go

ഫാസ്ടാഗ് വിശ്വസിച്ച് ടോൾ ഗേറ്റിലെത്തിയാൽ പണം നൽകേണ്ട സ്ഥിതി

fastag
SHARE

കൊച്ചി∙ സംസ്ഥാനത്തെ ടോളുകളിലെ ഫാസ്ടാഗ് ലെയ്നുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകം. ഫാസ്ടാഗിലെ ചിപ്പ് റീഡ് ചെയ്ത് തുക ഈടാക്കുന്നതിനുള്ള സംവിധാനം കൃത്യമായി പ്രവർത്തിക്കാത്തതാണു പ്രശ്നമാകുന്നത്. ഇതേ ചൊല്ലി വാഹന ഉടമകളും ടോൾ  ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കം പലപ്പോഴും കയ്യാങ്കളിയിലാണ് അവസാനിക്കുന്നത്.

ഫാസ്ടാഗ് വോലറ്റുകളിൽ ആവശ്യത്തിനു തുക ബാക്കിയുണ്ടായിട്ടും ഇതു കുറവു ചെയ്യാൻ സാങ്കേതികപ്രശ്നം മൂലം പലപ്പോഴും കഴിയുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ തുക കൗണ്ടറിൽ അടച്ചു കടന്നുപോകാൻ ജീവനക്കാർ  ആവശ്യപ്പെടുന്നതാണ് തർക്കങ്ങൾക്ക് ഇടയാക്കുന്നത്.  കുമ്പളം അടക്കമുള്ള ടോൾ പ്ലാസകളിൽ ഈ പ്രശ്നം പതിവാണ്. ജീവനക്കാരിൽ ഭൂരിഭാഗവും ഇതര ഭാഷക്കാരായതിനാൽ ഇവരുമായുള്ള ആശയവിനിമയവും പ്രയാസമാണ്.

തർക്കം തുടങ്ങിയാൽ പിന്നിൽ ഊഴം കാത്തു കിടക്കുന്ന വാഹനങ്ങളുടെ നിര നീളും. ഇതോടെ ഗത്യന്തരമില്ലാതെ പണം കൊടുത്തു കടന്നുപോകുകയാണ് പലരും. എന്നാൽ, അപൂർവം വാഹനങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അധികൃതർ പറയുന്നു. ഏതു പരിഷ്കാരത്തിന്റെയും ആദ്യഘട്ടത്തിൽ ഇത്തരം ‘ബാലാരിഷ്ടതകൾ’ പതിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

എന്തുകൊണ്ട് തകരാർ

വാഹനങ്ങളി‍ൽ ഫാസ്ടാഗ് പതിക്കുന്നതു വാഹനത്തിലെ നിർദിഷ്ട സ്ഥലത്ത് അല്ലാത്തതിനാലോ പതിച്ച ഫാസ്ടാഗ് കേടായതിനാലോ ഇങ്ങനെ ഉണ്ടാകാം. ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) സാങ്കേതികതയിലാണ് ഫാസ്ടാഗിന്റെ പ്രവർത്തനം. ഫാസ്ടാഗിലെ ചിപ്പിനു തകരാറുണ്ടായാൽ ഇതു റീഡ് ആകില്ല. ഫാസ്ടാഗ് എടുക്കുമ്പോൾ നൽകേണ്ട കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ കൃത്യമല്ലാത്തതിരുന്നാലും പ്രശ്നമുണ്ടാകാമെന്ന് അധികൃതർ പറയുന്നു.

എന്നാൽ, കെവൈസി രേഖകൾ ഫാസ്ടാഗ് എടുക്കുമ്പോഴാണു നൽകുന്നത്. ഇവയെല്ലാം പരിശോധിച്ചു കൃത്യമെന്നുറപ്പു വരുത്തി മാത്രമാണു ഫാസ്ടാഗ് പൂർണസജ്ജമാക്കി വാഹനങ്ങളിൽ പതിച്ചു നൽകുന്നത്. പിന്നെ കൈവൈസി രേഖകളെ പഴിക്കുന്നത് എന്തിനെന്നാണ് യാത്രക്കാരുടെ ചോദ്യം. ഫാസ്ടാഗ് നിർബന്ധമാക്കുന്നത് 15 മുതലാണ്

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama