്രക്കാർ കൈവിടില്ലെന്നു കെഎംആർഎൽ പ്രതീക്ഷിക്കുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama