go

കുമ്പളത്ത് ലഹരി മാഫിയ വിളയാട്ടം

kochi-drug-mafia-attack
കുമ്പളം ശാന്തിതീരം ശ്മശാനത്തിലെ ശുചിമുറി അക്രമികൾ തകർത്ത നിലയിൽ
SHARE

കുമ്പളം ∙ ഒരിടവേളയ്ക്കു ശേഷം ലഹരി മാഫിയയുടെ വിളയാട്ടം വീണ്ടും. ക്ഷേത്ര ദർശനത്തിന് പോയ മൂന്നാം ക്ലാസ് വിദ്യാർഥിക്കു നേരെ നേരെ ആക്രമണം. കുമ്പളം പഞ്ചായത്തിലെ പൊതു ശ്മശാനം ശാന്തിതീരത്തെ ശുചിമുറിയും പൈപ്പുകളും മറ്റും അടിച്ച് തകർത്തു. വ്യത്യസ്ത സംഭവങ്ങളാണെങ്കിലും നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയതിനു ശേഷം ലഹരി മാഫിയ വീണ്ടും തല ഉയർത്തുന്നതിന്റെ സൂചനയാണിതെന്ന് പനങ്ങാട് ഗുണ്ടാവിരുദ്ധ സമിതി കൺവീനർ പി.എം. മുഹമ്മദ് ഹസൻ പറഞ്ഞു.

സൈക്കിളിൽ ഒറ്റയ്ക്ക് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ബാലൻ. മൂന്നംഗ സംഘമാണ് വഴിയിൽ തടഞ്ഞത്. അസഭ്യം പറഞ്ഞ് കരണത്തടിക്കുകയും കുട്ടിയുടെ കയ്യിൽ നഖം കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് ക്ഷേത്രത്തിലെത്തിയ കുട്ടി പറഞ്ഞതു പ്രകാരം മാതാപിതാക്കൾ പനങ്ങാട് പൊലീസിൽ പരാതി നൽകി. ഉദയത്തുംവാതിൽ ചൂരവേലിൽ സന്തോഷ്, പറയാട്ട് അശ്വിൻ, നെട്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശി എന്നിവരെ പരാതിപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്നാണ് ആക്ഷേപം. '

ശാന്തിതീരത്തും അക്രമം

കുമ്പളം ∙ ആളൊഴിഞ്ഞ 'ശാന്തിതീരം' ശ്മശാനത്തിലെ ശുചിമുറിയും മോട്ടറും പൈപ്പുകളും ചിലർ അടിച്ചു തകർത്തു. ചൊവ്വാഴ്ച മൃതദേഹം സംസ്കരിക്കാനെത്തിയവർ വഴിയാണിത് പുറത്തറിയുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കുമെന്ന് പനങ്ങാട് എസ്.ഐ. കെ. ദീപക് പറഞ്ഞു. 'ശാന്തിതീരം' പരിസരം ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമാണെന്ന് പൊലീസിൽ പരാതി നൽകിയ സമീപവാസിയായ യുവാവിനെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. 'ശാന്തിതീരം' ശ്മശാനത്ത് അശാന്തി പുകഞ്ഞു തുടങ്ങിയിട്ട് വർഷങ്ങളായി.

ചിമ്മിനിയിൽ വിള്ളൽ വീണതും വെള്ളവും വെളിച്ചവും ഇല്ലാത്തതും മൃതദേഹം ദഹിപ്പിക്കുന്ന ചൂള ഇടിഞ്ഞു വീഴുന്നതും കാടുംപടർപ്പും നിറഞ്ഞതും പലവട്ടം വാർത്തകളിൽ നിറഞ്ഞതാണ്. ശോച്യാവസ്ഥയിൽ കരാറുകാരൻ ശ്മശാനം കുറച്ചു ദിവസം നാൾ അടച്ചിട്ടതു പോലും അധികൃതർ അറിഞ്ഞില്ല. ശ്മശാനത്തിലെ ശുചിമുറിയിൽ 2 ദിവസം മുൻപു നടന്ന അക്രമം പോലും അറിഞ്ഞത് ഇന്നലെയാണെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെത്തന്നെ പൊലീസിൽ പരാതിയും നൽകി. ശ്മശാനത്തെ കുറിച്ച് അറിയാവുന്നവരാണിതിനു പിന്നിലെന്നു സംശയിക്കുന്നതായി വാർഡ് അംഗം പി.എസ്. ഹരിദാസ് പറഞ്ഞു. ശ്മശാന നവീകരണത്തിനായി 24 ലക്ഷം രൂപയുടെ പദ്ധതി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ നടപ്പിലാക്കുമെന്നും ഹരിദാസ് പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama