go

മരടുകാർ ചോദിക്കുന്നു: ഫ്ലാറ്റ് പൊളിക്കുമ്പോൾ ഞങ്ങളുടെ സുരക്ഷ ആരുനോക്കും..?

മരടിലെ ആൽഫാ വെഞ്ചേഴ്സിന് സമീപം മൈത്രി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നടത്തിയ ജനകീയ കൺവൻഷനിൽ പങ്കെടുക്കുന്നവർ. ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു ജനകീയ കൂട്ടായ്മ.
മരടിലെ ആൽഫാ വെഞ്ചേഴ്സിന് സമീപം മൈത്രി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നടത്തിയ ജനകീയ കൺവൻഷനിൽ പങ്കെടുക്കുന്നവർ. ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു ജനകീയ കൂട്ടായ്മ.
SHARE

മരട് ∙ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏജൻസികൾക്ക് ഫ്ലാറ്റുകൾ 11ന് കൈമാറുമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുമ്പോഴും പരിസരവാസികളുടെ ആശങ്ക അകലുന്നില്ല. ജനപ്രതിനിധികളടക്കം ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ്. ആൽഫ സെറിൻ ഫ്ലാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്ന നെട്ടൂരിലെ മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ജനകീയ കൺവൻഷനിൽ ഉയർന്ന ചോദ്യങ്ങൾക്കു മുന്നിൽ ജനപ്രതിനിധികൾക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു. ആൽഫാ ഫ്ലാറ്റിനു സമീപം കുണ്ടന്നൂർ കടവിൽ തിങ്ങി നിറഞ്ഞ കൺവൻഷനിൽ പ്രദേശവാസികളോടൊപ്പം ഫ്ലാറ്റിലെ ചില ഉടമകളെയും കണ്ടു. 

പുറത്തു കൺവൻഷൻ നടക്കുമ്പോൾ ഫ്ലാറ്റിൽ നിന്ന് സാമഗ്രികൾ അഴിച്ചു കൊണ്ടു പോകുന്ന തിരക്കായിരുന്നു. എല്ലാവരുടെയും കണ്ണുകളിൽ ആശങ്കയാണു നിഴലിച്ചത്. സ്ഫോടനത്തിലൂടെയാണോ ഫ്ലാറ്റ് പൊളിക്കുന്നതെന്ന് ഇനിയും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നാണ് നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ യോഗത്തിൽ പറഞ്ഞത്. അതേസമയം, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്ന നിയന്ത്രിത സ്ഫോടനത്തെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഏറെ ഭീതിയുണർത്തുന്നതാണെന്നു നഗരസഭാ വികസന കാര്യ സ്ഥിരസമിതി അധ്യക്ഷ ദിഷ പ്രതാപൻ പറഞ്ഞു. 

സുപ്രീം കോടതി വിധിക്കെതിരെ നഗരസഭ പാസാക്കിയ പ്രമേയങ്ങൾക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതു ദിഷ മാത്രമായിരുന്നു. ആശങ്ക പരിഹരിച്ചു മാത്രമേ വിധി നടപ്പാക്കാവൂ എന്ന കൗൺസിലർ ദേവൂസ് ആന്റണി ആവശ്യപ്പെട്ടു. ഫ്ലാറ്റ് പൊളിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷാ സംബന്ധമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു വേദിയിലുണ്ടായിരുന്ന എം.സ്വരാജ് എംഎൽഎയോടും നഗരസഭാധ്യക്ഷയോടും  അസോസിയേഷൻ സെക്രട്ടറി കെ.ബി. സുബീഷ്‌ലാൽ ആവശ്യപ്പെട്ടതു വിവാദത്തിനു വഴിയിട്ടു. ആവശ്യം ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ ഖണ്ഡിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പമാണെങ്കിലും സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തവാദിത്തമൊന്നും ഏറ്റെടുക്കാൻ പറ്റില്ലെന്ന് എംഎൽഎ പറഞ്ഞു. വിഷയത്തിൽ ജനകീയ പ്രക്ഷോഭം വേണ്ടിവന്നാൽ ഒപ്പമുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. പരിസ്ഥിതി പ്രശ്നം പരിഗണിച്ചു ഫ്ലാറ്റ് പൊളിക്കരുതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. 

എംഎൽഎയ്ക്കെതിരെ പ്രതിഷേധം‌ 

ഫ്ലാറ്റ് വിഷയത്തിൽ വിവാദ പരാമർശം നടത്തി മടങ്ങിയ എം. സ്വരാജ് എംഎൽഎയെ വഴിയിൽ തടഞ്ഞ് പ്രതിഷേധം. വേദിയിൽ നിന്നിറങ്ങി കാറിലേക്കു നടക്കുമ്പോൾ നെട്ടൂർ കൈതവേലിക്കൽ അനിൽലാലാണ് സ്വരാജിനെ തടഞ്ഞത്. ഫ്ലാറ്റ് ഉടമകളുടെ സമരത്തിൽ പങ്കെടുത്തപ്പോൾ അവർക്കൊപ്പം ഉണ്ടെന്നു പറഞ്ഞ എംഎൽഎ ജനങ്ങളുടെ പ്രശ്നം വന്നപ്പോൾ കയ്യൊഴിയുന്നതു ശരിയാണോ എന്ന് അനിൽലാൽ ചോദിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ വരുമ്പോൾ തീരുമാനിക്കാമെന്ന് എംഎൽഎ പറഞ്ഞു. ആളു കൂടിയതോടെ രംഗം വഷളാക്കാതെ  എംഎൽഎ മടങ്ങുകയും ചെയ്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama