go

‘തിരിച്ചു വരുമ്പോൾ ഈ വീട് ഉണ്ടാകുമോ?’

ernakulam-anoop-house-shifting
ആൽഫാ സെറിൻ ഫ്ലാറ്റിന്റെ സമീപവാസിയായ കരോട്ട് അനൂപ് പുതിയ താമസ സ്ഥലത്തേക്കു കൊണ്ടു പോകാനായി പിതാവ് രാമകൃഷ്ണന്റെ ചിത്രം എടുത്തുവയ്ക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

കൊച്ചി ∙ ‘ഞങ്ങൾ എന്തു തെറ്റാണു ചെയ്തത്’– ഈറനണിഞ്ഞ കണ്ണുകളോടെ ഹർഷമ്മ രാമകൃഷ്ണൻ ചോദിക്കുന്നു. ആ ചോദ്യം നിയമം ലംഘിച്ചു ഫ്ലാറ്റ് പണിതവരോടു മാത്രമല്ല, ഇവരുടെ സങ്കടങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരോടു കൂടിയാണ്. തലമുറകളായി പൂർവികർ താമസിച്ചിരുന്ന മണ്ണാണ്. അവിടുത്തെ വീട്ടിൽ നിന്നാണു പടിയിറങ്ങേണ്ടി വരുന്നത്. അതും തങ്ങൾക്ക് ഒരു പങ്കുമില്ലാത്ത പ്രശ്നത്തിന്റെ പേരിൽ.

‘തിരിച്ചു വരുമ്പോൾ ഈ വീട് ഇവിടെ ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ്?’ – വിഷമത്തോടെ ഹർഷമ്മ വീണ്ടും ചോദിക്കുന്നു. മകൻ അനൂപിനൊപ്പം ഹർഷമ്മയും നെട്ടൂരിലെ വീട്ടിൽ നിന്നു താമസം മാറി. ഒരു മതിലിന് അപ്പുറമുള്ള ഫ്ലാറ്റ് തല്ലിപ്പൊട്ടിക്കുന്ന ശബ്ദം അപ്പോഴും കേൾക്കാം. ഫ്ലാറ്റ് പൊളിക്കുന്നതു 3 ദിവസത്തേക്കു നിർത്താൻ സബ് കലക്ടർ പറഞ്ഞുവെന്നാണു കേട്ടത്. പക്ഷേ, ഇപ്പോഴും അവർ തല്ലിപ്പൊളിക്കുകയാണ് – ഹർഷമ്മ പറഞ്ഞു.

ആൽഫ ഇരട്ട ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും തങ്ങളുടെ കുടുംബത്തിന്റെ വകയായിരുന്നു.  അന്ന് അതു വിൽക്കുകയായിരുന്നു. ഇപ്പോൾ താമസിക്കുന്ന സ്ഥലം കൂടി നൽകുകയാണെങ്കിൽ പാർട്നർമാരാക്കാമെന്നു ബിൽഡർമാർ പറഞ്ഞിരുന്നു. പണിയുന്ന ഫ്ലാറ്റിലെ രണ്ടു നിലയിലെ ഫ്ലാറ്റുകൾ നൽകാമെന്നും വാഗ്ദാനം ചെയ്തു. പക്ഷേ, ജനിച്ചുവളർന്ന സ്ഥലം വിൽക്കാൻ മനസ്സ് അനുവദിച്ചില്ലെന്നു ഹർഷമ്മയുടെ മകൻ ഹരിശ്ചന്ദ്ര സായ് പറഞ്ഞു.

അന്നത്തെ സമ്മർദത്തിനു മുന്നിൽ പിടിച്ചു നിന്നെങ്കിലും ഇപ്പോൾ പതറി പോകുന്നു. വീടിനു മുകൾനിലയിൽ താമസിച്ചിരുന്ന വാടകക്കാർ ഒഴിഞ്ഞു.  അടുത്ത വീടുകളുടെ മുകൾ നിലയിലെ താമസക്കാരും ഒഴിഞ്ഞു. ആ വരുമാനവും നഷ്ടപ്പെട്ടു. അടുത്ത മാസം നിയന്ത്രിത സ്ഫോടനം നടത്തിയാലും അവശിഷ്ടങ്ങൾ നീക്കം ചെയ്യലും മറ്റുമായി മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണു സബ് കലക്ടർ പറയുന്നത്– ഹരിശ്ചന്ദ്ര സായ് പറഞ്ഞു.

ഇൻഷുറൻസിന്റെ കാര്യം എന്തായി? 

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപമുള്ള വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്നാണു സർക്കാർ വാഗ്ദാനം നൽകിയിട്ടുള്ളത്. എന്നാൽ, ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങിയിട്ടും ഇൻഷുറൻസ് കമ്പനി ഏതാണെന്നു പോലും അധികൃതർ തീരുമാനിച്ചിട്ടില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു. ഇപ്പോൾ തന്നെ ചില വീടുകളിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും എപ്പോൾ മുതൽ ഇൻഷുറൻസ് ലഭ്യമാക്കുമെന്ന് വ്യക്തമായി പറയാൻ അധികൃതർക്കു കഴിയുന്നില്ല.

ആ 50 മീറ്റർ എവിടെ വരെ? 

ഫ്ലാറ്റുകൾക്ക് 50 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്താണ് അതീവ ജാഗ്രത പാലിക്കേണ്ടതെന്നാണ് വിദഗ്ധ സമിതി നിർദേശം. എന്നാൽ, ആ 50 മീറ്റർ ഫ്ലാറ്റിന്റെ ചുറ്റുമതിലിൽ നിന്നു തുടങ്ങുമെന്നാണ് സമീപവാസികൾ കരുതിയിരുന്നത്. എന്നാൽ, അധികൃതർ ഇപ്പോൾ പറയുന്നത് ഫ്ലാറ്റുകളുടെ മധ്യത്തിലെ കേന്ദ്ര ബിന്ദുവിൽ നിന്ന് 50 മീറ്റർ ചുറ്റളവിലുള്ള ഭാഗങ്ങളാണ് ഇതിൽ പെടുകയെന്നാണ്. 

അങ്ങനെയെങ്കിൽ നിലവിൽ വിള്ളലുണ്ടായ കെട്ടിടങ്ങൾ പോലും ഈ പരിധിയിൽ വരില്ല. ഫ്ലാറ്റുകളുടെ സമീപത്തെ എല്ലാ വീടുകളും അതീവ ജാഗ്രത പാലിക്കേണ്ട കെട്ടിടങ്ങളിൽ ഉൾപ്പെടുത്തണമെന്നും ഫ്ലാറ്റുകളുടെ സമീപത്തു താമസിക്കുന്നവരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama