go

ഉദ്ഘാടനം നാളെ നാളെ എന്നു പൊലീസ്, നീളെ നീളെ എന്ന് നാട്ടുകാർ

SHARE

നെടുങ്കണ്ടം ∙ നാളെ ഉദ്ഘാടനം ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഉടുമ്പൻചോല പൊലീസ് സ്റ്റേഷന്റെ സേവനം നാട്ടുകാർക്ക് ലഭിക്കുവാൻ ഇനിയും കാത്തിരിക്കണം. ആറാം തവണയാണ് ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ ഉദ്ഘാടന തീയതി തീരുമാനിച്ചശേഷം മാറ്റുന്നത്.

മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിലൂടെ ഞായറാഴ്ച ഉദ്ഘാടനം നടത്തുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നോട്ടിസടിക്കുകയും ഫ്ലെക്സ് ബോർഡുകൾ മേഖലയിൽ സ്ഥാപിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. 

എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം മറ്റൊരു തീയതിയിലേക്ക് മാറ്റുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉദ്ഘാടന തീയതി 17ന് എന്നാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഉടുമ്പൻചോല പഞ്ചായത്ത് നേതൃത്വം നൽകുന്ന ജനകീയ കമ്മിറ്റി പൊലീസ് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സഹകരണത്തോടെയാണ് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം നവീകരിച്ചത്. മന്ത്രി എം.എം.മണിയുടെ ഇടപെടലിനെ തുടർന്നാണ് ഉടുമ്പൻചോലയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്.

പരിധി നിശ്ചയിച്ചു

ഉടുമ്പൻചോല, ചതുരംഗപ്പാറ, കാന്തിപ്പാറ, പാറത്തോട് വില്ലേജുകളാണ് ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നത്. നാലു വില്ലേജുകളിലുള്ള ഗ്രാമപ്രദേശങ്ങളായ ഉടുമ്പൻചോല, വള്ളറക്കുംപാറ, മൈലാടുംപാറ, ആട്ടുപാറ, ചതുരംഗപ്പാറ, കൽത്തൊട്ടി, തലയങ്കാവ്, ആടുകിടന്താൻ, പാപ്പൻപാറ, വട്ടപ്പാറ, കാന്തിപ്പാറ, ചെമ്മണ്ണാർ, സേനാപതി, പാറത്തോട്, പ്രതാപ്, കമ്പാള എന്നിവയാണ് ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ.

പൊലീസുകാർ റെഡി

ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലേക്ക് 36 പൊലീസുകാരെ നിയമിച്ചു. ഒരു എസ്ഐ, 2സബ് ഇൻസ്പെക്ടർമാർ, എഎസ്ഐ ഒന്ന്, സീനിയർ സിവിൽപൊലീസ് ഓഫിസർ 5, സിവിൽ പൊലീസ് ഓഫിസർ 20, വനിതാ സിവിൽ പൊലീസ് ഓഫിസർമാർ അഞ്ച്,ഡ്രൈവർ രണ്ട് എന്നിങ്ങനെയാണ് തസ്തിക. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama