go

തളർത്താൻ ശ്രമിച്ച വിധിയോട് സെലീനയുടെ പോരാട്ടം

സെലീന.
SHARE

അങ്കമാലി ∙  ജീവിത വഴിയിൽ നഷ്ടപ്പെട്ട വിദ്യാഭ്യാസ കാലഘട്ടം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് അറുപത്തിയൊൻപതാം വയസിലും സെലീന. വിധി മുന്നിൽ നിർത്തിയ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് എതിർത്തു തോൽപിക്കുകയാണ് സെലീന.  60 പിന്നിട്ടെന്നതോ അരയ്ക്കു താഴെ ചലനശേഷി ഇല്ലെന്നതോ പഠനകാര്യത്തിൽ അങ്കമാലി ഏഴാറ്റുമുഖം പറോക്കാരൻ സെലീനയ്ക്കു മുന്നിൽ തടസ്സങ്ങളല്ല. കഠിനാധ്വാനം കൊണ്ട് പഠിച്ചു മുന്നേറിയ സെലീന ഇപ്പോൾ ഹയർസെക്കൻഡറി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്.

അഞ്ചാമത്തെ വയസ്സിലാണ് പോളിയോ രൂപത്തിൽ വിധി വിലങ്ങനെ നിന്നത്. അരയ്ക്കു കീഴെ ചലനശേഷി നഷ്ടമായി. മാതാപിതാക്കൾ എടുത്തു കൊണ്ടുപോയി ക്ലാസിൽ ഇരുത്തിയാണ് രണ്ടാം ക്ലാസുവരെ പഠിപ്പിച്ചത്. പിന്നീടു പഠനം മുടങ്ങി. കുന്നിൻ മുകളിലെ വീട്ടിൽ നിന്ന് ഇരുന്നും നിരങ്ങിയും ചക്രക്കസേരകളിലുമായി അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണു പുറത്തിറങ്ങിയിരുന്നത്. സെലീനയുടെ ജീവിതത്തിൽ മാറ്റം വന്നു തുടങ്ങുന്നത് സഹൃദയയുടെ അംഗപരിമിത ക്ഷേമ പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിലൂടെയാണ്.

അംഗപരിമിതരുടെ കൂട്ടായ്മകളിൽ നിന്ന് ലഭിച്ച അറിവാണ് സെലീനയെ തുടർ സാക്ഷരതാ കേന്ദ്രവുമായി അടുപ്പിച്ചത്.നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ജയിച്ചു. തുടർന്ന് ഏഴാം ക്ലാസും പത്താം ക്ലാസും വിജയിച്ചു.ഇപ്പോൾ ഹയർസെക്കൻഡറി വരെയെത്തി. നായത്തോട് ജെബിഎസിൽ നടത്തുന്ന കോൺടാക്ട് ക്ലാസിൽ പങ്കെടുക്കാൻ ഓട്ടോറിക്ഷയിലാണ് സെലീന എത്താറുള്ളത്.

സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ സ്പർശൻ ഫെഡറേഷനിലെ മിത്രം സ്വയം സഹായ സംഘത്തിൽ സജീവ അംഗമായ സെലീന സംഘത്തിലൂടെ നടത്തപ്പെടുന്ന സ്വയംതൊഴിൽ പരിശീലനങ്ങളിലും ബോധവൽക്കരണ പരിപാടികളിലുമൊക്കെ മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്. ഒരു ഡയറക്ട് മാർക്കറ്റിങ് കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിലൂടെ ചെറിയൊരു വരുമാനവും സെലീനയ്ക്കുണ്ട്. ലഭ്യമായ അവസരങ്ങൾ ഉപയോഗിച്ച് ആത്മവിശ്വാസത്തോടെ പരമാവധി പരിശ്രമിച്ചാൽ ഏതു ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്ന് സെലീന പറയുന്നു.സഹോദരനൊപ്പമാണ് ഇപ്പോൾ താമസം.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama