കാടിനെ സ്നേഹിച്ച കണ്ണൻ കാടോടു ചേർന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പെരിയാർ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചർ കണ്ണന്റെ മൃതദേഹം സഹപ്രവർത്തകർ വിലാപയാത്രയായി ആനവച്ചാൽ വനശ്രീ ഓഡിറ്റോറിയത്തിലേക്കു കൊണ്ടുപോകുന്നു. 					    					ചിത്രം: മനോരമ. പെരിയാർ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചർ കണ്ണന്റെ മൃതദേഹം സഹപ്രവർത്തകർ വിലാപയാത്രയായി ആനവച്ചാൽ വനശ്രീ ഓഡിറ്റോറിയത്തിലേക്കു കൊണ്ടുപോകുന്നു. ചിത്രം: മനോരമ.

കുമളി ∙ കാടിന്റെ കണ്ണന് കാട്ടിൽ അന്ത്യവിശ്രമം. കണ്ണൻ സ്നേഹിച്ച, കണ്ണനെ സ്നേഹിച്ച പെരിയാർ വന്യജീവി സങ്കേതത്തിലെ ശകുന്തളക്കാടിനു സമീപത്തുള്ള ആദിവാസികളുടെ പൊതുശ്മശാനത്തിലാണ് കണ്ണന്റെ സംസ്കാരം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കിടെ വനത്തിനുള്ളിൽ വച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് ഫോറസ്റ്റ് വാച്ചർ കണ്ണൻ (താടിക്കണ്ണൻ) മരിച്ചത്. രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം 11.30ന് തേക്കടി ചെക്പോസ്റ്റിനു സമീപത്തുള്ള കണ്ണന്റെ തറവാടു വീട്ടിലേക്ക് മ‍ൃതദേഹം വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ചു.

ഇവിടെ കാത്തുനിന്നിരുന്നവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ അവസരം നൽകിയ ശേഷം ആനവച്ചാൽ ജംക്‌ഷനിലേക്ക് ആംബുലൻസിൽ മ‍ൃതദേഹം കൊണ്ടുവന്നു. അവിടെനിന്നു വനപാലകരുടെയും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയംഗങ്ങളുടെയും അകമ്പടിയോടെ വിലാപയാത്രയായി വനശ്രീ ഓഡിറ്റോറിയത്തിൽ എത്തിച്ച മ‍ൃതദേഹം ഇവിടെ പൊതുദർശനത്തിനു വച്ചു. ഉച്ചയ്ക്ക് 1 മണിക്ക് ഇവിടെനിന്ന് മന്നാക്കുടിയിലെ അദ്ദേഹത്തിന്റെ വസതിയിലേക്കു കൊണ്ടുപോയി. മൂന്നു മണിക്ക് സംസ്കാര കർമങ്ങൾ നടത്തി സഹപ്രവർത്തകരും പ്രിയപ്പെട്ടവരും കാടിന്റെ മകനെ, കാട്ടിലേക്കുതന്നെ യാത്രയയച്ചു.

കണ്ണന്റെ മ‍ൃതദേഹം ഏറ്റുവാങ്ങാൻ പെരിയാർ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടറുടെ ചാർജ് വഹിക്കുന്ന വനം വകുപ്പ് അസി.ഫീൽഡ് ഡയറക്ടർ മനു സത്യന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നാട്ടുകാരും ആനവച്ചാലിൽ കാത്തുനിന്നിരുന്നു. ആംബുലൻസിൽ ഇവിടെ എത്തിച്ച മ‍ൃതദേഹം വിലാപയാത്രയായി വനശ്രീ ഓ‍ഡിറ്റോറിയത്തിലേക്കു കൊണ്ടുപോകുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണൻ നിരന്തരം സഞ്ചരിച്ചിരുന്ന വഴിയിലൂടെ മ‍ൃതദേഹവും വഹിച്ചുകൊണ്ടുള്ള യാത്ര കാടിനോടുള്ള അദ്ദേഹത്തിന്റെ യാത്ര ചോദിക്കൽ കൂടിയായി.

ആനവച്ചാലിലെ ഇല്ലിക്കാടുകൾക്കു സമീപത്തുകൂടി ഡപ്യൂട്ടി ഡയറക്ടറുടെ ക്വാർട്ടേഴ്സിലേക്കും തേക്കടി റേഞ്ച് ഓഫിസറുടെ ഓഫിസിലേക്കുമെല്ലാം കണ്ണൻ യാത്ര ചെയ്തിരുന്നത് ഇതുവഴിയാണ്. വനം വകുപ്പ് അസി.ഫീൽഡ് ഡയറക്ടർ മനു സത്യൻ മൃതദേഹത്തിൽ സമർപ്പിച്ച ചുവന്ന റോസാപ്പൂക്കൾ കാടിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കണ്ണനുള്ള കണ്ണീർ പ്രണാമമായിരുന്നു. കണ്ണന്റെ സ്നേഹം അനുഭവിച്ചറിഞ്ഞിട്ടുള്ള വനം വകുപ്പ് ഭരണവിഭാഗം അഡീഷനൽ പിസിസിഎഫ് അമിത് മല്ലിക്, റിട്ട.ഉദ്യോഗസ്ഥരായ ബി.ജോസഫ്, ജയിംസ് സഖറിയ തുടങ്ങി ഒട്ടേറെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.