go

മകരവിളക്ക്: ശബരി പാതകളിൽ പട്രോളിങ്ങും നിരീക്ഷണവും

SHARE

തൊടുപുഴ ∙ മകരവിളക്കിനോട് അനുബന്ധിച്ച്, സേഫ് സോൺ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഒരുങ്ങി മോട്ടർ വാഹനവകുപ്പ്. മകരജ്യോതി ദർശനത്തിനായി കൂടുതൽ അയ്യപ്പഭക്തർ എത്തുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ ഭാഗങ്ങളിലേക്കുള്ള പാതകളിലും പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കും. 

കോഴിക്കാനം–വള്ളക്കടവ്–വണ്ടിപ്പെരിയാർ, വളഞ്ഞങ്ങാനം–പാഞ്ചാലിമേട്, പാമ്പനാ‍ർ–പരുന്തുംപാറ എന്നീ പാതകളിൽ മകരവിളക്ക് ദിനമായ 14 നു  വൈകിട്ട് 4 മുതൽ രാത്രി 10 വരെ മോട്ടർ വാഹനവകുപ്പിന്റെ സ്ക്വാഡുകൾ പ്രത്യേക പട്രോളിങ് നടത്തും. 

രാത്രി 9 മുതൽ പുലർച്ചെ 2 വരെ തൊടുപുഴ–പാലാ, തൊടുപുഴ–ഈരാറ്റുപേട്ട, തൊടുപുഴ–മൂവാറ്റുപുഴ എന്നീ പാതകളിലും പട്രോളിങ് ഉണ്ടാകും.

മുണ്ടക്കയം–കുമളി വരെയുള്ള 56 കിലോമീറ്ററാണു സേഫ് സോൺ പദ്ധതിയുടെ ഭാഗമായി പട്രോളിങ് നടത്തിവരുന്ന ഇടുക്കി ജില്ലയുടെ ഭാഗമായ റോഡ്. മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ 2 സ്ക്വാഡുകളും കുട്ടിക്കാനം–വണ്ടിപ്പെരിയാർ, വണ്ടിപ്പെരിയാർ– കുമളി പാതകളിൽ ഓരോ സ്ക്വാഡ് വീതവുമാണു 24 മണിക്കൂർ പട്രോളിങ് നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള സബ് കൺട്രോൾ ഓഫിസ് കുട്ടിക്കാനത്ത്  പ്രവർത്തിക്കും. ഉടുമ്പൻചോല ജോയിന്റ് ആർടിഒ എം.കെ.ജയേഷ് കുമാറിനാണു സബ് കൺട്രോൾ ഓഫിസിന്റെ മേൽനോട്ട ചുമതല. 

ജിപിഎസ് സഹായത്തോടെ പട്രോളിങ് വാഹനങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കാനാകും. തീർഥാടക വാഹനങ്ങളിലെ ഡ്രൈവർമാർക്കു രാത്രി  ചുക്കുകാപ്പി വിതരണവും  നടത്തിവരുന്നു.

സേഫ് സോണിന്റെ പരിധിയിൽ വരുന്ന ജില്ലയിലെ റോഡുകളിൽ യാത്രാമധ്യേ തകരാറിലായ 288 വാഹനങ്ങൾ മോട്ടർ വാഹനവകുപ്പിന്റെ മേൽനോട്ടത്തിൽ നന്നാക്കിയതായി അധികൃതർ പറഞ്ഞു. 

 99 വാഹനാപകടങ്ങളിൽ മോട്ടർ വാഹനവകുപ്പ് സഹായവുമായെത്തി. വാഹനത്തിന്റെ കേടുപാടുകൾ തീർത്തതിനൊപ്പം പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും നടപടിയെടുത്തു.  പട്രോളിങ് 20 വരെ തുടരും.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama