go

മൂന്നാറിന്റെ ചരിത്രത്തിനൊപ്പം 150ന്റെ നിറവിൽ സെന്റ് ജോർജ് ദേവാലയം

150–ാം വർഷികം ആഘോഷിക്കുന്ന പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയം
150–ാം വർഷികം ആഘോഷിക്കുന്ന പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയം
SHARE

പീരുമേട് ∙ ഇടുക്കിയിൽ കാപ്പി–തേയില തോട്ട വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി എത്തിയ ബ്രിട്ടിഷ് പൗരൻമാർക്ക് ആരാധന നടത്തുന്നതിനു വേണ്ടി ആരംഭിച്ച പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ ദേവാലയം ഇന്ന് 150 വയസിന്റെ നിറവിൽ.  യൂറോപ്യൻമാർക്ക് ആരാധന നടത്തുന്നതിനായി സ്ഥലം അനുവദിക്കണമെന്ന അഭ്യർഥനയെ തുടർന്ന് തിരുവിതാംകൂർ രാജവംശമാണ് സിഎംഎസ് മിഷണറിയായിരുന്ന റവ.ഹെൻട്രി ബേക്കറി (ജൂനിയർ)നു 15.62 ഏക്കർ സ്ഥലം കൈമാറിയത്.

1869–ൽ ബേക്കർ ജൂനിയർ പള്ളിക്കുന്നിലെ കുന്നിൻ മുകളിൽ യുറോപ്പിലെ ദേവാലയങ്ങളുടെ മാത്യകയിൽ പള്ളി നിർമ്മിക്കുകയായിരുന്നു. പിന്നിടു ദേവാലയത്തിനു ചുറ്റും ചൂള(സെപ്രസ്) മരങ്ങൾ വച്ചു പിടിപ്പിക്കുയും വിശാലമായ വളപ്പ് രൂപ കൽപ്പന ചെയ്യുകയും ചെയ്തു.150 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ദേവാലയം ഇന്നും അതേ രൂപത്തിൽ തന്നെ നില കൊളളുന്നതാണ് ചരിത്ര മൂല്യവും പൗരാണിക പ്രസക്തിയും നൽകുന്നത്. 

ഒന്നര നൂറ്റാണ്ട് മുൻപ് നിർമ്മിച്ച ഇരിപ്പടങ്ങളും ഫർണിച്ചറകളുമാണ് ഇന്നും ദേവാലയത്തിൽ ഉപയോഗിക്കുന്നത്.  ദേവാലയത്തിന്റെ ഭിത്തിക്കുളളിൽ പഴമയുടെ പെരുമയായി പിത്തളയിൽ തീർത്ത ടാബലറ്റുകൾ കാണാം.  ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ക്കളുടെയും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ വന്ന ബ്രിട്ടീഷുകാർ ഇവരോടുളള ആദര സൂചകമായാണ് ഇതു സ്ഥാപിച്ചത്.

തനിമയിൽ തലയുയർത്തി

ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടതോടെ സിഎസ്ഐ സഭയക്ക് കൈമാറിയ ദേവാലയവും സ്ഥലവും തനിമയോടെ തന്നെ സംരക്ഷിക്കപ്പെടുന്നു.  തങ്ങളുടെ പൂർവികർ അന്ത്യ വിശ്രമം ചെയ്യുന്ന സെമിത്തേരിയും ഇവർ ആരാധന നടത്തി വന്നിരുന്ന ദേവാലയവും സന്ദർശിക്കാൻ വിദേശത്തു നിന്നു കുടുംബാംഗങ്ങൾ എത്തുന്നുണ്ട്.  ദേവാലയത്തിന്റെ ജുബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഇന്നു രാവിലെ 9.30ന് സിഎസ്ഐ മുൻ മോഡറേറ്റർ റവ.ഡോ.കെ.ജെ ശാമുവേൽ പതാക ഉയർത്തും.

തുടർന്ന് ജബലി ആരാധന. ബേക്കർ കുടുംബത്തിന്റെ പ്രതിനിധികളായ എലനോർ, നാറ്റ്ലി എന്നിവർ ആരാധനയിലും മറ്റു പരിപാടികളിലും പങ്കാളികളാകും. 17ന് 3ന് നടക്കുന്ന ആരാധനയക്ക് ബിഷപുമാരായ ഡോ.കെ.ജി.ദാനിയേൽ, തീമോത്തി രവീന്ദർ എന്നിർ കാർമികത്വം വഹിക്കും. 2020 ഫ്രെബുവരി 10 വരെ നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികളിൽ ഇന്ത്യയിലെ ബ്രിട്ടിഷ് സ്ഥാനപതി സർ ഡൊമിനിക്ക് അസ്വകയത്ത്, ബ്രിട്ടിഷ് സെമിത്തേരിയുടെ സംരക്ഷണ ചുമതല വഹിക്കുന്ന ബാസ്ത സംഘടനയുടെ സെക്രട്ടറി പീറ്റർ ബൂൺ എന്നിവരടക്കം വൻ നിര പങ്കെടുക്കുമെന്ന് ഇടവ വികാരി റവ.ജെയിസിങ് നോർബർട്ട് അറിയിച്ചു.

ബ്രിട്ടിഷ് സെമിത്തേരി‍

ഇംഗ്ലണ്ട്, അയർലന്റ്,സ്കോട്ട് ലന്റ് സ്വദേശികളായ 34 വിദേശികളെ സംസ്ക്കരിച്ച ബ്രിട്ടിഷ് സെമിത്തേരി ദേവാലയത്തോടു ചേർന്ന 2 ഏക്കർ സ്ഥലത്ത് സ്ഥതി ചെയ്യുന്നു.മൂന്നാർ (കണ്ണൻ ദേവൻ തോട്ടങ്ങൾ)ഉൾപ്പടെ നിർമിച്ച ജോൺ ഡാനിയേൽ മൺറോയെ സംസ്ക്കരിച്ചിരിക്കുന്നതും ഇവിടെയാണ്.

ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന്റെ അധീനതയിലുളള ഈ സ്ഥലത്ത് മറ്റു സഭാഗംങ്ങളെ സംസ്ക്കരിക്കാൻ അനുവാദമില്ല.ദേവാലയത്തിൽ സേവനം ചെയ്ത ആദ്യ ഇന്ത്യൻ വൈദികൻ റവ.നല്ലതമ്പിയെ മാത്രമാണ് വിദേശികൾ്ക്കു പുറമേ ഇവിടെ സംസ്ക്കരിച്ചിരിക്കുന്നത്.

കുതിരയ്ക്കും സെമിത്തേരിയിൽ ഇടം

പെൺകുതിര ഡൗണിയുടെ ശവകുടീരം
പെൺകുതിര ഡൗണിയുടെ ശവകുടീരം

ബ്രിട്ടിഷ് സെമിത്തേരിയിൽ ഡൗണി എന്ന പെൺ കുതിരിയെ അടക്കം ചെയ്തിരിക്കുന്നത് രാജ്യത്ത് തന്നെ അത്യപൂർവ്വ സംഭവമാണ്. ജെ.ഡി.മൺറോയുടെ ആഗ്രഹ പ്രകാരം അദേഹത്തിന്റെ സന്തസഹചാരിയായിരുന്ന കുതിരയുടെ ജഡം അദേഹത്തെ സംസ്ക്കരിച്ചതിനു എതിർവശത്തായിട്ടാണ് സെമിത്തേരിയിൽ സംസ്കരിച്ചിരിക്കുന്നത്.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama