go

അൽപം വൈകിയെങ്കിലും ‘ഉംട’ വരുന്നു: കൊച്ചിയുടെ തലവര മാറ്റും

Ernakulam News
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ നഗര ഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കുവേണ്ടി യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റികൾ (ഉംട) രൂപീകരിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരം നിയമ നിർമാണമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, ഇന്റലിജന്റ് ട്രാൻസ്‌പോർട് സിസ്റ്റം അനുസരിച്ച് സ്മാർട് ടിക്കറ്റ് വിതരണം,  നഗര ഗതാഗത സേവനം മെച്ചപ്പെടുത്തൽ എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.  ഗതാഗത മന്ത്രി ചെയർപഴ്സനായും ഗതാഗത സെക്രട്ടറി വൈസ് ചെയർപഴ്‌സനുമായുള്ള അതോറിറ്റിയിൽ 4 വിദഗ്ധർ ഉൾപ്പെടെ 18 അംഗങ്ങളുണ്ട്.

വൈകി, പക്ഷേ വരും

കൊച്ചി ∙ വൈകി. പക്ഷേ വരാതിരിക്കുന്നില്ല. മെട്രോ നഗരത്തിന്റെ തലവര മാറ്റിയെഴുതുമെന്നു പ്രതീക്ഷ ഉണർത്തിയ ഉംട ഒടുവിൽ യാഥാർഥ്യമാവുകയാണ്. ‘കേരള മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ  2019’ അതിനു തുടക്കമിടുന്നു.  മെട്രോയുമായി ബോട്ട്, ബസ്, ഓട്ടോറിക്ഷകൾ എന്നിവ സംയോജിപ്പിക്കും. യാത്രക്കാർക്കായി ഒറ്റ പേയ്മെന്റ് സംവിധാനം വരും.  വൈദ്യുത ഓട്ടോകൾ മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സർവീസ് തുടങ്ങിക്കഴിഞ്ഞു. ആകെ 15,000 ഓട്ടോറിക്ഷ പദ്ധതിയുടെ ഭാഗമാകും. ടാക്സി കാറുകളും ചേരും.

ലക്ഷ്യങ്ങൾ

∙ നഗര ഗതാഗതത്തിന്റെ സങ്കീർണതകൾ ഒഴിവാക്കി എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴിലാക്കും. നഗരഗതാഗതം സംബന്ധിച്ച തീരുമാനങ്ങൾ ഒരുമിച്ച്
∙ നിർമാണ പ്രവർത്തികൾക്കിടെ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്് ഇല്ലാതാക്കും.
∙ സമഗ്ര മൊബിലിറ്റി പ്ലാൻ 5 വർഷ ഇടവേളകളിൽ തയാറാക്കും

∙ യാത്രക്കാർക്കു വിവരങ്ങൾ നൽകുന്നതിന് വെബ് അധിഷ്ഠിത ഉപഭോക്തൃ വിവരാന്വേഷണ സംവിധാനം.
∙ സ്വകാര്യ ബസുകളുടെ സംയോജിത സമയ ക്രമീകരണം, റൂട്ട് പുനഃക്രമീകരണം എന്നിവയുടെ പൂർണ ചുമതല അതോറിറ്റിക്ക്
∙ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തും. ബസ് സ്റ്റാൻഡ് ഫീസ്, ടോൾ എന്നിവ ഒഴിവാക്കാനും ബില്ലിൽ നിർദേശം

∙ ബസ് സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയ്ക്കു സമീപം ഓട്ടോറിക്ഷ, ടാക്‌സി പാർക്കിങ് സൗകര്യം
∙ വിശ്രമ കേന്ദ്രങ്ങളും കംഫർട്ട് സ്റ്റേഷനുകളും ഏർപ്പെടുത്തും.

അതോറിറ്റി രൂപീകരിക്കുന്ന രീതി

∙ അർബൻ മൊബിലിറ്റി പ്രദേശങ്ങൾ പ്രഖ്യാപിച്ചു കൊണ്ടു വിജ്ഞാപനം പുറപ്പെടുവിക്കണം.
∙ വിജ്ഞാപനം പുറപ്പെടുവിക്കാതെ നിയമപ്രകാരം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ പ്രദേശങ്ങൾ അർബൻ മൊബിലിറ്റി പ്രദേശങ്ങളാണ്.

∙ ഒരു അർബൻ മൊബിലിറ്റി പ്രദേശത്തിന് ഒരു അതോറിറ്റിയാണു രൂപീകരിക്കാവുന്നത്.(സംസ്ഥാന തലത്തിൽ അതോറിറ്റിയില്ല)
∙ കൊച്ചി കോർപറേഷൻ പരിധി ഉൾപ്പെടുന്ന അർബൻ മൊബിലിറ്റി പ്രദേശത്ത് ആദ്യം അതോറിറ്റി സ്ഥാപിക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama