go

‘കഴുത്തറപ്പിനും’ കൊച്ചി മെട്രോ പരിഹാരം; കെഎസ്ആർടിസി യാത്രക്കാർക്കും രക്ഷ

Ernakulam News
മെട്രോ വൈറ്റില വഴി പോകുന്നു. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ
SHARE

കൊച്ചി∙ മെട്രോ തൈക്കൂടം യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ഓരോ ദിവസവും പുതിയ റെക്കോർഡുകളാണു പിറക്കുന്നത്. 60,000 മുതൽ 70,000 യാത്രക്കാരെയാണു മെട്രോ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനെ മറികടക്കുന്ന പ്രതികരണമാണു ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ഒരു ലക്ഷത്തിനടുത്ത്  ആളുകൾ വരെ  യാത്ര ചെയ്ത ദിവസങ്ങളുണ്ട്. ഡിസ്കൗണ്ടും ആദ്യത്തെ കൗതുകവും  തീരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാം. 

പദ്ധതി ലാഭകരമാക്കാനും കൂടുതൽപേരെ മെട്രോയിലേക്ക് ആകർഷിക്കാനും കൂടുതൽ ജനകീയമായ നടപടികൾ വേണ്ടതുണ്ട്. 50 ശതമാനം ഡിസ്കൗണ്ടും പാർക്കിങ് ഫീസ് ഒഴിവാക്കിയതും സ്വാഗതാർഹമാണെങ്കിലും ഇനിയും കുറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും  യാത്രക്കാരുടെ എണ്ണം ഇനിയും കൂട്ടാൻ ഇതു സഹായിക്കുമെന്നും യാത്രക്കാരും ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് വാച്ച് പോലെയുളള സംഘടനകളും ചൂണ്ടിക്കാട്ടുന്നു.  ആലുവ മുതൽ മഹാരാജാസ് വരെയുളള മെട്രോ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നത് ആലുവ, ഇടപ്പളളി, മഹാരാജാസ് സ്റ്റേഷനുകളാണ്.

പുതിയ റീച്ചിൽ എറണാകുളം സൗത്ത്, വൈറ്റില ഹബ്, തൈക്കൂടം എന്നീ സ്റ്റേഷനുകളിലാണു കൂടുതൽ തിരക്ക്. നിലവിൽ മെട്രോയിൽ യാത്ര ചെയ്യുന്നവരിൽ കൂടുതലും ഇടത്തരക്കാരാണെന്നാണു കണക്കുകൾ. എന്നാൽ പ്രതിമാസ വരുമാനം 15,000 രൂപയിൽ താഴെയുളള വലിയൊരു വിഭാഗമാണു പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിലെ 60 ശതമാനം ആളുകൾ. അവരെക്കൂടി മെട്രോയിലേക്ക് ആകർഷിക്കാൻ കഴിയണം. അതിനു നിരക്കു കുറയ്ക്കുകയോ  ടിക്കറ്റ് നിരക്കിനൊപ്പം 10 രൂപ കൂടി നൽകിയാൽ റിട്ടേൺ ടിക്കറ്റ് സൗജന്യമാക്കുകയോ ചെയ്യേണ്ടതുണ്ട്.  മിനിമം ചാർജായ 10 രൂപ കൊണ്ടു സഞ്ചരിക്കാവുന്ന സ്റ്റേഷനുകളുടെ എണ്ണം 4 എങ്കിലും ആക്കണമെന്നു യാത്രക്കാർ പറയുന്നു. 

സ്കൈവോക്ക് അനിവാര്യം

മെട്രോ വന്നതോടെ ജനം രക്ഷപ്പെട്ടതു ചില കഴുത്തറപ്പൻ ഓട്ടോക്കാരിൽ നിന്നാണ്. ട്രെയിനിൽ കയറാൻ സൗത്തിനും നോർത്തിനും ഇടയിൽ ഓടേണ്ടി വരില്ലെന്നതാണു വലിയ ആശ്വാസം.സൗത്തിൽ ട്രെയിൻ അന്വേഷിച്ചു എത്തുമ്പോളാണു പലപ്പോഴും അവിടെനിന്നു ട്രെയിനില്ല, നോർത്തിൽ പോയാൽ കിട്ടുമെന്ന് അറിയുക.  പലപ്പോഴും നോർത്തിലേക്കുളള ഓട്ടോച്ചാർജ് ട്രെയിനിൽ തിരുവനന്തപുരം വരെയുളള ടിക്കറ്റ് നിരക്കിനേക്കാൾ  കൂടുതലാണ്. മെട്രോ വന്നതോടെ നോർത്തിൽ ലിസി മെട്രോ സ്റ്റേഷനിൽ നിന്നു നേരെ സൗത്തിലിറങ്ങാം.

ലിസി സ്റ്റേഷനിൽ നിന്നു നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിജിലേക്കു സ്കൈവോക്ക്  നിർമിക്കാൻ കെ.വി. തോമസ് എംപിയായിരുന്നപ്പോൾ പദ്ധതി ഉണ്ടായിരുന്നെങ്കിലും പദ്ധതി മുന്നോട്ടു പോയിട്ടില്ല. സൗത്തിലും  മെട്രോ സ്റ്റേഷനിൽ നിന്നു റെയിൽവേ സ്റ്റേഷനിലെ മേൽപാലത്തിലേക്കു സ്കൈ വോക്ക് വേണമെന്ന ആവശ്യം ശക്തമാണ്.  ഇതു സംബന്ധിച്ചു റെയിൽവേ കെഎംആർഎല്ലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. നോർത്ത് മേൽപാലത്തിൽ കാൽനടയാത്രക്കാർക്കു പ്രത്യേക പാലം നിർമിച്ചപോലെ സൗത്ത് പാലത്തിലും കാൽനടയാത്രക്കാർക്കായി നടപ്പാലം നിർമിച്ചാൽ പാളം കുറുകെക്കടക്കാതെ നേരെ മെട്രോ സ്റ്റേഷനിലേക്കു നടക്കാൻ കഴിയും. ട്രാക്കിലൂടെ സ്റ്റേഷനിലേക്കു് ആളുകൾ നടക്കുന്നത് ഒഴിവാക്കാം. 

പീക്ക് അവർ, നോൺ പീക്ക് അവർ

മെട്രോയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതു രാവിലെയും വൈകിട്ടും ഓഫിസ് സമയത്താണ്. രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയും പീക്ക് അവറാകുമ്പോൾ, ബാക്കി സമയത്തു നിരക്കു പാതിയാക്കാം.  വനിതാ യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ വൈകിട്ട്  5 നു ശേഷം അവർക്കു മാത്രമായി 50 ശതമാനം ഡിസ്കൗണ്ട് നൽകാം. മറ്റു മെട്രോകളിൽ ഉളള പോലെ ട്രെയിനിലെ ആദ്യ കോച്ചിന്റെ വാതിൽ സ്ത്രീകൾക്കു മാത്രമായി മാറ്റിവയ്ക്കാം. വിദേശ രാജ്യങ്ങളിലും ഡൽഹി, ബെംഗളൂരു മെട്രോയിലും ഈ സംവിധാനം നിലവിലുണ്ട്. പീക്ക് അവർ സമയത്തു സുരക്ഷിതമായി ട്രെയിനിൽ പ്രവേശിക്കാൻ ഇതു സഹായിക്കും. അതേ സമയം കോച്ചിനുളളിൽ സ്ത്രീ, പുരുഷ വ്യത്യാസമുണ്ടാകില്ല. 

സർവീസ് സമയം ദീർഘിപ്പിക്കണം

എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുളള ആദ്യ ട്രെയിൻ രാവിലെ 5നുളള വഞ്ചിനാട് എക്സ്പ്രസാണ്. വഞ്ചിനാട് തിരികെയെത്തുന്നതു രാത്രി 11.20ന്. എറണാകുളം നിവാസികൾ ഏറെ ആശ്രയിക്കുന്ന ഈ ട്രെയിനിൽ  പോകേണ്ടവർക്കു മെട്രോയുടെ നിലവിലുളള സമയക്രമം സഹായകമല്ല. രാവിലെ 10നു മുൻപു തിരുവനന്തപുരത്ത് എത്തുന്ന കൊച്ചുവേളി– ബെംഗളൂരു എക്സ്പ്രസ്, ഗുരുവായൂർ– തിരുവനന്തപുരം ഇന്റർസിറ്റി എന്നിവയും 6 നു മുൻപ് എറണാകുളം കടന്നു പോകും. രാവിലെ 6 മുതൽ 10വരെയാണു മെട്രോ സർവീസ് നടത്തുന്നത്. 

ബസുകൾ റോഡുകളിൽ നിന്നു 8 മണിയോടെ അപ്രത്യക്ഷമാകുമ്പോൾ  മെട്രോ 10 മണിയോടെ കട അടയ്ക്കുകയാണ്. സ്വന്തമായി വാഹനമുളളവർക്കു മാത്രമേ, രാത്രി പുറത്തിറങ്ങാൻ കഴിയൂ. അല്ലെങ്കിൽ  ഓട്ടോറിക്ഷകളെയോ ഓൺലൈൻ  ടാക്സികളെയോ ആശ്രയിക്കണം. രാത്രി ഗതാഗത സൗകര്യമില്ലാത്തതിനാൽ പുറത്തിറങ്ങാത്ത എത്രയോ പേർ കൊച്ചി നഗരത്തിലുണ്ട്.  രാത്രി 10നു ശേഷവും മെട്രോ തേടി ഇടപ്പളളി സ്റ്റേഷനിലെത്തുന്നവർ നൂറു കണക്കിനാണ്. അവസാന സർവീസ് പിടിക്കാനുളള ജനങ്ങളുടെ നെട്ടോട്ടം  കാണുമ്പോൾ ആരായാലും  മെട്രോ രാത്രി 11.30 വരെയെങ്കിലും സർവീസ് നടത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. 

മെട്രോ ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ, അതു  കടകൾ കൂടുതൽ നേരം തുറന്നുപ്രവർത്തിക്കാനും  രാത്രികാല ഷോപ്പിങ്ങിനും ജനങ്ങൾക്ക് അവസരം നൽകും. ഡൽഹി മെട്രോയിൽ ഏറ്റവും തിരക്കുളള പാതകളിലൊന്നായ ബ്ലൂ ലൈനിൽ രാവിലെ 5.30 മുതൽ രാത്രി 12 വരെയാണു സർവീസ്. ബെംഗളൂരു മെട്രോ രാവിലെ 5 മുതൽ രാത്രി 11 വരെയും  ചെന്നൈ മെട്രോ പുലർച്ചെ 4.30 മുതൽ രാത്രി 11 വരെയുമാണു  സർവീസ് നടത്തുന്നത്. 

തിരക്കു കുറവുളള  ഉച്ചയ്ക്ക് അരമണിക്കൂർ സർവീസ് ഒഴിവാക്കിയാൽ അതിനു പകരം രാത്രി 10.30 വരെ അധിക സാമ്പത്തിക ബാധ്യതയില്ലാതെ സർവീസ് സമയം കൂട്ടാൻ കഴിയുമെന്നു ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് വാച്ചിലെ എബനേസർ ചുളളിക്കാട്ട് പറയുന്നു. ഇങ്ങനെ ചെയ്താൽ 2 ഷിഫ്റ്റ് കൊണ്ടുതന്നെ 10.30 വരെ സർവീസ് നടത്താൻ കഴിയും. സർവീസ് സമയം വർധിപ്പിച്ചാൽ മൂന്നാം ഷിഫ്റ്റ് വേണ്ടി വരുമെന്ന ആശങ്കകൾക്കും ഇതു പരിഹാരമാകുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ടൂറിസ്റ്റ് കാർഡ് 

കൊച്ചി മെട്രോ 2 പുതിയ പാസുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കൊച്ചി കാണാനെത്തുന്നവർക്ക്  ഒരു ദിവസം എത്ര യാത്ര വേണമെങ്കിലും നടത്താവുന്ന ടൂറിസ്റ്റ് കാർഡ് പുറത്തിറക്കാം. ഒരു ദിവസത്തേക്കു 100 രൂപ, 3 ദിവസത്തേക്ക് 300, 7 ദിവസത്തേക്ക് 500. കൊച്ചി മെട്രോയുടെ ഓർമയ്ക്കായി ഈ കാർഡുകൾ അവരുടെ നാടുകളിലേക്കു കൊണ്ടുപോകും. പല മെട്രോകളിലും ടൂറിസ്റ്റ് കാർഡ് ഇപ്പോൾ തന്നെ ലഭ്യമാണ്. ചെന്നൈ മെട്രോയിലെ ടൂറിസ്റ്റ് കാർഡ്, എടുക്കുന്ന ദിവസം തന്നെ  ഉപയോഗിക്കേണ്ടതില്ല. ഒരു ദിവസത്തെ കാർഡ് വാങ്ങി 30 ദിവസത്തിനുളളിൽ ഏതെങ്കിലും ഒരു ദിവസം ഉപയോഗിക്കാം. വിദ്യാർഥികൾക്കായി സ്റ്റുഡന്റ്സ് കാർഡുകളും പുറത്തിറക്കാം.

രക്ഷപ്പെട്ടവരിൽ കെഎസ്ആർടിസി യാത്രക്കാരും 

മെട്രോ വന്നതോടെ രക്ഷപ്പെട്ടതു  കെഎസ്ആർടിസി യാത്രക്കാരാണ്. നഗരത്തിൽ കെഎസ്ആർടിസി ബസ് കിട്ടാൻ എവിടെപ്പോകണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ഏറെക്കാലമായി ബസ് യാത്രക്കാർ. ബസ് ഏതു റൂട്ടിലാണു പോകുന്നതെന്നു വ്യക്തമാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസി  അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. എറണാകുളത്തു നിന്നു പുറത്തേക്കു പോകുന്ന കുറച്ചു ബസുകൾ കടവന്ത്ര വഴി തിരിയുന്നു. ചിലത് സൗത്ത് പാലം വഴി, മറ്റു ചില എസി ബസുകൾ പൊന്നുരുന്നി പാലത്തിനടിയിലൂടെ. 

എറണാകുളത്തേക്കു വരുന്ന ബസുകളും ആശയകുഴപ്പം ഉണ്ടാക്കുന്ന കാര്യത്തിൽ മോശമല്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിപ്പെടാനുളള ബുദ്ധിമുട്ടും ചില്ലറയല്ല. ചിറ്റൂർ റോഡിലൂടെ പോയാലാണു സ്റ്റാൻഡിനു കുറച്ചെങ്കിലും അടുത്ത് എത്തുക. ഈ റോഡ് വൺവേയാണ്. മെട്രോ തൈക്കൂടം വരെ നീട്ടിയതോടെ മറ്റൊന്നുമാലോചിക്കാതെ വൈറ്റില ഹബിൽ പോയി കെഎസ്ആർടിസി ബസിൽ കയറാം. ഹബ് വികസിച്ചതോടെ ഹബിലേക്കു മാത്രം സർവീസ് നടത്തുന്ന മറ്റു ഡിപ്പോകളുടെ ഒട്ടേറെ കെഎസ്ആർടിസി ബസുകളുണ്ട്. അവയിലും സുഖമായി യാത്ര ചെയ്യാനുളള സൗകര്യമാണു വന്നു േചർന്നത്. 

സ്റ്റേഷൻ ബ്രാൻഡിങ്ങിൽ പുതുവഴികൾ 

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ മെട്രോ ഒരുപാടു കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സ്റ്റേഷൻ ബ്രാൻഡിങ് ഇനിയും ഏറെ മെച്ചപ്പെടുത്തി വരുമാനം കൂട്ടാനാവും. ഉദാഹരണത്തിനു ഫെഡറൽ ബാങ്ക് ഏറ്റെടുത്ത ആലുവ സ്റ്റേഷനെ ബ്രാൻഡ് ചെയ്തത് ‘ആലുവ ഫെഡറൽ ബാങ്ക്’ എന്നാണ്. എന്നാൽ ബ്രാൻ‍ഡ്  ആദ്യം വരുന്ന രീതിയിൽ ‘ഫെഡറൽ ബാങ്ക് – ആലുവ’ എന്നാക്കുകയാണെങ്കിൽ  അതിനനുസരിച്ചു പരസ്യ നിരക്കുകളും വർധിപ്പിക്കാനാവും. ബ്രാൻഡിനു കൂടുതൽ പ്രാധാന്യം ലഭിച്ചാൽ മാത്രമേ, കൂടുതൽ സ്ഥാപനങ്ങൾ മെട്രോയിലേക്കു വരൂ. മലേഷ്യയിലെ ക്വാലലംപുരിൽ മോണോ റെയിൽ സ്റ്റേഷനായ ബുക്കിറ്റ് ബിന്താങ് എയർ ഏഷ്യയാണു ബ്രാൻഡ് ചെയ്തിരിക്കുന്നത്. വിമാനക്കമ്പിനിയുടെ സെയിൽസ് കൗണ്ടർ വരെ സ്റ്റേഷനിലുണ്ട്. 

പരിസരം, പാർക്കിങ്

സ്റ്റേഷനുകളുടെ പണി പൂർണമായി കഴിഞ്ഞിട്ടില്ലാത്തിനാൽ ചില അസൗകര്യങ്ങളൊക്കെയുണ്ട്. അവ താമസിയാതെ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. പാളം പോകുന്ന വഴിയിലെ പില്ലറുകൾക്കിടയിലെ സ്ഥലം മുൻപു ചെയ്തതു പോലെ ആകർഷകമാക്കി മാറ്റണം. പ്ലാറ്റ്ഫോമിനു തൊട്ടു താഴെ െവെദ്യുതി െലെനുണ്ട് എന്നതു പേലെയുള്ള  സൂചനകൾ കാട്ടുന്ന ബോർഡുകൾ എല്ലാ സ്റ്റേഷനിലും വേണം. ആലുവയിൽ നിന്നു െതെക്കൂടത്തേക്കു വരുന്നവർ ചിലപ്പോൾ  മഹാരാജാസ് കോളജ് സ്റ്റേഷനിൽ വണ്ടി മാറിക്കയറണമെന്ന സ്ഥിതിയും മാറണം.

ഓട്ടോറിക്ഷാ സർവീസ്

മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള മെട്രോ സ്റ്റേഷനുകളിലും ഇനി ഓട്ടോറിക്ഷാ സർവീസ് ലഭിക്കും. മെട്രോയിലെ വർധിച്ച തിരക്കു കണക്കിലെടുത്ത്, ആളുകളുടെ തുടർ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞത് 5 ഓട്ടോറിക്ഷകളെങ്കിലും  ഉറപ്പുവരുത്താൻ ഓട്ടോറിക്ഷ  സൊസൈറ്റിയും  കെഎംആർഎല്ലും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. മെട്രോയുടെ ആലുവ മുതൽ മഹാരാജാസ് കോളജ് വരെയുള്ള സ്റ്റേഷനുകളിൽ നിലവിൽ ഓട്ടോ, ഇലട്രിക് ഓട്ടോ, ഷെയർ ഓട്ടോ സർവീസുകളുണ്ട്. ഇതു മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്കു  തുടർ യാത്രയ്ക്കു സൗകര്യമില്ലാത്തതു പ്രശ്നമാണെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama