go

ലക്ഷങ്ങൾ വിലയുള്ള ‘സ്വർണത്തലകൾ’; സ്റ്റൈലൻ മുടിയിലും ഇനി കസ്റ്റംസ് കൈവയ്ക്കും

kochi-smuggling
സ്വർ‌ണം കടത്താൻ ശ്രമിച്ചു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ നൗഷാദ് തലയുടെ മുകൾഭാഗത്തെ മുടി ഷേവ് ചെയ്തു മാറ്റിയ ശേഷം അവിടെ സ്വർണമിശ്രിതം വച്ചിരിക്കുന്നു.
SHARE

കൊണ്ടോട്ടി∙കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ മുടിയുടെ   സ്റ്റൈലിൽ സംശയം തോന്നിയപ്പോൾ വലയിലായത് ലക്ഷങ്ങൾ വിലയുള്ള ‘സ്വർണത്തലകൾ’. ഒരാൾ നെടുമ്പാശേരിയിലാണെങ്കിൽ മറ്റെയാൾ    കുടുങ്ങിയത് കോഴിക്കോട് വിമാനത്താവളത്തിൽ. രണ്ടു പേരും മലപ്പുറം ജില്ലക്കാർ.

kozhikode-karipoor-smugling-inside-wigg
സ്വർണമിശ്രിതം ഒളിപ്പിക്കാനായി യാത്രക്കാരൻ തലയുടെ മുകൾഭാഗത്തെ മുടി ഷേവ് ചെയ്ത് മാറ്റിയ നിലയിൽ.

അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ‘തല’ വഴിയുള്ള സ്വർണക്കടത്ത് എങ്ങനെ തടയുമെന്ന തന്ത്രത്തിനായി തല പുകയ്ക്കുകയാണു കസ്റ്റംസ്. ലോഹപരിശോധിനി കവാടത്തിലൂടെ ‘ബീപ്’ ശബ്ദം കേൾപ്പിക്കാതെയാണു രണ്ടിടത്തും യാത്രക്കാർ പുറത്തുവന്നതെന്നാണു വിവരം.യന്ത്രസംവിധാനങ്ങളിൽ പിടിക്കപ്പെടാതിരിക്കാൻ സ്വർണം മിശ്രിതമാക്കി പ്രത്യേകം പാക്ക് ചെയ്തതാകാം കാരണം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

തലയുടെ മുകൾഭാഗത്തെ മുടി ഷേവ് ചെയ്തു മാറ്റിയാണ് സ്വർണമിശ്രിതം വച്ചിരുന്നത്. ഇതു കാണാതിരിക്കാൻ മുകളിൽ വിഗ്ഗും. ഇത്തരത്തിൽ കടത്തുന്ന സ്വർണം യന്ത്രസംവിധാനങ്ങളിൽ കുടുങ്ങിയില്ലെങ്കിൽ സ്വീകരിക്കേണ്ട മാർഗങ്ങൾ കസ്റ്റംസ് ശക്തമാക്കി. പ്രത്യേക നിരീക്ഷണവും രഹസ്യാന്വേഷണവും ഊർജിതപ്പെടുത്തിയിട്ടുണ്ട്.  സംശയം തോന്നിയാൽ ഷൂസും സോക്സും അഴിപ്പിച്ചു നടത്തുന്ന പരിശോധനയ്ക്കൊപ്പം ഇനി യാത്രക്കാരന്റെ തലയിലും കസ്റ്റംസ് ‘കൈവയ്ക്കും’.

ഇതുവരെ കണ്ടിട്ടില്ലാത്ത മാർഗങ്ങൾ

കഴിഞ്ഞദിവസം രാവിലെ 6ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് റമീസ് ആണു കസ്റ്റംസ് പിടിയിലായത്. തലയുടെ മുകളിൽ മധ്യഭാഗത്തായി മുടി ഷേവ് ചെയ്തു മാറ്റിയിരുന്നു. ഈ ഭാഗത്ത്, പ്രത്യേകം പാക്ക് ചെയ്ത സ്വർണമിശ്രിതം വച്ച് മുകളിൽ വിഗ് വയ്ക്കുകയായിരുന്നു. 907 ഗ്രാം സ്വർണമിശ്രിതമാണു കണ്ടെടുത്തത്.

kozhikode-karipoor-smugling

തലയിലൊളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി നിഷാദ് (26) എന്നയുവാവിനെയാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്. ആദ്യമായാണ് കൊച്ചിയില്‍ ഇത്തരത്തിലുള്ള സ്വർണക്കടത്തു പിടികൂടുന്നതെന്നു കസ്റ്റംസ് അധികൃതർ പറഞ്ഞു. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ  നിഷാദാണ് പിടിയിലായത്.

1.13 കിലോഗ്രാം സ്വർണമിശ്രിതം ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. തലയുടെ മുകൾഭാഗത്തെ മുടി ഷേവ് ചെയ്തു മാറ്റി അവിടെ സ്വർണമിശ്രിതം പ്രത്യേക കവറിലാക്കി പരത്തി വച്ച ശേഷം  അതിനു മുകളിൽ വിഗ് വച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിഗ് അഴിച്ചു മാറ്റിയപ്പോഴാണു സ്വർണം കണ്ടെത്തിയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama