go

കാർ വാടകത്തർക്കം: യുവാവ് കുത്തേറ്റു മരിച്ചു

 പൊലീസ് കേസെടുത്ത റംഷാദ്, അഹമ്മദ്, സാലിഹ്, റിയാസ്.(ഇൻസെറ്റിൽ മുബാറക്ക്)
പൊലീസ് കേസെടുത്ത റംഷാദ്, അഹമ്മദ്, സാലിഹ്, റിയാസ്.(ഇൻസെറ്റിൽ മുബാറക്ക്)
SHARE

പറവൂർ ∙ കാർ വാടകയ്ക്കെടുത്തതു സംബന്ധിച്ചുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പിൽ പരേതനായ  ബദറുദീന്റെയും മുംതാസിന്റെയും മകൻ മുബാറക്ക് (24) ആണു കൊല്ലപ്പെട്ടത്. മുബാറക്കിനു കുത്തേൽക്കുന്നതു തടയാൻ ശ്രമിച്ച സുഹൃത്തു വെടിമറ തോപ്പിൽ വീട്ടിൽ നാദിർഷയ്ക്ക് (24) പരുക്കേറ്റു. ഇയാൾ ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ് (24), മാവിൻചുവട് കണ്ടാരത്ത് അഹമ്മദ് (35), ചെറുപറമ്പിൽ സാലിഹ് (21), വലിയവീട്ടിൽ റിയാസ് (35) എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു 4 പേർക്കെതിരെയും പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. ‍ഞായറാഴ്ച രാത്രി 9.30നു പറവൂർ – മാഞ്ഞാലി റൂട്ടിൽ മാവിൻചുവട് മസ്ജിദിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽവച്ചാണു കൊലപാതകം നടന്നത്.

പൊലീസ് പറയുന്നത്: മാളയിലെ ഒരാളിൽ നിന്നു നാലാം പ്രതിയായ റിയാസ് വാടകയ്ക്കെടുത്ത കാർ സമയബന്ധിതമായി തിരിച്ചുകൊടുക്കാൻ തയാറായില്ല. റിയാസ് അറിയാതെ മുബാറക് കാർ എടുത്തുകൊണ്ടുപോയി മാളയിലെ ഉടമയ്ക്കു കൊടുത്തു. ഇതുസംബന്ധിച്ചുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ പ്രതികളുടെ സംഘം മുബാറക്കിനെ മാവിൻചുവടിലേക്കു വിളിച്ചുവരുത്തി. സുഹൃത്തുക്കൾക്കൊപ്പമാണു മുബാറക്ക് എത്തിയത്. അവിടെവച്ചുണ്ടായ വാക്കുതർക്കവും അടിപിടിയുമാണു കൊലപാതകത്തിൽ കലാശിച്ചത്. റംഷാദാണു മുബാറക്കിനെ കുത്തിയത്. മുബാറക്കിന്റെ നെഞ്ചിലും വയറിലും കൈകളിലും കുത്തേറ്റു. ഒപ്പമുണ്ടായിരുന്നവർ ഉടനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണു മരണത്തിനിടയാക്കിയത്. 

ചാലക്ക മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കളമശേരി ഗവ.മെഡിക്കൽ കോളജിലെത്തിച്ചു. പൊലീസ് സർജന്റെ നേതൃത്വത്തിൽ  പോസ്റ്റുമോർട്ടം നടത്തി. തുടർന്നു കബറടക്കി. ഭാര്യ: സന. മകൻ: ഇബ്രാഹിം (6 മാസം).കൊലപാതകത്തെത്തുടർന്നു വെടിമറ, മാഞ്ഞാലി, മാവിൻചുവട് മേഖലകളിൽ രാവിലെ മുതൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതികളിൽ ചിലരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ വാഹനഇടപാടുകളുമായി ബന്ധപ്പെട്ട ആർസി ബുക്കുകൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു.

ആലുവ ഡിവൈഎസ്പി ജി.വേണു, സിഐമാരായ എ.മുഹമ്മദ് റിയാസ്, പി.എം.ബൈജു, എസ്ഐമാരായ സോണി മത്തായി, ടി.വി.ഷിബു, എബി ജോർജ്, സുധീർ കുമാർ, ഇ.വി.ഷിബു എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്. 

നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ ആശ്രയം

മുബാറക്ക് മരിച്ചതോടെ ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത്. ഭാര്യയും 6 മാസം പ്രായമുള്ള കുട്ടിയുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. മിശ്രവിവാഹിതനാണ്. ഇവർക്കു സ്വന്തമായി വീടില്ല. നന്ദികുളങ്ങരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.

പ്രതികൾക്ക് ക്വട്ടേഷൻ ബന്ധം

മുബാറക്കിനെ കൊലപ്പെടുത്തിയ പ്രതികൾക്കു പെരുമ്പാവൂർ സ്വദേശി അനസിന്റെ ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞു. എന്നാൽ, മുബാറക്കിന്റെ കൊലപാതകം ക്വട്ടേഷനല്ല. കാർ വാടകയ്ക്കെടുത്തതു സംബന്ധിച്ച തർക്കം മാത്രമാണെന്നു പൊലീസ് അറിയിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama