go

അന്ന് ഒരു ഫോൺ വിളിയുടെ ഞെട്ടൽ; ഇന്ന് തികഞ്ഞ ആത്മവിശ്വാസം

പിടിച്ചാൽ പോര,‘െകെ’യിൽ വോട്ടുമിടണം:യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് പനമ്പിള്ളി നഗറിലെ ചായക്കടയിൽ.ഡിസിസി ജന.സെക്രട്ടറി ഷെറിൻ വർഗീസ് സമീപം
SHARE

കൊച്ചി ∙ അർധ രാത്രിയോട് അടുപ്പിച്ചെത്തിയ ഒരു ഫോൺ വിളി ‘ഞെട്ടിച്ച’ സംഭവമാണ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദ് ‘മലയാള മനോരമ’ പത്രാധിപ സമിതി അംഗങ്ങളുമായി പങ്കിട്ടത്. ആ വിളി ലീഡർ കെ.കരുണാകരന്റേതായിരുന്നു; 16 വർഷം മുൻപ്. അന്നു വിനോദ് കൊച്ചി നഗരസഭാ കൗൺസിലർ. കോൺഗ്രസിലെ യുവ നേതാക്കളിലൊരാൾ. ‘ചാറ്റ് വിത്ത് ദ് എഡിറ്റേഴ്സ്’ പരിപാടിയിൽ പങ്കെടുക്കുന്നതിന് മനോരമ സന്ദർശിച്ച വിനോദ് എറണാകുളം നിയമസഭാ മണ്ഡലത്തെക്കുറിച്ചും വികസന സങ്കൽപങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിച്ചതിനൊപ്പമാണു ലീഡറുടെ ഫോൺ വിളി ഞെട്ടിച്ചതിനെക്കുറിച്ചു കൂടി വെളിപ്പെടുത്തിയത്.

ലോക്സഭാ ഉപതിരഞ്ഞെടുപ്പ്; 2003

2003 ൽ ജോർജ് ഈഡന്റെ നിര്യാണത്തെ തുടർന്ന് എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പു വരുന്നു. സ്ഥാനാർ‍ഥി ആരാകണമെന്ന ചർച്ചകൾ നടക്കുന്നു. ഒരു ദിവസം വൈകിട്ടു ഞാനും ഭാര്യയും എന്റെ ബന്ധുവിന്റെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയാണ്. അപ്പോഴാണു ലീഡറുടെ മകൾ പത്മജ വേണുഗോപാൽ എന്നെ വിളിക്കുന്നത്. ‘രാത്രി 11 മണിക്ക് അച്ഛൻ വിളിക്കും. ആ സമയത്തു ഫോണിലുണ്ടാകണം’ എന്നാണു പത്മജ പറഞ്ഞത്. ഞാൻ ഭാര്യയെയും കൂട്ടി വീട്ടിലേക്കു മടങ്ങി.

രാത്രി ലീഡർ വിളിച്ചു. ‘കരുണാകരനാണ്. എറണാകുളത്തെ സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ട്. പത്രിക സമർപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യണം.’ ലീഡറുടെ വാക്കുകൾ കേട്ടു സത്യത്തിൽ ഞാൻ പകച്ചു പോയി. സ്ഥാനാർഥിയാകാനുള്ള മാനസിക തയാറെടുപ്പ് ഉണ്ടായിരുന്നില്ല. അതിനു വേണ്ടി ഒരുവിധ ഗൃഹപാഠവും ചെയ്തിരുന്നുമില്ല. ആ ഘട്ടത്തിലാണു ലീഡറെപ്പോലെ ഒരു വലിയ നേതാവ് വിളിച്ചതും സ്ഥാനാർഥിയാകാൻ തയാറെടുപ്പു നടത്തണമെന്നു പറഞ്ഞതും.

അന്ന് ഉറങ്ങിയില്ല. എങ്ങനെ ഇതു കൈകാര്യം ചെയ്യുമെന്നായിരുന്നു‍ ഞാനും ഭാര്യയും കൂടി രാത്രി മുഴുവൻ ചർച്ച ചെയ്തത്. പിറ്റേ ദിവസം പല നേതാക്കളോടും ഞാൻ പറഞ്ഞു: ‘എന്നെ പരിഗണിക്കേണ്ട . ഇപ്പോൾ  മൽസരിക്കാനാവില്ല, അതിനായി പരുവപ്പെട്ടിട്ടില്ല.’ ആ സ്ഥാനാർഥിത്വം അങ്ങനെ പോയി. പക്ഷേ, ഈ ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യത്തെ വളരെ ആത്മവിശ്വാസത്തോടെയാണു കാണുന്നത്.

ആത്മവിശ്വാസം ജനങ്ങൾ

1982 ലാണ് എന്റെ പൊതുപ്രവർത്തനത്തിനു തുടക്കം. കളമശേരി സെന്റ് പോൾസ് കോളജ് കെഎസ്‌യു യൂണിറ്റിലൂടെ. അവിടെ 2 തവണ യൂണിയൻ പ്രസിഡന്റായി. 1995 മുതൽ കൊച്ചി നഗരസഭാ കൗൺസിലറാണ്. രണ്ടു വട്ടം ഡപ്യൂട്ടി മേയറുമായി. ദീർഘകാലമായി ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നയാളാണു ഞാൻ. അതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസവും. ജനപ്രതിനിധിയെന്ന നിലയിൽ സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാൻ കഴിഞ്ഞു; കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ.

അത്തരമൊരു പ്രവർത്തനമാണ് ഈ ഉപതിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പകരുന്നത്. ഡിസിസി പ്രസിഡന്റെന്ന നിലയിൽ 3 വർഷമായി എല്ലാവരുടെയും സഹകരണത്തോടെയാണു പ്രവർത്തിച്ചിട്ടുള്ളത്. പ്രമുഖരായ ഒട്ടേറെ നേതാക്കളുള്ള ജില്ലയാണ് എറണാകുളം. അവരോടെല്ലാം ആലോചിച്ചാണു പ്രവർത്തിക്കുന്നത്. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ജില്ലകളിലൊന്നാണ് എറണാകുളം. അതെല്ലാം, ഇക്കുറി സ്ഥാനാർഥിത്വത്തിനു സഹായിച്ചു.

എംഎൽഎ ആയാൽ

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, കുടിവെള്ള പ്രശ്നം പരിഹരിക്കുക, മാലിന്യ സംസ്കരണം ഊർജിതമാക്കുക എന്നിവയ്ക്കാണു പ്രധാന പരിഗണന. കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ബിൽ നിയമസഭയിൽ വരും. അതു നടപ്പാക്കപ്പെടുന്നതോടെ റോഡ് പരിപാലനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഏകോപിതമായ സംവിധാനമുണ്ടാകും. 24 മണിക്കൂറും നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയാണു മറ്റൊന്ന്.

കേന്ദ്ര സർക്കാർ സഹായത്തോടെ ജല അതോറിറ്റി പദ്ധതി നടപ്പാക്കി വരുകയാണ്. അത്തരം കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കും. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റാണു ബ്രഹ്മപുരത്തു വിഭാവനം ചെയ്യുന്നത്. പ്ലാന്റ് നിർമാണത്തിനു സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി അനുമതി ലഭിക്കേണ്ടതുണ്ട്. അതിനുശേഷം നിർമാണം തുടങ്ങാനാകും. 18 മാസം കൊണ്ടു പൂർത്തിയാക്കാനാകും. ഇത്തരം കാര്യങ്ങളിലെല്ലാം സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താൻ എംഎൽഎയെന്ന നിലയിൽ സാധിക്കും.

ജനം ആഗ്രഹിക്കുന്നത്

തങ്ങളുടെ ഒപ്പം നിന്നു പ്രവർത്തിക്കുന്ന ജനപ്രതിനിധികളെയാണു ജനങ്ങൾ ആഗ്രഹിക്കുന്നത്. വൻ നഗരമായ കൊച്ചിയുടെ ഹൃദയഭാഗത്തു പോലും തീർത്തും പാവപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുണ്ട്. അവരെക്കൂടി ഉൾപ്പെടുത്തിയുള്ള, അവരുടെ പ്രശ്നങ്ങൾ കൂടി പരിഹരിച്ചു കൊണ്ടുള്ള പ്രവർത്തനമാണു ലക്ഷ്യം. പ്രചാരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ ചെന്നപ്പോൾ വ്യത്യസ്ത ആവശ്യങ്ങളാണു ജനങ്ങൾ ഉന്നയിച്ചത്. ചേരാനല്ലൂരിൽ, പ്രളയ ദുരിതാശ്വാസം കിട്ടിയില്ലെന്ന പരാതികളാണു കേട്ടത്. ഹൈബി ഈഡന്റെ പദ്ധതി പ്രകാരം 50 വീടുകളാണ് അവിടെ നിർമിക്കുന്നത്. 40 വീടുകൾ കൈമാറിക്കഴിഞ്ഞു. പക്ഷേ, സംസ്ഥാന സർക്കാരിന്റേതായി നിർമിച്ചത് 5 വീടുകൾ മാത്രം. അർഹരായവർ അവഗണിക്കപ്പെടുന്ന സാഹചര്യമാണ്. ‌

ജയസാധ്യത

തീർച്ചയായും നല്ല ഭൂരിപക്ഷം ലഭിക്കും. കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ സജീവമായി ഒപ്പമുണ്ട്. എംഎൽഎയായിരുന്ന ഹൈബി മണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ കയ്യൊപ്പു പതിയാത്ത മേഖലകളില്ല. ഹൈബിയുടെ മികച്ച പ്രവർത്തനത്തിന്റെ തുടർച്ചയാണു ലക്ഷ്യം.

അമ്പെയ്ത്ത്, സിനിമ, നടപ്പ് 

പൊതുപ്രവർത്തനത്തിരക്കിൽ സിനിമ കാഴ്ച വളരെ വിരളമാണ്. സമയം കിട്ടാറില്ല. കേരള ആർച്ചറി അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്ത്, കൊച്ചിയിൽ ദേശീയതല അമ്പെയ്ത്ത് ചാംപ്യൻഷിപ്പും സംഘടിപ്പിച്ചിട്ടുണ്ട്. (കലൂർ സ്റ്റേഡിയത്തിലെ പതിവു പ്രഭാത നടപ്പുകാരിൽ ഒരാളായ വിനോദിനു പ്രചാരണത്തിരക്കിൽ ചെറിയൊരു നഷ്ടമുണ്ട്; പതിവു നടത്തം മുടങ്ങി. രാവിലെ 6 നു വീട്ടിൽ നിന്നിറങ്ങിയാൽ മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ. പ്രചാരണം പൂർത്തിയാക്കി വീട്ടിലെത്തുമ്പോൾ രാത്രി 11 – 11.30 ആകും) 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama