go

നഗരസഭാ സ്റ്റേഡിയത്തിൽ ഫീസ് പിരിവ്, വിവാദം

Ernakulam News
10 ലക്ഷം രൂപ ചെലവിൽ ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നട്ടുപിടിപ്പിച്ച ‘ബഫലോ ഗ്രാസ്’ നശിച്ച നിലയിൽ.
SHARE

ആലുവ∙ പ്രശസ്ത ഫുട്ബോൾ താരങ്ങൾ അടക്കമുള്ള നാട്ടുകാർ കാൽപന്തു കളിക്കു വിദ്യാരംഭം കുറിച്ച നഗരസഭാ സ്റ്റേഡിയത്തിൽ പന്തു തട്ടാനെത്തുന്നവരിൽ നിന്നു പ്രതിമാസം 100 രൂപ വീതം ഫീസ് പിരിക്കാനുള്ള നഗരസഭയുടെ തീരുമാനം വിവാദത്തിൽ. ഭരണപക്ഷമായ കോൺഗ്രസും പ്രതിപക്ഷവും ബിജെപിയും ഇതിനെതിരെ രംഗത്തുവന്നു. രാവിലെയും വൈകിട്ടും സ്റ്റേഡിയത്തിൽ കളിക്കാനെത്തുന്നവരിൽ നിന്നു ഫീസ് ഈടാക്കാനുള്ള നഗരസഭാധ്യക്ഷയുടെ ഏകപക്ഷീയ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം. നഗരസഭാ പാർക്കിൽ വരുന്ന കുട്ടികളിൽ നിന്നു 10 രൂപ വീതം ഫീസ് ഈടാക്കാൻ മുൻ കൗൺസിൽ തീരുമാനിക്കുകയും എതിർപ്പിനെ തുടർന്നു പിൻവലിക്കുകയും ചെയ്തിരുന്നു. ഭരണപക്ഷമായ കോൺഗ്രസിന് അതു ചീത്തപ്പേരുണ്ടാക്കി. തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമേയുള്ളൂ. പഴയ അനുഭവം ആവർത്തിക്കരുതെന്നു കോൺഗ്രസ് പ്രവർത്തകർ നഗരസഭാധ്യക്ഷയോട് ആവശ്യപ്പെട്ടു. 

 ‘യൂസേഴ്സ് ഫീ’ പിരിക്കാനുള്ള തീരുമാനം തന്റേതല്ലെന്നും കായിക സ്ഥിരംസമിതിയുടേതാണെന്നും നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം പറഞ്ഞു. കൗൺസിൽ യോഗം അതംഗീകരിച്ചു. സ്റ്റേഡിയം നന്നായി പരിപാലിക്കാനാണ് പണം പിരിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ പന്തുകളിക്കാരിൽ നിന്നു പണം ഈടാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചിട്ടില്ലെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി ലളിത ഗണേശൻ പറഞ്ഞു. പണം പിരിക്കുന്നതിനെ വ്യക്തിപരമായി അനുകൂലിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ഫുട്ബോൾ കളിക്കാരിൽ നിന്നു പ്രതിമാസ ഫീസ് വാങ്ങുന്നതിനോടു യോജിക്കുന്നില്ലെന്നു യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ എന്നിവർ പറഞ്ഞു. നഗരസഭയിലെ മുൻ കായിക സ്ഥിരംസമിതി അധ്യക്ഷരാണ് ഇരുവരും. ടൂർണമെന്റുകളും മറ്റും നടത്തുന്നതിനു വാടക വാങ്ങാമെന്നല്ലാതെ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഉള്ളവർ ആരോഗ്യ സംരക്ഷണത്തിനു ഫുട്ബോൾ കളിക്കുന്നതിനു ഫീസ് ഈടാക്കുന്നതു ശരിയല്ലെന്നാണ് നിലപാടെന്നും അവർ പറഞ്ഞു. 

സിപിഎം അംഗം ലോലിത ശിവദാസനാണ് കായിക സ്ഥിരംസമിതി അധ്യക്ഷ. ആ സമിതി യൂസേഴ്സ് പിരിക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്നു പ്രതിപക്ഷ നേതാവും സിപിഎം ലോക്കൽ സെക്രട്ടറിയുമായ രാജീവ് സക്കറിയ ചൂണ്ടിക്കാട്ടി. ‘കളിക്കാരോടു പണം വാങ്ങണമെന്ന നിർദേശം കായിക സ്ഥിരംസമിതിയിൽ അവതരിപ്പിച്ചതു നഗരസഭാധ്യക്ഷയാണ്. സമിതി അതിൽ തീരുമാനം എടുക്കാതെ കൗൺസിലിനു വിട്ടു. കൗൺസിലിൽ ഇതു സംബന്ധിച്ച അജൻഡ ചർച്ചയ്ക്കു വരികയോ പാസ്സാക്കുകയോ ചെയ്തിട്ടില്ല’. രാജീവ് സക്കറിയ പറഞ്ഞു. നഗരസഭ സ്റ്റേഡിയത്തിൽ പന്തു തട്ടുന്നവരോടു പണം വാങ്ങുന്നതു ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അനുവദിക്കില്ലെന്നും ബിജെപി കൗൺസിലർ എ.സി. സന്തോഷ്കുമാർ പറഞ്ഞു. സ്റ്റേഡിയത്തിൽ 10 ലക്ഷം രൂപ മുടക്കി നഗരസഭ പിടിപ്പിച്ച ‘ബഫലോ ഗ്രാസ്’ മുഴുവൻ മാസങ്ങൾക്കുള്ളിൽ നശിച്ചു. സ്റ്റേഡിയത്തിന്റെ ഉപരിതലം നിരപ്പാക്കാത്തിനാൽ ചെറിയ മഴയിൽ പോലും വെള്ളം കെട്ടും. മുൻ കൗൺസിൽ സീറോ ചെലവിലാണ് പുല്ലു പിടിപ്പിച്ചത്. ഈ കൗൺസിൽ അതിനു 10 ലക്ഷം രൂപ പാഴാക്കി. അതിൽ അഴിമതിയുണ്ട്. വിജിലൻസ് അന്വേഷണം നടത്തണമെന്നും സന്തോഷ്കുമാർ ആവശ്യപ്പെട്ടു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama