go

തേരട്ടയ്ക്കെത്ര കാലുണ്ട്? വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ? ഉത്തരം ഇതാ..

Ernakulam News
1.കോൺഡ്രോമോർഫ കീലാട്ടി. 2.കോൺഡ്രോമോർഫ മാമിഫെറ. 3.പോളിഡ്രെപ്പാനം ഫിസം.
SHARE

കൊച്ചി∙ തേരട്ടയ്ക്കെത്ര കാലുണ്ട്? തേരട്ട വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ? ഇവ എത്ര വയസ്സു വരെ ജീവിക്കും? ഉപകാരിയോ ഉപദ്രവകാരിയോ? നമ്മുടെ പറമ്പിലും മരച്ചുവട്ടിലുമൊക്കെ ചുറ്റിത്തിരിയുന്ന, ശരീരമാസകലം കാലുകളുള്ള ഇവയെ കണ്ടിട്ടില്ലാത്തവരില്ല. പക്ഷേ, ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരമറിയാവുന്നവർ ചുരുക്കം. ഇനി സംശയങ്ങൾ മനസ്സിലൊതുക്കി നടക്കേണ്ട. എല്ലാ സംശയങ്ങൾക്കും മറുപടി നൽകാനുള്ള പഠനം ആരംഭിച്ചിരിക്കയാണു തേവര സേക്രഡ് ഹാർട്ട് കോളജിലെ ചിലന്തി ഗവേഷണ വിഭാഗം.

തേരട്ടയെപ്പറ്റി പഠിക്കാൻ ചിലന്തി ഗവേഷകരോ എന്നു സംശയിക്കേണ്ട. ചിലന്തികൾ ഉൾപ്പെടുന്ന നട്ടെല്ലില്ലാത്ത ജീവിവർഗമായ ആർത്രോപോഡയിലെ അംഗങ്ങളാണു തേരട്ടകളും. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പഠനത്തിനു നേതൃത്വം നൽകുന്നതു മുതിർന്ന ഗവേഷകനായ ഡോ. പ്രദീപ് എം. ശങ്കരനാണ്. വർഗീകരണ ശാസ്ത്ര ഗവേഷണത്തിൽ പുതിയ തുടക്കമാണിതെന്നു ചിലന്തി ഗവേഷണ വിഭാഗം തലവൻ ഡോ. പി.എ. സെബാസ്റ്റ്യൻ പറയുന്നു. 

ഇന്ത്യയിലെ കാടുകളിൽ കാണുന്ന ഇനങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനമാണു നടത്തുന്നത്. 16 ശ്രേണികളിലായി 146 കുടുംബങ്ങളിൽപ്പെടുന്ന 12,000 ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും രാജ്യത്ത് ഇവയുടെ വർഗീകരണ പഠനം അപൂർവം. ബ്രിട്ടിഷുകാരായ ശാസ്ത്രജ്ഞരുടെ സംഭാവനകൾ മാത്രമാണ് ഇതിന് അപവാദം.

ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

സാധാരണ തേരട്ടകൾക്ക് 70–90 കാലുകളുണ്ടാകും. ട്രെയിനിന്റെ കംപാർട്ട്മെന്റുകൾ പോലെ വിവിധ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച  രീതിയിലാണു ശരീരം. ഇതിൽ ഓരോ ഭാഗത്തും 4 കാലുകൾ വീതമുണ്ടാകും. തനി വെജിറ്റേറിയൻമാർ. ഉണക്കയിലകൾ, പച്ചക്കറി മാലിന്യം, പായൽ, ഉണങ്ങിപ്പൊടിഞ്ഞ തടി എന്നിവയൊക്കെയാണ് ഇഷ്ട ഭക്ഷണം. 2 മുതൽ 6 വർഷം വരെ ജീവിക്കുന്ന വിവിധയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 

നമ്മുടെ നാട്ടിൽ കാണുന്ന ചുവന്ന തേരട്ടകൾക്ക് 2–4 വർഷം വരെ ആയുസ്സുണ്ട്.  ഉപദ്രവകാരികളേയല്ല. മറിച്ചു മണ്ണിരകളെപ്പോലെതന്നെ ജൈവാവശിഷ്ടങ്ങളും ഉണങ്ങിയ കരിയിലകളുമൊക്കെ വിഘടിപ്പിച്ചു മണ്ണിന്റെ വളക്കൂറു നിലനിർത്തുന്ന ഉപകാരികളാണ്. ജൈവാവശിഷ്ടങ്ങളിൽനിന്നു തേരട്ടകളെ ഉപയോഗിച്ചു നിർമിക്കുന്ന ‘മില്ലിക്കമ്പോസ്റ്റ് ’ മണ്ണിരക്കമ്പോസ്റ്റിനെ വെല്ലും.

എന്നാൽ, ശാന്തസ്വഭാവികളൊക്കെയാണെങ്കിലും ഉപദ്രവിക്കാൻ ചെന്നാൽ തേരട്ടകളുടെ ‘നിറം മാറും’. വിഷാംശമുള്ള ബെൻസോക്വിനോൺ, ഹൈഡ്രജൻ സയനൈഡ് തുടങ്ങിയവ വാതക രൂപത്തിലോ ദ്രാവകമായോ പുറപ്പെടുവിച്ചാണ് ഇവ ശത്രുക്കളെ തുരത്തുന്നത്. തണുപ്പും ഈർപ്പവുമുള്ള പരിതസ്ഥിതികളോടാണു പൊതുവേ താൽപര്യം.   

കണ്ടെത്തിയത് 3 പുതിയ ഇനങ്ങളെ

കോളജിന്റെ ഗവേഷണ വിഭാഗം 3 അപൂർവയിനം തേരട്ടകളെ കണ്ടെത്തിയിട്ടുണ്ട്. കോൺഡ്രോമോർഫ കീലാട്ടി, കോൺഡ്രോമോർഫ മാമിഫെറ എന്നിവയെ പാലക്കാട്ടു നിന്നും പോളിഡ്രെപ്പാനം ഫിസം എന്ന പുതിയ ഇനത്തെ തമിഴ്നാട്ടിലെ യേർക്കാട് നിന്നുമാണു കണ്ടെത്തിയത്. ഏത് ആവാസവ്യവസ്ഥയിലും ഇവയ്ക്കു ജീവിക്കാനാകും.

കല്ലുകൾക്കും തടികൾക്കുമിടയിലും പായൽ നിറഞ്ഞ പരിസരങ്ങളിലുമാണ് ഇവയെ കാണുക. സാധാരണ തേരട്ടകളിൽനിന്നു വ്യത്യസ്തമായി പരന്ന ശരീരം. 15–30 സെന്റിമീറ്റർ നീളവും തലയുടെ ഇരുവശങ്ങളിലുമായി അനേകം കണ്ണുകളും ഇവയ്ക്കുണ്ട്. 40–70 വരെ കാലുകളും ഇവയ്ക്കുണ്ടാകും. ഈ കണ്ടെത്തലുകൾ രാജ്യാന്തര സയൻസ് മാസികയായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama