go

രാത്രി കൊടും തണുപ്പ്, മഞ്ഞുവീഴ്ച; പകൽ കത്തുന്ന ചൂട് ;കരിഞ്ഞുണങ്ങി വിളകൾ

Idukki News
ഉണങ്ങിക്കരിഞ്ഞ കൊക്കോ.
SHARE

കട്ടപ്പന ∙ പ്രളയക്കെടുതിയെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്കു വെല്ലുവിളിയായി കാലാവസ്ഥാ വ്യതിയാനം. രാവിലെയും വൈകിട്ടുമുള്ള മഞ്ഞുവീഴ്ചയും പകൽ സമയത്തെ കഠിനമായ ചൂടും മൂലം കാർഷിക വിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. ഏലം, പാവൽ, തേയില, ജാതി, ഗ്രാമ്പു തുടങ്ങിയവയ്ക്കാണു കൂടുതൽ ഭീഷണി. ജലലഭ്യത കുറഞ്ഞതുമൂലം കൃഷി നനയ്ക്കാൻ കഴിയാത്തതും തിരിച്ചടിയാകുന്നു. പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാണു കർഷകരുടെ ആവശ്യം.

 പാവൽ

ഇലയ്ക്കും കായയ്ക്കും മഞ്ഞളിപ്പു ബാധിച്ചു പാവൽ കൃഷി കരിഞ്ഞുണങ്ങി നശിക്കുകയാണ്. മൊസൈക്ക്– ഇലപ്പുള്ളി രോഗങ്ങളും മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണവും വർധിച്ചു. മഞ്ഞും കഠിനമായ ചൂടും പ്രതിരോധിക്കാൻ കർഷകർ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും പ്രയോജനം ലഭിക്കുന്നില്ല. വിപണിയിൽ 40 മുതൽ 50 രൂപ വരെ വിലയുണ്ടെങ്കിലും കർഷകർക്കു ലഭിക്കുന്നതു 15 മുതൽ 20 രൂപ വരെ മാത്രമാണ്.

 തേയില

പച്ചക്കൊളുന്തിനു ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും മഞ്ഞും ചൂടും കൃഷിയെ ദോഷകരമായി ബാധിക്കുന്നു. പച്ചക്കൊളുന്തിനു നിലവിൽ 18 രൂപ വരെ കർഷകർക്കു ലഭിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം തേയിലച്ചെടികൾക്കു പൊള്ളൽ ബാധിക്കാനുള്ള സാഹചര്യം വർധിച്ചതു കർഷകരെ ആശങ്കപ്പെടുത്തുന്നു. 2017 സെപ്റ്റംബറിൽ പൊള്ളൽ രോഗം വ്യാപകമായതിനെ തുടർന്നു വ്യാപകമായി കൃഷി നശിച്ചിരുന്നു.

Idukki News
കരിഞ്ഞു തുടങ്ങിയ തേയിലത്തോട്ടം.

 ഏലം

പകൽ ചൂടു വർധിച്ചതോടെ മണ്ണിലെ ജലാംശത്തിന്റെ അളവു വളരെ  കുറഞ്ഞു. ചൂട് ഇനിയും കൂടുമെന്ന സൂചനയുള്ളതിനാൽ കർഷകർ നേരത്തേതന്നെ ഏലച്ചെടികൾ നനച്ചു തുടങ്ങി. ജലലഭ്യത ഉറപ്പാക്കാത്ത തോട്ടങ്ങളിലെ ചെടികൾ ഉണങ്ങുന്നുണ്ട്. 

ഏലക്കായ്ക്കു മികച്ച വിലയുണ്ടെങ്കിലും ഉൽപാദനക്കുറവു കർഷകരെ വലച്ചിരുന്നു. വിളവെടുപ്പ് അവസാന ഘട്ടത്തിലായതിനാൽ കൃഷിയെ സംരക്ഷിച്ചു നിർത്താൻ വൻ തുക മുടക്കേണ്ട അവസ്ഥയാണ്.

Idukki News
നനവു വറ്റിയ ഏലത്തോട്ടം.

 കൊക്കോ

സീസൺ ആയിട്ടും ഉൽപാദനക്കുറവു മൂലം കൊക്കോ കൃഷിയിൽ നിന്നു കാര്യമായ വരുമാനം നേടാൻ കർഷകർക്കു സാധിക്കുന്നില്ല. 400 കിലോഗ്രാം കായ കിട്ടാറുള്ള കൃഷിയിടത്തിൽ നിന്ന് ഇത്തവണ 50 കിലോഗ്രാം കായ മാത്രമാണു കിട്ടുന്നതെന്നു കർഷകർ പറയുന്നു. കൊക്കോ പച്ചയ്ക്ക് 60 രൂപയും ഉണക്കയ്ക്കു 205 രൂപയുമാണു ലഭിക്കുന്നത്.

 ജാതിക്ക

2014 ൽ 300നു മുകളിൽ വില ഉണ്ടായിരുന്ന ജാതിക്കയ്ക്ക് ഇപ്പോൾ 280 രൂപയാണു ലഭിക്കുന്നത്. ജാതിച്ചെടികൾക്കു വാട്ടമുണ്ട്. കായ് പൊഴിച്ചിൽ ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം കൃഷിക്കു കൂടുതൽ പരിചരണം നൽകണമെങ്കിലും വിലക്കുറവു കർഷകരെ ബുദ്ധിമുട്ടിക്കുന്നു. വർഷത്തിലുടനീളം വിളവ് ലഭിക്കുമെങ്കിലും വിലക്കുറവു തിരിച്ചടിയാണ്.

ഗ്രാമ്പൂ

തുടർച്ചയായ മഴ ഗ്രാമ്പു കൃഷിക്കു കനത്ത ആഘാതമേൽപിച്ചു. 1500 രൂപ വരെ ഉയർന്നിട്ടുള്ള ഗ്രാമ്പുവിന്റെ  വില 740 രൂപയാണ്.   വിളവെടുക്കാൻ ദിവസം 700 രൂപയോളം കൂലി നൽകണം. പൂമൊട്ട് കൊഴിച്ചിൽ, ഇലപ്പുള്ളി, കൊമ്പു കരിച്ചിൽ രോഗങ്ങളും ഭീഷണിയാകുന്നു.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama