go

താന്തോണിത്തുരുത്തിൽ വോട്ട് തേടി മനു റോയ്

ernakulam-manu-roy
എറണാകുളം നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മനു റോയ് താന്തോണി തുരുത്തിൽ വോട്ടർമാരെ കണ്ടപ്പോൾ
SHARE

കൊച്ചി ∙ നഗരത്തോട് ഏറെയടുത്തുള്ള താന്തോണിത്തുരുത്തുകാരുടെ ദുരിതത്തിന്റെ ആഴം അറിഞ്ഞാണു എൽഡിഎഫ് സ്ഥാനാർഥി മനു റോയ് വോട്ടുതേടിയെത്തിയത്. തുരുത്തിലെ ഏറ്റവും പ്രായം ചെന്ന വോട്ടർ രത്‌നവല്ലി സ്ഥാനാർഥിയെ മുല്ലപ്പൂ മാലയിട്ടു സ്വീകരിച്ചു. 25 വർഷമായി ഇവിടെ താമസിക്കുന്ന ശാന്ത സ്ഥാനാർഥിയോടു തുരുത്തുകാരുടെ ദുരിതങ്ങളെണ്ണിയെണ്ണി പറഞ്ഞു. ജയിച്ചാൽ ദ്വീപിന്റെ ഒറ്റപ്പെടലിനു പരിഹാരമുണ്ടാക്കാമെന്ന വാഗ്ദാനത്തോടെയാണു സ്ഥാനാർഥി മടങ്ങിയത്.

65 വീടുകളിലായി 195 വോട്ടർമാരുണ്ട് ഇവിടെ.കോന്തുരുത്തി സെന്റ് ജോൺസ് നെപുംസ്യാൻ പള്ളിക്കു സമീപത്തുനിന്നാരംഭിച്ച പ്രചാരണത്തിൽ സ്‌നേഹതീരം കോളനി, മുളവരിക്കൽ റോഡ്, ചാവറ റസിഡന്റ്‌സ് മേഖല എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടുതേടി. തുടർന്നു കറുകപള്ളി മേഖലയിലും വോട്ടർമാരെ കണ്ടു. തുറന്ന വാഹനത്തിൽ മനു റോയ്‌യുടെ പര്യടനം ഇന്നാരംഭിക്കും. ഉച്ചയ്ക്കു 3നു ചേരാനല്ലൂർ ജയകേരള ജംക്‌ഷനിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ഗൃഹസമ്പർക്കവുമായി രാജഗോപാൽ

കൊച്ചി ∙ നഗരത്തിലെ നീറുന്ന പ്രശ്നങ്ങൾ ഉയർത്തിയാണ് എൻഡിഎ സ്‌ഥാനാർഥി സി.ജി. രാജഗോപാലിന്റെ (മുത്തു) പ്രചാരണം. അതതു പ്രദേശത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും അതിനു പരിഹാരം നിർദേശിച്ചുമാണ് രാജഗോപാലിന്റെ ഗൃഹ സമ്പർക്ക പരിപാടി മുന്നേറുന്നത്. കൊച്ചി നഗരത്തിന്റെ മുഖച്ഛായ ദേശീയതലത്തിൽ ശ്രദ്ധ നേടുന്ന തരത്തിലേക്ക് ഉയർത്തുമെന്ന് സ്‌ഥാനാർഥി ഉറപ്പ് നൽകുന്നു.

എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി സി.ജി. രാജഗോപാൽ നഗരത്തിലെ ഹോട്ടലിൽ വോട്ടഭ്യർഥിച്ച് എത്തിയപ്പോൾ.

മാലിന്യപ്രശ്നം പരിഹരിക്കുക മാത്രമല്ല, ശാസ്ത്രീയമായ സംവിധാനം ഒരുക്കുമെന്നും രാജഗോപാൽ ഉറപ്പ് നൽകുന്നു. ഇന്നലെ രവിപുരം, എറണാകുളം സെൻട്രൽ മണ്ഡലം പ്രദേശങ്ങളിലായിരുന്നു രാജഗോപാൽ സമ്പർക്ക പരിപാടി നടത്തിയത്. രാജഗോപാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം സുരേഷ് ഗോപി എംപി ഇന്ന് ഉച്ചക്ക് 2.30ന് ലക്ഷ്മി ഹോസ്പിറ്റലിനടുത്ത ദേവി കോളനി സന്ദർശിക്കും. തുടർന്ന് 3.30ന് തേവര കോളജിലും 4.30ന് എളമക്കര കുടുംബ സംഗമത്തിലും 5.30ന് ചിറ്റൂർ മുതൽ കച്ചേരിപ്പടി വരെ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama