go

സ്വരുക്കൂട്ടിയ പണം കള്ളൻ കൊണ്ടുപോയി; ഓണസമ്മാനമായി കിട്ടിയത് ടെലിവിഷൻ...

Ernakulam News
ബെന്നി ചെറിയാനും ഭാര്യ ആനിയും ചിന്നമ്മയ്ക്കു ടിവി സമ്മാനിക്കുന്നു.
SHARE

ചെറിയപല്ലംതുരത്ത് ∙ ഓണത്തിനു ടെലിവിഷൻ വാങ്ങാൻ ചിന്നമ്മ സ്വരുക്കൂട്ടിയ പണം കഴിഞ്ഞ ദിവസം കള്ളൻ കൊണ്ടുപോയി. ഇതറിഞ്ഞ ബെന്നി ചെറിയാനും കുടുംബവും ചിന്നമ്മയ്ക്ക് ഒരു ടിവി ഓണസമ്മാനമായി നൽകി. തുരുത്തുമ്മൽ പരേതനായ വർഗീസിന്റെ ഭാര്യ ചിന്നമ്മ (64) ഒറ്റയ്ക്കാണു താമസം. ഇവരുടെ വീട്ടിൽ നിന്ന് 15,000 രൂപയും 6 പവനും തിങ്കളാഴ്ച പുലർച്ചെ മോഷണം പോയി. വീട്ടുജോലിയെടുക്കുന്ന ചിന്നമ്മ ജോലിക്കു പോയ സമയത്താണു കളവു നടന്നത്.

നഷ്ടപ്പെട്ട പണം ടിവി വാങ്ങാൻ സ്വരുക്കൂട്ടിയതായിരുന്നു. കടയിൽപ്പോയി ടിവി വാങ്ങാനിരുന്ന ദിവസം രാവിലെയാണു പണം നഷ്ടപ്പെട്ടത്. മോഷണം സംബന്ധിച്ചു മലയാള മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത വായിച്ചതിനെത്തുടർന്നാണു ബെന്നിയും കുടുംബവും ചിന്നമ്മയ്ക്കു ടിവി വാങ്ങി നൽകിയത്. ചോറ്റാനിക്കര ഐക്കനാട്ട് ബെന്നി സംഗീതജ്ഞനാണ്. ചോറ്റാനിക്കരയിലെ കോഡ്സ് അക്കാദമി എന്ന സംഗീത വിദ്യാലയത്തിന്റെ ഉടമയാണ്. 40 ഇഞ്ച് ടിവി വാങ്ങിയ ബെന്നി സംഗീത അധ്യാപികയായ ഭാര്യ ആനി, മകൻ എൽദോ എന്നിവർക്കൊപ്പം ചിന്നമ്മയുടെ വീട്ടിലെത്തി പറവൂർ നഗരസഭ കൗൺസിലർ ലൈജോ ജോൺസന്റെ സാന്നിധ്യത്തിലാണു കൈമാറിയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama