go

'സമ്പാദ്യമെല്ലാം ചേർത്തു ഫ്ലാറ്റ് വാങ്ങി'; ഇത്തവണ ഈ ഫ്ലാറ്റുകളിൽ സങ്കടപ്പൂക്കളം

ernakulam-shanmukan-with-boat
സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം സ്ഥിതിചെയ്യുന്ന നെട്ടൂർ കടവിലേക്ക് കടത്തു വള്ളവുമായി ഷൺമുഖൻ.
SHARE

മരട് ∙ ‘‘രണ്ടു ദിവസം കൂടിക്കഴിഞ്ഞാൽ തിരുവോണമാണ്. പൂക്കളമിടാൻ കുട്ടികൾ പൂവന്വേഷിക്കുന്നു, ഓണാഘോഷത്തെക്കുറിച്ചു ചോദിക്കുന്നു.  മിണ്ടാൻ പോലും പറ്റാതെ നിൽക്കേണ്ടി വരുന്ന ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. മരിച്ച വീടു പോലെയാണ് ഓരോ ഫ്ലാറ്റും. പലരും ബന്ധുവീടുകളിലേക്കു മാറി...’’ തീരനിയമം ലംഘിച്ചു പണിത ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി നിലപാടു നടപ്പാക്കിയാൽ ജീവനൊടുക്കാതെ വഴിയില്ലെന്നു പറയുകയാണ് ഉടമകൾ.  ‘‘ഫ്ലാറ്റിൽ താമസിക്കുന്നവരെല്ലാം ആർഭാട ജീവിതക്കാരല്ല. ജീവിതത്തിലെ അവസാനഘട്ടത്തിലാണ് പലരും...’ അവർ പറയുന്നു. 

സമ്പാദ്യമെല്ലാം ചേർത്തു ഫ്ലാറ്റ് വാങ്ങി കായൽക്കാറ്റേറ്റ് സ്വസ്ഥമായി ജീവിക്കാമെന്ന് ആശിച്ചവരാണ് 70 ശതമാനവും. വിദേശത്തു ചോര നീരാക്കി ജോലി ചെയ്തു സമ്പാദിച്ച പണവും സ്വത്തുമെല്ലാം നിക്ഷേപിച്ചവർ. ‘‘ഇതു നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള ശേഷിയുമില്ല. ഞങ്ങളെ സംബന്ധിച്ച് ആത്മഹത്യ മാത്രമേ മുന്നിലുള്ളു.    വിദേശത്തു ജോലി ചെയ്യുന്നവരുടെ ആയുഷ്‌കാല സമ്പാദ്യമാണിത്...’’ 

ഫ്ലാറ്റ് പൊളിക്കുകയാണെങ്കിൽ തന്റെ മൃതദേഹം വിദേശത്തു നിന്നു നാട്ടിലെത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ്  ഫ്ലാറ്റ് ഉടമയായ സ്ത്രീ ആവശ്യപ്പെട്ടതെന്ന് ഒരു ഫ്ലാറ്റ് ഉടമ പറഞ്ഞു. കുണ്ടന്നൂർ- തേവര കടത്തുകാരൻ പെരുമ്പളം സ്വദേശി ഷൺമുഖനും ഫ്ലാറ്റ് ഉടമകളെപ്പോലെ വിങ്ങിപ്പൊട്ടുകയാണ്. പൊളിച്ചു നീക്കാനുള്ള ഉത്തരവിൽ പറയുന്ന ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിനു സമീപമാണു ഷൺമുഖന്റെ കടത്ത്. 

ഫ്ലാറ്റിലേക്കു വരുന്നതും പോകുന്നതുമായ ആളുകളാണു കൂടുതലും കടത്തു പ്രയോജനപ്പെടുത്തുന്നത്. 7 വർഷമായി ഷൺമുഖൻ ഇവിടെ കടത്തിറക്കുന്നു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലെ മെറിഡിയൻ ഹോട്ടലാണ് കടത്തുജോലിക്കാർക്കുള്ള വേതനം നഗരസഭയ്ക്കു നൽകുന്നത്. ഒരാൾക്ക് 3000 രൂപയാണു മാസക്കൂലി. 3 പേർ ഉണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ജോലി. ഇതല്ലാതെ നഗരസഭയിൽ നിന്ന് ഒന്നും കിട്ടുന്നില്ല. ഫ്ലാറ്റ് പൊളിച്ചാൽ പിന്നെ കടത്തിറങ്ങാൻ ആളില്ലാതാകും. അതോടെ ഈ ജോലി അവസാനിപ്പിക്കേണ്ടി വരുമെന്ന സങ്കടത്തിലാണു ഷൺമുഖനും സഹപ്രവർത്തകരും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama