go

തീരം അരക്ഷിതം; എവിടെ നിൽക്കുന്നു കൊച്ചിയുടെ സുരക്ഷാ സംവിധാനങ്ങൾ ?

police-bullet-proof-jacket
പൊലീസിന്റെ പുതിയ ബുള്ളറ്റ് പ്രൂഫ് ബോഡി പ്രൊട്ടക്ടർ.
SHARE

കൊച്ചിയുടെ തീര സുരക്ഷ ഉറപ്പാക്കാനുള്ള ‘സ്ട്രാറ്റജിക് പ്ലാനിങ്’ വേണമെന്ന പ്രതിരോധ മന്ത്രാലായത്തിന്റെ നിർദേശം ലഭിച്ചിട്ടു 10 വർഷം പിന്നിടുമ്പോൾ ഒരന്വേഷണം. എവിടെ നിൽക്കുന്നു കൊച്ചിയുടെ സുരക്ഷാ സംവിധാനങ്ങൾ? കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസന്വേഷണങ്ങളുടെ അവസ്ഥ എന്താണ്?

കൊച്ചി∙ രാജ്യ സുരക്ഷയെ നേരിട്ടു ബാധിക്കുന്ന സംഭവങ്ങളുടെ അന്വേഷണ പുരോഗതിയിൽ കൊച്ചിയുടെ നിൽപ് എവിടെയാണ്? ആഴത്തിലുള്ള രഹസ്യാന്വേഷണം, തുടർന്നു കടലും കായലും കലക്കിമറിക്കുന്ന പരസ്യ അന്വേഷണം, ഒടുവിൽ ലോങ് പെൻഡിങ് (എൽപി) കേസുകളുടെ കൂട്ടത്തിൽ സമാധി. ഇതാണു നടപ്പു രീതി. രാജ്യത്തിന്റെ അഭിമാനമായ വിക്രാന്ത് വിമാനവാഹിനിക്കപ്പലിന്റെ നിർമാണം കൊച്ചി കപ്പൽശാലയിൽ തുടങ്ങിയ കാലത്താണ് ഇസ്രയേൽ പൗരന്മാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, കൊച്ചി കപ്പൽശാല ചെയർമാൻ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ അറിവില്ലാതെ കപ്പൽശാലയുടെ ഉള്ളിലെത്തിയെന്ന ആരോപണം കേട്ടത്.

അന്വേഷണം എങ്ങും എത്തിയില്ല

വിക്രാന്തിന്റെ നിർമാണം അവസാന ഘട്ടത്തിലെത്തിയപ്പോൾ കപ്പലിനുള്ളിലെ അതീവ സുരക്ഷാ മേഖലയിൽ സൂക്ഷിച്ചിട്ടുള്ള കംപ്യൂട്ടറുകളിൽ നിന്നു ഹാർഡ് ഡിസ്കുകൾ മോഷണം പോയിരിക്കുന്നു. ഇതിന്റെ അന്വേഷണ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഈ മോഷണം, കൊച്ചി കപ്പൽശാലയുടെ വിശ്വാസ്യത തകർത്തു നിർമാണക്കരാറുകൾ സ്വകാര്യ കപ്പൽശാലകൾക്കു നേടാനുള്ള ഗൂഢ നീക്കമാണെന്നും അതല്ല, മോഷണം അസൽ ചാരപ്പണിയുടെ ഭാഗമാണെന്നുമുള്ള 2 വാദങ്ങൾ ഉയരുന്നുണ്ട്. കേരള പൊലീസിനു പുറമേ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും ദേശീയ അന്വേഷണ ഏജൻസിയും നാവികസേന ഇന്റലിജൻസും ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നാണു ലഭ്യമായ വിവരം.

എന്തൊരു നാണക്കേട് 

കപ്പൽശാലയിൽ മാത്രമല്ല, കൊച്ചിയിലും പരിസരങ്ങളിലും ഇത്തരം സംഭവങ്ങൾ പലതും ആവർത്തിക്കുന്നുണ്ട്. എറണാകുളം കലക്ടറേറ്റ് സ്ഫോടനത്തിന്റെ 10–ാം വർഷത്തിന്റെ ‘ആഘോഷ’മാണ് ഇപ്പോൾ നടക്കുന്നത്;  ഒരു പ്രതിയെപ്പോലും പിടികൂടാതെ, ഒരു തുമ്പും കിട്ടാതെ. 2009 ജൂലൈയിൽ പുതുവൈപ്പിൽ വൻ ഇന്ധന ടാങ്കുകൾ സ്‌ഥിതിചെയ്യുന്ന തന്ത്രപ്രധാന മേഖലയുടെ രേഖാചിത്രം തയാറാക്കിയ ഇതര സംസ്‌ഥാന തൊഴിലാളികൾ അപ്രത്യക്ഷരായിരുന്നു. കാണാതായ 3 തൊഴിലാളികൾ യഥാർഥത്തിൽ ബംഗ്ലദേശ് സ്വദേശികളാണെന്നും അന്നു സൂചനയുണ്ടായിരുന്നു.

ഈ തൊഴിലാളികൾ കടന്നുകളഞ്ഞതു കലക്ടറേറ്റ് സമുച്ചയത്തിൽ ബോംബ് സ്‌ഫോടനമുണ്ടായതിനു ദിവസങ്ങൾക്കു മുൻപായിരുന്നു. ഈ തൊഴിലാളികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പെട്രോനെറ്റ് എൽഎൻജി ടെർമിനൽ, ഐഒസി എൽപിജി ടെർമിനൽ, ബിപിസിഎൽ റിഫൈനറിയുടെ കൂറ്റൻ അസംസ്‌കൃത എണ്ണട്ടാങ്കുകൾ തുടങ്ങിയ പദ്ധതികളാണ് അന്നു പുതുവൈപ്പിൽ നിർമിച്ചിരുന്നത്. ദക്ഷിണ നാവിക കമാൻഡ് ആസ്‌ഥാനത്തോടു ചേർന്നു കിടക്കുന്ന തന്ത്രപ്രധാന മേഖലയുടെ കാര്യമാണിത്.

ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം തീവ്രവാദി ആക്രമണ സാധ്യതയുള്ള പ്രദേശമായാണു പുതുവൈപ്പ് ഇന്ധനസംഭരണ മേഖലയെ സുരക്ഷാസേനകൾ വിലയിരുത്തുന്നത്. ആന്ധ്ര, ഒഡീഷ, ഛത്തീസ്‌ഗഡ് സംസ്‌ഥാനങ്ങളിലെ മുൻകാല മാവോയിസ്‌റ്റുകൾ കൊച്ചിയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽ നുഴഞ്ഞു കയറുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പുണ്ട്.

പാസ്പോർട്ട് മോഷണം

2009 ജൂണിൽ പാസ്പോർട്ട് ഓഫിസിൽ മോഷണം നടന്ന വിവരം പുറത്തുവന്നു. പൂരിപ്പിക്കാത്ത 49 പാസ്‌പോർട്ട് ബുക്കുകൾ മുംബൈ സ്‌ഫോടന പരമ്പരയ്‌ക്കു മുൻപു കൊച്ചി റീജനൽ പാസ്‌പോർട്ട് ഓഫിസിൽ നിന്നു നഷ്‌ടപ്പെട്ട സംഭവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ ഇതുവരെ പുറത്തുവന്നില്ല. നഷ്ടപ്പെട്ട പാസ്പോർട്ടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. 1993 ലെ മുംബൈയിലെ സ്‌ഫോടന മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പൂരിപ്പിക്കാത്ത 2 പാസ്‌പോർട്ടുകളുടെ ഉറവിടം തേടി സിബിഐ മുംബൈ യൂണിറ്റിലെ ഉദ്യോഗസ്‌ഥർ നടത്തിയ അന്വേഷണമാണു കൊച്ചി പാസ്‌പോർട്ട് ഓഫിസിലെത്തിയത്.  2000- 2002 കാലഘട്ടത്തിൽ കൊച്ചിയിൽ നിന്നു തപാലിൽ അയച്ച 25 പാസ്‌പോർട്ടുകൾ വിലാസക്കാർക്കു ലഭിക്കാതിരുന്ന കേസിന്റെ അന്വേഷണവും ലക്ഷ്യം കണ്ടില്ല.

ഭൂപടം മാത്രം പോരാ

കേരള തീരത്തിന്റെ സ്‌ട്രാറ്റജിക് മാപ്പ് സംസ്‌ഥാന പൊലീസിന്റെ പക്കലില്ലെന്ന വിവരം പുറത്തു വന്നിട്ടും വർഷങ്ങൾ പിന്നിട്ടു. തീവ്രവാദ സംബന്ധമായി നാവികസേനയടക്കമുള്ള സേനാവിഭാഗങ്ങൾ കൈമാറുന്ന സാങ്കേതിക വിവരങ്ങൾ ഡി കോഡ് ചെയ്യാനും കേരള പൊലീസിന്റെ പക്കൽ ആധുനിക സംവിധാനങ്ങൾ കുറവാണ്. ലോക്കൽ പൊലീസ് സ്‌റ്റേഷനുകളും കടലാസു ഭൂപടങ്ങളിൽ നിന്ന് ഒരുപടി മുന്നേറിയിട്ടില്ല. കൊച്ചി തീരത്ത് അസ്വാഭാവികമായി കണ്ടെത്തുന്ന ബോട്ടുകളുടെയും കപ്പലുകളുടെയും സ്‌ഥാനത്തെപ്പറ്റി ഗ്ലോബൽ പൊസിഷനിങ് സിസ്‌റ്റം (ജിപിഎസ്) അനുസരിച്ചാണു സേനാവിഭാഗങ്ങൾ വിവരങ്ങൾ കൈമാറുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആധുനിക സംവിധാനങ്ങളുള്ള കോസ്റ്റ് ഗാർഡ് ബോട്ടുകളെയും ഇത്തരം സംവിധാനങ്ങളുള്ള മീൻപിടിത്ത ബോട്ടുകളെയും ആശ്രയിക്കേണ്ട സ്ഥിതിയിലാണു പൊലീസ്.

മനുഷ്യക്കടത്ത്

കൊച്ചിയിലെ കംപ്യൂട്ടർ ഹാക്കിങ് ഇൻസ്‌റ്റിറ്റ്യൂട്ടുകളെ കുറിച്ചുള്ള അന്വേഷണവും ഫയലുകളിൽ ഉറങ്ങുകയാണ്. ഇത്തരത്തിലുള്ള സങ്കേതങ്ങൾ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. വിനോദസഞ്ചാരികളായെത്തുന്ന വിദേശികൾ പോലും ഫീസ് നൽകി ഹാക്കിങ് കോഴ്‌സുകൾ പഠിച്ചതായുള്ള വെളിപ്പെടുത്തലുണ്ടായിട്ടും അവരുടെ മൊഴി പോലും രേഖപ്പെടുത്തിയില്ല. മുനമ്പം മനുഷ്യക്കടത്തു കേസുകൾ മുൻകൂട്ടി തിരിച്ചറിയാൻ ഇന്റലിജൻസ് സംവിധാനങ്ങൾ പൂർണമായി പരാജയപ്പെട്ടു.

ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ പോലും കടൽമാർഗം ബോട്ടിൽ വിദേശത്തേക്കു കടക്കാൻ ഒരാഴ്ചയിൽ അധികം എറണാകുളം, തൃശൂർ ജില്ലകളുടെ വിവിധഭാഗങ്ങളിൽ തങ്ങിയിട്ടും രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇക്കാര്യം അറിഞ്ഞില്ല. കൊച്ചിക്കു വേണ്ട സുരക്ഷാ സംവിധാനങ്ങളുടെ അഭാവം തെളിയുന്ന കേസുകളാണ് ഇവയോരോന്നും. അന്വേഷണതൽപരരായ ഉദ്യോഗസ്ഥർക്ക് ആധുനിക സാങ്കേതിക പരിശീലനം നൽകാൻ തയാറാകാത്തതു കേസന്വേഷണങ്ങൾക്കു തിരിച്ചടിയാകുന്നുണ്ട്. 10 വർഷത്തിനിടയിൽ റജിസ്റ്റർ ചെയ്ത ഈ കേസുകൾ കൊച്ചിയുടെ ദൗർബല്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുന്നവയാണ്.

പുല്ലാണേ പുല്ലാണേ, അടിയും ഇടിയും പൊലീസിനു പുല്ലാണേ...

ആലുവ∙ ‘അടിയുടെ ഇടിയുടെ വെടിയുടെ മുന്നിൽ’ ഇനി കേരള‌ പൊലീസും പതറില്ല. വിരിമാറു കാട്ടിത്തന്നെ നിൽക്കും. പോർമുഖങ്ങളിൽ ധരിക്കാൻ പൊലീസിനു പുതിയ ബുള്ളറ്റ് പ്രൂഫ് ബോഡി പ്രൊട്ടക്ടറും ഫൈബർ ഷീൽഡും എത്തി.  വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ഹൈടെക് പടച്ചട്ട ജില്ലാ പൊലീസ് ആസ്ഥാനത്തെ  കൺട്രോൾ റൂമുകൾക്കാണ് ആദ്യ ഘട്ടത്തിൽ നൽകിയത്. താമസിയാതെ ആംഡ് റിസർവ് ക്യാംപിലുള്ളവർക്കും നൽകും. സമരക്കാരുടെ മുൻപിൽ ഇരുമ്പു ചട്ടിത്തൊപ്പിയും ചൂരൽ ഷീൽഡും പിടിച്ചുള്ള പൊലീസ് അതോടെ ഓർമയാകും.

ഒരു കിലോഗ്രാം തൂക്കമുള്ള ബോഡി പ്രൊട്ടക്ടർ നെഞ്ച്, പുറം, കൈകാലുകൾ എന്നിവയ്ക്കു പൂർണ സംരക്ഷണം നൽകും. പെട്ടെന്നു ധരിക്കാനും അഴിച്ചുവയ്ക്കാനും സൗകര്യപ്രദമായ തരത്തിൽ 4 ഭാഗങ്ങളായി സ്റ്റീൽ കലർന്ന ഫൈബർകൊണ്ടാണ് ഇത്  നിർമിച്ചിരിക്കുന്നത്. ഇതിനൊപ്പം ലാത്തിയുമുണ്ട്.  പാദം മുതൽ തല വരെ സുരക്ഷ ഉറപ്പാക്കാൻ ഹെൽമറ്റും ആവശ്യമാണ്. അതെത്തിയിട്ടില്ല. വരുന്നതു വരെ പൊലീസുകാർക്കു സ്വന്തം ഹെൽമറ്റ് ഉപയോഗിക്കാം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama