go

വനിതകൾ നടത്തുന്ന ഹോട്ടലിൽ അതിക്രമം: 7 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Ernakulam News
ശ്രീജേഷ്, മനു, നിഖിൽ, നിതിൻ, നന്ദു, അർജുൻ, ജെൻസൺ
SHARE

കൊച്ചി∙ സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ കയറി അതിക്രമം കാണിച്ച 7 എസ്എഫ്ഐ വിദ്യാർഥികൾ അറസ്റ്റിൽ. മഹാരാജാസ് കോളജിലെ ബിഎസ്‍സി ഫിലോസഫി വിദ്യാർഥി നിഖിൽ (20), ബിഎസ്‍സി ബോട്ടണി വിദ്യാർഥികളായ നന്ദു (19), ശ്രീകേഷ് (20), ബിഎ ഹിസ്റ്ററി വിദ്യാർഥി അർജുൻ (24), ബിഎ ഇസ്‍ലാമിക് സ്റ്റഡീസ് വിദ്യാർഥി ജെൻസൺ (18) ബിഎ മലയാളം വിദ്യാർഥി മനു (19), ബിഎസ്‍‍സി മാത്‌സ് വിദ്യാർഥി നിവിൻദാസ് (20) എന്നിവരാണു കസ്റ്റഡിയിലുള്ളത്. എസ്ആർഎം റോഡിൽ പ്രവർത്തിക്കുന്ന ‘കൊതിയൻസ്’ വനിതാ ഹോട്ടലിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മഹാരാജാസിൽ 6ന് സംഘടിപ്പിച്ച ഓണാഘോഷത്തിനായി 450 പേർക്കുള്ള സദ്യയുടെ ഓർഡർ ഹോട്ടലിനായിരുന്നു. 500 പേർക്കെങ്കിലും കഴിക്കാനുള്ള സദ്യ എത്തിച്ചിരുന്നതായി ഹോട്ടൽ ഉടമ ജി. ശ്രീകല പറയുന്നു. 45,000 രൂപയോളം ഇതിനു ചെലവു വന്നു. 

ഈ തുക മുഴുവൻ വിദ്യാർഥികൾ നൽകിയിരുന്നുമില്ല. എന്നാൽ, അന്ന് ഉച്ചയ്ക്ക് 2നു സദ്യ തികഞ്ഞില്ലെന്നാരോപിച്ച് കുറെ വിദ്യാർഥികൾ എത്തി ഹോട്ടൽ തകർക്കുകയും സ്ത്രീകളായ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. മഹാരാജാസിലെ എസ്എഫ്ഐക്കാരാണ് എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഇവരിൽ ചിലർ മദ്യപിച്ചാണ് എത്തിയതെന്നും പരാതിയുണ്ട്. കൂടുതൽ ഭക്ഷണം എത്തിച്ചു നൽകാമെന്ന് അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ല. പുറത്തുനിന്നു വാടകയ്ക്കെടുത്ത പാത്രങ്ങളും തവികളുമുൾപ്പെടെ അക്രമികൾ നശിപ്പിച്ചു. ‘‘ഞങ്ങൾക്കു ഭക്ഷണം വേണ്ട, പണം മടക്കിത്തന്നാൽ മതി’’ എന്നായിരുന്നു അക്രമികളുടെ നിലപാട്. കടയിൽ നിന്നു 20,000 തട്ടിയെടുത്തു. ഭക്ഷണം കൊടുത്തുവിട്ട പാത്രങ്ങളുൾപ്പെടെ മടക്കി നൽകാനും തയാറായില്ല.

സംഭവ ദിവസം തന്നെ നോർത്ത് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും മൊഴിയെടുക്കുന്നതിനിടെ പാർട്ടി പ്രവർത്തകരും നേതാക്കളും വ്യാപാരി സംഘടനാ ഭാരവാഹികളും ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പാക്കാമെന്നറിയിച്ചു. നഷ്ടം വിദ്യാർഥികൾ തന്നെ നികത്തുമെന്നും പാത്രങ്ങളും കവർന്നെടുത്ത പണവും മടക്കി നൽകാമെന്നും സമ്മതിച്ചതിനെത്തുടർന്നു പരാതി പിൻവലിച്ചു. രാത്രി പാത്രങ്ങൾ തിരികെ വാങ്ങാൻ കോളജിലെത്തിയ വ്യാപാരി സംഘടനാ ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞും ആക്രമിക്കാൻ ശ്രമിച്ചും വിദ്യാർഥികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഹനങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇവരിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്ന് ശ്രീകല പറയുന്നു. 

രാത്രിയിൽ ഇരുന്നൂറോളം വിദ്യാർഥികൾ കോളജ് ക്യാംപസിൽ കൂട്ട മദ്യപാനം നടത്തുകയായിരുന്നുവെന്നും ആരോപണമുണ്ട്. പിറ്റേന്ന് ഉച്ചവരെ കാത്തിട്ടും തട്ടിയെടുത്ത പണംപോലും തിരിച്ചെത്തിക്കാതിരുന്നതോടെ ശ്രീകല വീണ്ടും പൊലീസിൽ പരാതി നൽകി.പ്രതികളിൽ നിഖിൽ, നന്ദു എന്നിവരെ 8നു രാത്രിയിൽ തന്നെ പിടികൂടിയ നോർത്ത് പൊലീസ് മറ്റുള്ള പ്രതികളെ ഇന്നലെ പകൽ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുള്ളതായാണ് സൂചന. നോർത്ത് എസ്ഐ അനസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഭക്ഷണം ബാക്കി; അക്രമം പണം നൽകാതിരിക്കാൻ

കൊച്ചി∙ ഭക്ഷണം തികഞ്ഞില്ലെന്ന വിദ്യാർഥികളുടെ വാദം പച്ചക്കള്ളമായിരുന്നെന്നും പണം തരാതിതിരിക്കാനാണു ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ച് കടയിലെത്തി ആക്രമണം നടത്തിയതെന്നും കടയുടമ ശ്രീകല. രാത്രി പാത്രങ്ങൾ തിരികെയെടുക്കാൻ മഹാരാജാസ് കോളജിൽ ചെന്നപ്പോൾ ഭക്ഷണം പകുതിയിലേറെ ബാക്കിയിരിക്കുന്നതാണു കാണാനായത്. മൂടി പോലും തുറക്കാതെ ഭക്ഷണം നിറഞ്ഞിരിക്കുന്ന പാത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ഒടുവിൽ ഇതിൽ മടക്കിക്കൊണ്ടുവരാനായ ഭക്ഷണം പന്നിഫാമിലേക്കു നൽകിയാണ് ഒഴിവാക്കിയതെന്നും ശ്രീകല പറഞ്ഞു.

ഹോട്ടലിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് ഒരു ദിവസം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ പാഴാക്കിയതാണ് ഉണ്ടായ നഷ്ടത്തെക്കാൾ വേദനിപ്പിച്ചത്. വിദ്യാർഥികൾ നശിപ്പിച്ച, വാടകയ്ക്കെടുത്ത പാത്രങ്ങൾ തിരിച്ചു കൊടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും ശ്രീകല പറഞ്ഞു. ഓണത്തിന് ഏറ്റവും അധികം കച്ചവടം നടക്കേണ്ട ദിവസങ്ങളിൽ കട അടച്ചിടേണ്ടി വന്നു. കുഞ്ഞുങ്ങൾക്കു തുണിപോലും എടുത്തിട്ടില്ല. ജോലിക്കാരായി ഒപ്പമുണ്ടായിരുന്ന അഞ്ചു കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്. കടയിൽ ഒരു ലക്ഷം രൂപയുടെയെങ്കിലും നഷ്ടമുണ്ട്. ഇതിനു പുറമേയാണു കട അടച്ചിട്ടതുകൊണ്ടുള്ള നഷ്ടം. കേസ് ഒത്തുതീർപ്പാക്കി മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്നതാണ്. വിദ്യാർഥികളുടെ ഗുണ്ടായിസം കൊണ്ടാണു പിന്നെയും കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് ശ്രീകല പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama