go

വീടുകളിൽ വീണ്ടും വിള്ളൽ, കിടന്നുറങ്ങാൻ പേടി; ആശങ്ക

  പൊളിച്ചുകൊണ്ടിരിക്കുന്ന കുണ്ടന്നൂർ എച്ച്ടുഒ ഹോളി‌ഫെയ്ത് ഫ്ലാറ്റിനു സമീപം നെടുംപറമ്പിൽ രാജുവിന്റെ വീടിന്റെ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസിനു സമീപം ഭിത്തിയുടെ ഭാഗം അടർന്നു വീഴാറായ നിലയിൽ.
പൊളിച്ചുകൊണ്ടിരിക്കുന്ന കുണ്ടന്നൂർ എച്ച്ടുഒ ഹോളി‌ഫെയ്ത് ഫ്ലാറ്റിനു സമീപം നെടുംപറമ്പിൽ രാജുവിന്റെ വീടിന്റെ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസിനു സമീപം ഭിത്തിയുടെ ഭാഗം അടർന്നു വീഴാറായ നിലയിൽ.
SHARE

കുണ്ടന്നൂർ ∙ ആശങ്കയുടെ നെഞ്ചിടിപ്പു കൂട്ടി മരടിലെ വീടുകളിൽ വീണ്ടും വിള്ളൽ. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചുകൊണ്ടിരിക്കുന്ന കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്ലാറ്റിന്റെ സമീപ വീടുകളിലാണു വിള്ളൽ വീണത്. നെട്ടൂരിൽ പൊളിക്കുന്ന ആൽഫ സെറിൻ ഫ്ലാറ്റിന്റെ പരിസരത്തെ വീടുകളിൽ നേരത്തേ വിള്ളൽ കണ്ടെത്തിയിരുന്നു. എച്ച്2ഒ ഫ്ലാറ്റിന്റെ പരിസരത്തുള്ള നെടുംപറമ്പിൽ ആന്റണി, മകൻ രാജു, ബാബു ജോസഫ് എന്നിവരുടെ വീടുകളിലും ഇലഞ്ഞിമറ്റം ആംബ്രോസിന്റെ ഗോഡൗണിലുമാണു വിള്ളൽ കണ്ടത്. എച്ച്2ഒ ഫ്ലാറ്റിന്റെ മതിലുമായി ഗോഡൗണിനും ബാബു ജോസഫിന്റെ വീടിനും 10 മീറ്ററിന്റെ അകലം പോലുമില്ല. ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ പാർക്കിങ് സ്ഥലത്തേക്കു വാഹനങ്ങൾ കയറ്റാനുള്ള റാംപ് സ്ഥിതി ചെയ്തിരുന്നത് ഈ ഭാഗത്താണ്.

  നെടുംപറമ്പിൽ ബാബു ജോസഫിന്റെ വീ‌ടിന്റെ ഉമ്മറത്തുണ്ടായ വിള്ളലുകളിലൊന്ന്.
നെടുംപറമ്പിൽ ബാബു ജോസഫിന്റെ വീ‌ടിന്റെ ഉമ്മറത്തുണ്ടായ വിള്ളലുകളിലൊന്ന്.

ഈ റാംപും മറ്റും യന്ത്രം ഉപയോഗിച്ചു പൊളിച്ചപ്പോൾ‌ ഭൂമി വിറയ്ക്കുന്നതു പോലെ തോന്നിയതായും പരിസരം പൊടിയിൽ മുങ്ങിയതായും പരിസരവാസികൾ പറയുന്നു. നെടുംപറമ്പിൽ രാജുവിന്റെ വീട്ടിലാണ് വലിയ വിള്ളൽ വീണത്. മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസിനു സമീപം ഭിത്തിയുടെ ഭാഗം അടർന്നു വീഴാനായ നിലയിലാണ്. ആന്റണിയുടെ വീടിന്റെ കിടപ്പു മുറിയിൽ പല ഭാഗങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്. മുറിയിൽ കിടന്നുറങ്ങാൻ പേടിയാണെന്ന് ആന്റണി പറഞ്ഞു. ബാബു ജോസഫിന്റെ സ്വീകരണ മുറിയിൽ നാലിടത്തും ഉമ്മറത്തും വിള്ളൽ വീണിട്ടുണ്ട്. പൊടിശല്യം ഏറിയതോടെ ചുമയും ശ്വാസംമുട്ടലും കാരണം വലയുകയാണ്. ദിവസവും 2 നേരം തുടച്ചിട്ടും പൊടി പോകുന്നില്ല–ബാബുവിന്റെ ഭാര്യ ജെനി പറഞ്ഞു.

  നെടുംപറമ്പിൽ ആന്റണിയുടെ വീട്ടിലെ കിടപ്പു മുറിയിൽ രൂപപ്പെട്ട വിള്ളൽ വലുതായി ഭിത്തിയുടെ ഭാഗം അടർന്നു വീണപ്പോൾ.
നെടുംപറമ്പിൽ ആന്റണിയുടെ വീട്ടിലെ കിടപ്പു മുറിയിൽ രൂപപ്പെട്ട വിള്ളൽ വലുതായി ഭിത്തിയുടെ ഭാഗം അടർന്നു വീണപ്പോൾ.

ഈ വീടുകളുടെ സമീപത്തു തന്നെയാണു വൈറ്റ്‌വു‍ഡ് ഗോഡൗൺ. കോൺക്രീറ്റ് പില്ലറിനോടു ചേർന്നു പ്രത്യക്ഷപ്പെട്ട വിള്ളൽ ഇന്നലെയാണു ശ്രദ്ധയിൽ പെട്ടതെന്ന് ഉടമ ഇലഞ്ഞിമറ്റം ആംബ്രോസ് പറഞ്ഞു. വീടുകളിൽ ഇങ്ങനെ വിള്ളൽ വീഴുകയാണെങ്കിൽ എന്ത് ഉറപ്പിലാണു തങ്ങളിവിടെ കഴിയുകയെന്നു പരിസരവാസികൾ ചോദിക്കുന്നു. ആൽഫ സെറിൻ ഫ്ലാറ്റിന്റെ സമീപത്തു താമസിച്ചിരുന്നവരിൽ ഒരു കുടുംബം ‍ഞായറാഴ്ച മറ്റൊരു സ്ഥലത്തേക്കു താമസം മാറിയിരുന്നു. കൂടുതൽ കുടുംബങ്ങൾ മാറി താമസിക്കാൻ ആലോചിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനോ, പരിഹരിക്കാനോ അധികൃതർ തയാറാവുന്നില്ലെന്നും സമീപവാസികൾ പറയുന്നു.

പൊളിക്കൽ നടപടികൾ എല്ലാം അതീവ രഹസ്യമായി അധികൃതർ നടത്തിയതിന്റെ പരിണിത ഫലമാണിപ്പോൾ അനുഭവിക്കുന്നത്. ഒരു കാര്യവും നഗരസഭ കൗൺസിലിനെ അറിയിച്ചിട്ടില്ല. ടെൻഡറും കരാറും എല്ലാം കഴിഞ്ഞാണ് കൗൺസിൽ അംഗീകാരത്തിനു വന്നത്. അതു കൗൺസിൽ തള്ളുകയും ചെയ്തു. സർക്കാർ നേരിട്ടാണ് പൊളിക്കൽ നടപടികൾ നടത്തുന്നത്. അതിന്റെ വീഴ്ചയാണിത്. നെട്ടൂരിൽ ആളുകൾ വീട് ഒഴിഞ്ഞു തുടങ്ങി. ഇക്കണക്കിനു പോയാൽ കുണ്ടന്നൂരിലും മാറി താമസിക്കേണ്ടി വരും. സമീപവാസികളുടെ ആശങ്ക അകറ്റണം. ഇൻഷുറൻസ് പരിരക്ഷയുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം.
സുനീല സിബി (ഡിവിഷൻ കൗൺസിലറും നഗരസഭ മുൻ അധ്യക്ഷയും)

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama