go

ഇന്ത്യയുടെ കുതിപ്പിന്റെ ഊർജം; 33,300 കോടി രൂപ നിക്ഷേപം

കൊച്ചി റിഫൈനറി (രാത്രി ദൃശ്യം) ചിത്രം: ഇ.വി.ശ്രീകുമാർ∙ മനോരമ
SHARE

കൊച്ചി ∙ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 35 കിലോമീറ്റർ ദൂരം, കൊച്ചി തുറമുഖത്തു നിന്ന് 20 കിലോമീറ്റർ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നാകട്ടെ, വെറും 5 കിലോമീറ്റർ ദൂരം. യാത്രകൾ അവസാനിക്കുന്നത് അമ്പലമുകളിലാണ്; കൊച്ചി നഗരപ്രാന്തത്തിലെ ഒരു ചെറു പട്ടണത്തിൽ. ഇന്ത്യയുടെ കുതിപ്പിന്റെ ഊർജ സ്രോതസുകളിലൊന്നാണ് ഈ പട്ടണം! രാജ്യത്തെ വമ്പൻ എണ്ണ ശുദ്ധീകരണശാലകളിലൊന്നായ ബിപിസിഎൽ കൊച്ചി റിഫൈനറി പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഫാക്ടും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡും പോലുള്ള രാസ വ്യവസായ ശാലകൾ വേറെയും. റിഫൈനറിയുടെ വിവിധ പദ്ധതികളിലൂടെ രാജ്യത്തെ തന്നെ വമ്പൻ ‘എണ്ണ’ അധിഷ്ഠിത വ്യവസായ കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് അമ്പലമുകൾ.

രാജ്യാന്തര നിലവാരം 

2013 ൽ നിർമാണം തുടങ്ങിയ സംയോജിത റിഫൈനറി വികസന പദ്ധതി  (ഐആർഇപി ) പൂർത്തിയായതോടെ റിഫൈനറിയുടെ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) ശുദ്ധീകരണ ശേഷി 9.5 മില്യൻ മെട്രിക് ടണ്ണിൽ നിന്ന് 15.5 മില്യൻ മെട്രിക് ടണ്ണിലെത്തി. അതോടെ, രാജ്യാന്തര നിലവാരമുള്ള റിഫൈനറിയെന്ന ഖ്യാതി മാത്രമല്ല ലഭിച്ചത്. ബിഎസ് 6 നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണു വികസനത്തിന്റെ പ്രധാന നേട്ടം.

ഐആർഇപിയുടെ തുടർച്ചയായാണു പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കുന്നത്.  ആദ്യ ഘട്ടത്തിൽ മുതൽ മുടക്ക് 5500 കോടി രൂപയും മൊത്ത നിക്ഷേപം 16,800 കോടിയും. അസംസ്കൃത എണ്ണ (ക്രൂഡ്) ശുദ്ധീകരിച്ച് ഇന്ധനമാക്കുമ്പോൾ ഉപോൽപന്നമായി ലഭിക്കുന്നത് 5 ലക്ഷം ടൺ പ്രൊപ്പിലീൻ. ഇതുപയോഗിച്ച് അക്രിലിക് ആസിഡ്, അക്രിലേറ്റ്സ്, ഓക്സോ ആൽക്കഹോൾസ്, പോളിയോൾസ് തുടങ്ങിയവ ഉൽപാദിപ്പിക്കുകയാണു പെട്രോകെമിക്കൽ കോംപ്ലക്സിന്റെ ദൗത്യം.

ഭാവി ഹബ്

പെട്രോകെമിക്കൽ കോംപ്ലക്സിന്റെ  ഭാഗമായ പിഡിപിപിയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കാനാകും. ഇത്തരം രാസവസ്തുക്കൾ ഉപയോഗിച്ച് അക്രിലിക് പെയിന്റ്സ്, സോൾവന്റ്സ്, കോട്ടിങ്, വിവിധ തരം പശകൾ, റെസിൻ, സ്റ്റെബിലൈസേഴ്സ്, ഡൈ, ഡിറ്റർജന്റ്സ്, ഡയപ്പർ, സാനിറ്ററി നാപ്കിൻ, വാഹന സീറ്റ്, കിടക്ക, ഷൂ സോൾ, അച്ചടി മഷി, ഫാർമ ഉൽപന്നങ്ങൾ, ഫുഡ് അഡിറ്റീവ്സ് ഉൾപ്പെടെയുള്ളവ നിർമിക്കാൻ കഴിയും.

ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾക്കു വൻ സാധ്യതയാണു സൃഷ്ടിക്കപ്പെടുന്നത്. അതു ലക്ഷ്യം വച്ചാണു സംസ്ഥാന സർക്കാരിനു കീഴിലെ കിൻഫ്ര അമ്പലമുകളിൽ തന്നെ പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെയുള്ള ജോലികൾ കിൻഫ്ര നടപ്പാക്കും. അമ്പലമുകളിൽ ഫാക്ടിൽ നിന്നു സംസ്ഥാന സർക്കാർ വാങ്ങുന്ന 481 ഏക്കറിലാണു കിൻഫ്ര പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുക. ഘട്ടം ഘട്ടമായി ഏകദേശം 17,000 കോടി രൂപയുടെ നിക്ഷേപം ഇവിടെ പ്രതീക്ഷിക്കാം.

ഇറക്കുമതി കുറയും

പിഡിപിപി സജ്ജമാകുന്നതോടെ 250 പേർക്കു നേരിട്ടും 900 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കും. അതേസമയം, പിഡിപിപിയെ ആശ്രയിച്ചു സ്ഥാപിക്കുന്ന കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ നേരിട്ട് 5000 പേർക്കും പരോക്ഷമായി 15,000 പേർക്കും തൊഴിൽ ലഭിക്കുമെന്നാണു പ്രതീക്ഷ. രാജ്യത്തെ സംബന്ധിച്ചിടത്തോളം റിഫൈനറിയുടെ പദ്ധതികൾ പൂർണ സജ്ജമാകുന്നതോടെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ 13,000 കോടി രൂപയെങ്കിലും ലാഭിക്കാനാകും. ഇറക്കുമതി കുറയുന്നതു വിദേശ നാണ്യം ലാഭിക്കാനും രാജ്യത്തെ സഹായിക്കും. അക്രിലിക് പെയിന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ബ്യൂട്ടെയ്ൽ അക്രിലേറ്റ്സ് പോലുള്ള അസംസ്കൃത വസ്തുക്കൾ 100 % ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അക്രിലിക് പെയ്ന്റിലെ പ്രധാന അസംസ്‌കൃത വസ്തുവായ ഇതു കേരളത്തിൽ തന്നെ ലഭിക്കുന്നത് ഇവിടത്തെ പെയ്ന്റ്, ഇൻക് നിർമാതാക്കൾക്കും ഗുണകരമാകും. 

സമരമില്ലാതെ 

ആവേശത്തോടെ തുടങ്ങി, പതിയെ ഇഴഞ്ഞ്, വൈകാതെ സ്തംഭിക്കുന്ന മട്ടിലുള്ള നിർമാണ രീതിയില്ല, റിഫൈനറിയുടേത്. സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ പ്രത്യേക നൈപുണ്യമുണ്ട്, റിഫൈനറിക്ക്. 5 വർഷം കൊണ്ടു പൂർത്തിയാക്കിയ സംയോജിത റിഫൈനറി വികസന പദ്ധതി (ഐആർഇപി) തൊഴിൽ സമരങ്ങൾ മൂലം തടസപ്പെട്ടതേയില്ല! എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ പൂർത്തിയാക്കിയ വൻ പദ്ധതി. ആയിരക്കണക്കിനു തൊഴിലാളികൾ ഒരുമിച്ചു പണിയെടുത്ത എത്രയോ ദിവസങ്ങൾ. ഐആർഇപിക്കു ശേഷം, പിഡിപിപിയും അതേ രീതിയിൽ തന്നെ. 2019 – 20 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു  പഴയ പ്രഖ്യാപനം. അതേ സമയക്രമം പാലിച്ചു തന്നെയാണു പദ്ധതിയുടെ പുരോഗതിയും.

33,300 കോടി രൂപ നിക്ഷേപം

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപത്തിലൂടെ വളരുകയാണു ബിപിസിഎൽ കൊച്ചി റിഫൈനറി. 33,300 കോടി രൂപയാണ് ഏതാനും വർഷത്തിനിടെ റിഫൈനറിയിലെ വിവിധ പദ്ധതികൾക്കായി ചെലവിട്ടു കൊണ്ടിരിക്കുന്നത്. 16,500 കോടി രൂപ ചെലവിട്ടു നടപ്പാക്കിയ സംയോജിത റിഫൈനറി വികസന പദ്ധതിയുടെ (ഐആർഇപി) സമർപ്പണം ഈ വർഷം ജനുവരിയിൽ നിർവഹിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദി.

16,800 കോടി മുതൽമുടക്കുന്ന പെട്രോകെമിക്കൽ കോംപ്ലക്സിന്റെ നിർമാണ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കോംപ്ലക്സിന്റെ ഭാഗമായി നിർമിക്കുന്നതു 2 യൂണിറ്റുകൾ. പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ടും (പിഡിപിപി), പോളിയോൾസ് പ്രോജക്ടും. 11,300 കോടി ചെലവിടുന്ന പോളിയോൾസ് പ്രോജക്ട് 2023 ഒടുവിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. സിവിൽജോലികൾ ആരംഭിച്ചു. 5,500 കോടി രൂപ മുതൽമുടക്കുന്ന പിഡിപിപി കമ്മിഷനിങ്ങിന് ഒരുങ്ങുകയാണ്. അടുത്ത മാർച്ചിനുള്ളിൽ പൂർണ സജ്ജമാകും.

രാജ്യത്തിന് വലിയ നേട്ടം

രാജ്യത്തിനു വലിയ തോതിൽ ഗുണം ചെയ്യുന്ന പദ്ധതികളാണു റിഫൈനറി നടപ്പാക്കിവരുന്നത്. ബ്യൂട്ടെയ്ൽ അക്രിലേറ്റ്സ് പോലുള്ള അസംസ്കൃത വസ്തുക്കൾ ഇന്ത്യ പൂർണമായും ഇറക്കുമതി ചെയ്യുകയാണ്. പിഡിപിപി സജ്ജമാകുന്നതോടെ അക്രിലേറ്റ്സ് ഇവിടെ ഉൽപാദിപ്പിക്കാനാകും. നമ്മുടെ കമ്പനികൾക്ക് അത് ഏറെ ഗുണകരമാകും. ഒരുപാടു ചെറുകിട വ്യവസായ യൂണിറ്റുകൾ വരും. ആയിരങ്ങൾക്കു തൊഴിലും ലഭിക്കും. പ്രസാദ്.കെ പണിക്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ബിപിസിഎൽ കൊച്ചി റിഫൈനറി 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama