നെടുങ്കണ്ടം ∙ 2019–20 വർഷം ജില്ലയിൽ 700 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നു മന്ത്രി എം.എം.മണി. ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും. രാമക്കൽമെട്ടിൽ ഇന്നലെ മുതൽ ആരംഭിച്ച ഓഫ് റോഡ് ജീപ്പ് സവാരിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പ്രളയം തകർത്ത മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും. രാമക്കൽമെട്ടിൽ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായാണ് ഈ വർഷം മുതൽ നടപ്പിലാക്കുന്നത്. യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എം.ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം ജി.ഗോപകൃഷ്ണൻ, പഞ്ചായത്തംഗം പി.എസ്.ഷംസുദ്ദീൻ, ജോജോ ജോസഫ്, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കുമാർ എന്നിവർ പ്രസംഗിച്ചു.
സവാരിക്ക് 40 ജീപ്പുകൾ
∙ 40 ജീപ്പുകൾക്കു സവാരി ആരംഭിക്കുന്നതിനു മോട്ടർ വാഹന വകുപ്പ് അനുമതി നൽകി. ബാക്കിയുള്ള ജീപ്പുകൾക്ക് വരും ദിവസങ്ങളിൽ പരിശോധനകൾക്കു ശേഷം അനുമതി നൽകുമെന്ന് ഉടുമ്പൻചോല ജോയിന്റ് ആർടിഒ എം.കെ.ജയേഷ്കുമാർ അറിയിച്ചു. മോട്ടർ വാഹനവകുപ്പിന്റെ ഫിറ്റ്നസ് സ്റ്റിക്കർ പതിച്ച 40 ജീപ്പുകളാണ് ആദ്യ ഘട്ടത്തിൽ സവാരിക്കിറങ്ങുന്നത്.
പരിശീലനം ലഭിച്ച 70 ഡ്രൈവർമാർക്ക് ഐഡന്റിറ്റി കാർഡ് വിതരണം ഉടുമ്പൻചോല ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തി. 2018 വർഷം മേയ് അവസാനം മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി 2005-ലെ ദുരന്ത നിവാരണ ഉത്തരവ് പ്രകാരമാണ് ജില്ലാ കലക്ടർ ജില്ലയിലെ ഓഫ് റോഡ് സവാരി താൽക്കാലികമായി നിർത്തലാക്കിയിരുന്നു. രാമക്കൽമേട് ഓഫ് റോഡ് ജീപ്പ് സവാരിയാണ് ആദ്യം ജില്ലയിൽ പുനരാരംഭിക്കുന്നത്.
ജില്ലാ ഭരണകൂടം നിരീക്ഷിക്കും
∙ അപകടകരമായ ഡ്രൈവിങ് വിനോദ സഞ്ചാരികളുടെ മതിയായ സുരക്ഷിതത്വം, അമിതമായ കൂലി എന്നിവ ജില്ലാ ഭരണകൂടം നിരീക്ഷിക്കും. ഇതിന്റെ ഭാഗമായി ഓഫ് റോഡ് സവാരി ആരംഭിക്കുന്ന ഓരോ സെന്ററിലും ഡിടിപിസി കൗണ്ടറുകൾ സ്ഥാപിക്കും.
രാമക്കൽമെട്ട് ആമപ്പാറയിൽ ഡിടിപിസിയുടെ പ്രത്യേക കൗണ്ടർ പ്രവർത്തനം തുടങ്ങി. ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സവാരിയും ഇനിമുതൽ ജില്ലാ ഭരണ നേത്യത്വത്തിന്റെ കീഴിലാകും.