go

കരകാണാക്കടലിൽ 11 ദിവസം മത്സ്യബന്ധന ബോട്ടിൽ; സാഹസികമായ രക്ഷപ്പെടൽ ഇങ്ങനെ...

czCac
SHARE

ഫോർട്ട്കൊച്ചി∙ ഒന്നുകിൽ കടലിൽ കിടന്നു മരണം. അല്ലെങ്കിൽ നാട്ടിലേക്ക്  എത്താം. രണ്ടും കൽപിച്ചായിരുന്നു യാത്ര– മത്സ്യത്തൊഴിലാളി കൊല്ലം മയ്യനാട്മുക്കിൽ നൗഷാദ് ഇബ്രാഹിം (49) പറയുന്നു. ഗൾഫിൽ തൊഴിൽതേടി പോയ ഇവർ യെമനിൽ നിന്ന് മത്സ്യബന്ധന ബോട്ടിൽ പലായനം ചെയ്താണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. കരകാണാക്കടലിലൂടെയുള്ള 11 ദിവസത്തെ യാത്രയ്ക്കിടെ കാറ്റും മഴയും പലപ്പോഴും ദിശ തെറ്റിച്ചു. ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എങ്കിലും ഒടുവിൽ നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു നൗഷാദും  കൊല്ലം പരവൂർ സ്വദേശി അലിയാർ നിസാറും (44).

കൊച്ചിയിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തിയ കുടുംബാംഗങ്ങളെ കണ്ടപ്പോൾ അവർക്ക് സന്തോഷം അടക്കാനായില്ല.  കഴിഞ്ഞ വർഷം ഡിസംബറിൽ വിസിറ്റിങ് വീസയിൽ ഷാർജയിലേക്ക് പുറപ്പെട്ടതാണ് 9 മത്സ്യത്തൊഴിലാളികൾ. അജ്മാനിൽ എത്തിയ ഇവരെ ഒമാനിലേക്ക് കൊണ്ടുപോകാമെന്ന് സ്പോൺസർ പറഞ്ഞു. എന്നാൽ, എത്തിയത് യെമനിലാണ്. യെമനിലാണ് എത്തിയതെന്ന് അവർ അറി‍ഞ്ഞതു തന്നെ പിന്നീടാണ്. ജോലി അതികഠിനമായിരുന്നുവെന്ന് നൗഷാദും നിസാറും പറഞ്ഞു. ബോട്ടിൽ തന്നെയായിരുന്നു താമസം. യെമൻ വീസ  ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല.

വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുമെങ്കിലും ബുദ്ധിമുട്ടുകൾ അവരെ അറിയിച്ചില്ല. ജോലിത്തിരക്ക് കൊണ്ടാണ് വിളിക്കാത്തതെന്ന് പറഞ്ഞ് പലരും വീട്ടുകാരെ വിഷമിപ്പിച്ചില്ല. കിട്ടുന്നതിൽ പകുതി എന്ന കരാറിലായിരുന്നു ജോലിക്ക് പോയത്.  മത്സ്യബന്ധനത്തിനായി ലഭിക്കുന്ന ഇന്ധനത്തിൽ നിന്ന് കുറെ മാറ്റി വച്ചാണ് മടങ്ങാനുള്ള ഇന്ധനം സ്വരുക്കൂട്ടിയത്.  ഇന്ധനം 4000 ലീറ്റർ ആയപ്പോഴാണ് യാത്ര ആരംഭിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലേക്ക് ഓടിയെത്താൻ ഇത്രയും ഇന്ധനം മതിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ.

മത്സ്യബന്ധനത്തിനാണെന്ന രീതിയിൽ ആഹാരസാധനങ്ങളെല്ലാം കയറ്റി 19ന് ബോട്ടിൽ യാത്ര പുറപ്പെട്ടു. 3 മണിക്കൂർ വീതം ഓരോരുത്തരും ബോട്ട് ഓടിച്ചു. തമിഴ്നാട് സ്വദേശി  ആൽബർട്ട് ന്യൂട്ടൺ ആയിരുന്നു സ്രാങ്ക്. എല്ലാവർക്കും ബോട്ട് ഓടിക്കാൻ അറിയാമായിരുന്നു. 26ന് ലക്ഷദ്വീപിന് അടുത്തെത്തിയതായി സിഗ്നൽ കണ്ട് മനസ്സിലാക്കി. ഇതിനിടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. അവർ മുഖേന കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചു. ബോട്ട് യാത്രയ്ക്കിടെ പല ദിവസവും ശക്തിയായ കാറ്റും കോളും ഉണ്ടായിരുന്നതിനാൽ ഭക്ഷണം വയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. നൗഷാദിന്റെ ഭാര്യ വഹീദ കൊച്ചിയിലെത്തിയിരുന്നു.  

കന്യാകുമാരിയിൽ നിന്ന് സൗത്ത് ഈസ്റ്റേൺ ഫിഷർമെൻ ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി ഫാ.ചർച്ചിലിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളായ 12 പേരും  കൊച്ചിയിലെത്തിയിരുന്നു.  മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന് സമീപം കുടുങ്ങിക്കിടക്കുന്ന കാര്യം കേരള, തമിഴ്നാട് സർക്കാരുകളെയും മുംബൈ എംആർസിസിയെയും കോസ്റ്റ് ഗാർഡിനെയും അറിയിച്ചിരുന്നതായി ഫാ. ചർച്ചിൽ പറഞ്ഞു.

നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ഇവർക്കൊപ്പം മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. 11 മാസമായി ശമ്പളം കിട്ടിയിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോസ്റ്റൽ സിഐ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

ജോലി കഠിനം, ഒരു നേരം മാത്രം ആഹാരം

മത്സ്യബന്ധനത്തിനു പോയാൽ 15 ദിവസം കഴിയുമ്പോഴാണ് കരയിലെത്തുക. 3 ട്രിപ്പ് പോകുമ്പോഴാണ് ഒരു ട്രിപ്പിന്റെ പൈസ കിട്ടുന്നത്. പിന്നീട് ബോട്ടിനുള്ള  ഇന്ധനവും ദിവസം ഒരു നേരത്തെ ഭക്ഷണവും മാത്രമായി. സ്പോൺസർ കടകളിൽ വിളിച്ചു പറഞ്ഞതോടെ കടകളിൽ  നിന്ന് ആഹാരവും കിട്ടാതായെന്ന് നൗഷാദ് പറഞ്ഞു. 3 മാസം മുൻപാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാൻ എല്ലാവരും കൂടി തീരുമാനിച്ചത്. മത്സ്യബന്ധനത്തിനായി ലഭിക്കുന്ന ഇന്ധനത്തിൽ നിന്ന് കുറെ മാറ്റി വച്ചാണ് മടങ്ങാനുള്ള ഇന്ധനം സ്വരുക്കൂട്ടിയത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama