ആലങ്ങാട് ∙ പ്രളയത്തിൽ തകർന്ന് ഉപയോഗിക്കാനാകാതെ വന്ന ബിഎസ്എൻഎൽ കണക്ഷനുകൾക്ക് ഒന്നര വർഷത്തിനു ശേഷം റവന്യു റിക്കവറി നോട്ടിസ്. കോട്ടപ്പുറം ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള അൻപതോളം ഉപയോക്താക്കൾക്കാണു കഴിഞ്ഞ ദിവസങ്ങളിലായി പിഴ അടയ്ക്കാനുള്ള നോട്ടിസ് വന്നിരിക്കുന്നത്. ആലങ്ങാട്, കരുമാലൂർ മേഖലയിലുള്ളവരാണ് ഉപയോക്താകൾ. 2018–ലെ പ്രളയത്തിനു ശേഷം എക്സ്ചേഞ്ചിനു കീഴിലുള്ള ആർക്കും കൃത്യമായ സേവനം ലഭിച്ചിട്ടില്ല.
ഇതുസംബന്ധിച്ച് ഒട്ടേറെ തവണ പരാതി നൽകിയിരുന്നതായും ഉപയോക്താക്കൾ പറയുന്നു. ഉപയോഗിക്കാതെ തകരാറിലായി കിടക്കുന്ന കണക്ഷനുകൾക്കു എല്ലാമാസവും ബില്ലും വരുന്നുണ്ട്. നാളിതുവരെയായിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ തയാറാവാത്തതിനെ തുടർന്നു ബിഎസ്എൻഎൽ കണക്ഷൻ വേണ്ടെന്നുവച്ചു സ്വകാര്യ ഓപ്പറേറ്റർമാരുടെ സേവനം തേടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും പ്രളയത്തെ തുടർന്നു തകർന്ന കണക്ഷനുകൾ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് ഉപയോക്താക്കൾ പറയുന്നു. കൂടാതെ പ്രശ്നപരിഹാരത്തിനായി അധികൃതരെ വിളിച്ചാൽ പലപ്പോഴും എത്തുന്നില്ലെന്ന പരാതിയുമുണ്ട്. പിഴ ഈടാക്കാനുള്ള നോട്ടിസ് വന്നതോടെ ഉപയോക്താക്കൾ കടുത്ത പ്രതിഷേധത്തിലാണ്.