go

ബാങ്ക് ലേലം ചെയ്ത ഫ്ലാറ്റിൽ ഉടമയുടെ ആത്മഹത്യാ ഭീഷണി; നാടകീയ രംഗങ്ങൾ....

thiruvananthapuram-flat
SHARE

ആലുവ∙ വായ്പ കുടിശികയെ തുടർന്നു സഹകരണ ബാങ്ക് ലേലം ചെയ്ത ഫ്ലാറ്റിൽ നിന്നു ഇറങ്ങാതെ കുടുംബാംഗങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കി. താമസക്കാരെ ഒഴിപ്പിക്കാനെത്തിയ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി രക്ഷപ്പെടുത്തി. അഭിഭാഷക കമ്മിഷന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. 

പിന്നീടു ഫ്ലാറ്റ് ഉടമയും ലേലം ചെയ്തയാളും തമ്മിൽ മധ്യസ്ഥർ മുഖേന ചർച്ച നടത്തി ധാരണയാവുകയും ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കുകയും ചെയ്തു. നഗരസഭയിൽ ചെമ്പകശേരി ഭാഗത്താണ് സംഭവം. 2015ൽ ഫ്ലാറ്റ് ഈടു നൽകി ഉടമ ബാങ്കിൽ നിന്നു 15 ലക്ഷം വായ്പ എടുത്തിരുന്നു. കുറച്ചുകാലം പലിശ അടച്ചെങ്കിലും പിന്നീടു തിരിച്ചടവു മുടങ്ങി. കുടിശിക 20 ലക്ഷം കവിഞ്ഞപ്പോൾ ബാങ്ക് ജപ്തി നടപടി തുടങ്ങി. 2017ൽ ഡെറ്റ് ട്രൈബ്യൂണലിന്റെ അനുമതിയോടെ 26 ലക്ഷം രൂപയ്ക്ക് എടത്തല സ്വദേശി ഇതു ലേലത്തിൽ പിടിച്ചു. 

പക്ഷേ, താമസക്കാർ ഒഴിയാത്തതിനാൽ ആധാരവും കൈമാറ്റവും നടന്നില്ല. ഫ്ലാറ്റിൽ നിന്നു താമസക്കാരെ ഒഴിപ്പിക്കാൻ ഉച്ചയ്ക്കാണ് സംഘം എത്തിയത്. അകത്ത് അപ്പോൾ 4 പേർ ഉണ്ടായിരുന്നു. ഉടമയും ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. അത്യാവശ്യ സാധനങ്ങളെടുത്ത് ഇറങ്ങണമെന്നും വാതിൽ പൂട്ടി മുദ്ര വയ്ക്കുകയാണെന്നും പൊലീസ് അറിയിച്ചു. അപ്പോഴാണ് വീട്ടുകാർ വാതിൽ അകത്തു നിന്നു കുറ്റിയിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അതോടെ പൊലീസ് വാതിൽ പൊളിച്ച് ഉള്ളിൽ കടന്നു. 

ഫ്ലാറ്റ് ലേലത്തിൽ പിടിച്ചയാൾ സ്ഥലത്തു വന്നിരുന്നില്ല. നാട്ടുകാർ അദ്ദേഹവുമായി ഫോണിലൂടെ ചർച്ച നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം സഹിതം 31,50,000 രൂപ നൽകാമെന്നു ഫ്ലാറ്റ് ഉടമയുടെ ബന്ധു ഏറ്റു. തുടർന്നു നടപടികൾ നിർത്തി അഭിഭാഷക കമ്മിഷനും പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും മടങ്ങി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama